Quantcast

ദിവസവും മൂന്ന് മണിക്കൂറിലധികം സ്മാർട്ട് ഫോണ്‍ ഉപയോഗം; കൗമാരക്കാരിൽ നടുവേദനയടക്കം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ കൂടുന്നെന്ന് പഠനം

പല കുട്ടികൾക്കും അവരുടെ പഠനത്തില്‍പോലും ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ലെന്ന് ഗവേഷകർ

MediaOne Logo

Web Desk

  • Published:

    10 April 2023 10:05 AM GMT

ദിവസവും മൂന്ന് മണിക്കൂറിലധികം സ്മാർട്ട് ഫോണ്‍ ഉപയോഗം; കൗമാരക്കാരിൽ നടുവേദനയടക്കം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ കൂടുന്നെന്ന് പഠനം
X

സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകള്‍ എന്നിവയടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കൂടിയിരിക്കുന്ന കാലമാണിത്. പ്രത്യേകിച്ചും വിദ്യാർഥികളായ കൗമാരക്കാർക്കിടയിൽ. കോവിഡ് മഹാമാരിയോടെ പല സ്‌കൂളുകളുടെയും പഠനം ഓൺലൈൻ മുഖേനയായി. ഇതിന് പിന്നാലെ പഠിക്കാനുള്ളതെല്ലാം മൊബൈൽ വഴിയായി മാറി. ഇതിന് പുറമെ സോഷ്യൽമീഡിയ ആപ്പുകളുടെ ജനപ്രീതിയുമെല്ലാം മൊബൈൽ ഫോണിന്റെ ഉപയോഗം വർധിപ്പിച്ചു. എന്നാൽ മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്ന കൗമാരക്കാർക്കിടയിൽ നടുവേദനയടക്കമുള്ള അസുഖങ്ങൾ കൂടിവരിയാണെന്ന് ബ്രസീലിയൻ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഹെൽത്ത്കെയർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, കൗമാരക്കാരുടെ നടുവേദനക്ക് പ്രധാനകാരണങ്ങളിലൊന്ന് ദിവസം മൂന്ന് മണിക്കൂറിലധികം സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതാണെന്ന് പറയുന്നു. ഇരുന്നും കിടന്നുമെല്ലാം മൊബൈൽ സ്‌ക്രീനിലേക്ക് തുടർച്ചയായി നോക്കുന്നതുമെല്ലാം നടുവേദനക്ക് കാരണമായി.

ബ്രസീലിലെ സാവോ പോളോയിലെ ഇടത്തരം നഗരമായ ബൗറുവിലെ ഹൈസ്‌കൂളിലെ 14-നും 18-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ സർവേയിൽ നിന്നാണ് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചതെന്നും ലേഖനത്തിൽ പറയുന്നു. കോവിഡിന് പിന്നാലെയുണ്ടായ മൊബൈൽ ഫോണിന്റെയും മറ്റ് സ്മാർട്ട് ഇലക്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിലുണ്ടായ വളർച്ചയാണ് നടുവേദനയടക്കമുള്ള രോഗങ്ങൾ വർധിപ്പിച്ചതെന്നും ഗവേഷകർ കണ്ടെത്തി.

ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്, അലസതയും മടിയും , മാനസിക വൈകല്യങ്ങൾ എന്നിവയും നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്നതിന് തെളിവുകൾ കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. സ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇതിനെപ്പറ്റി ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകരിലൊരാളായ ആൽബെർട്ടോ ഡി.വിറ്റ പറഞ്ഞു. നടുവേദന കാരണം പല കുട്ടികൾക്കും അവരുടെ പഠനത്തിലോ കായിക പ്രവർത്തനങ്ങളിലോ ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നില്ലെന്നും ഗവേഷകർ പറയുന്നു.


TAGS :

Next Story