Quantcast

പരസ്പരം മിണ്ടാന്‍ എല്ലാ ദിവസവും മൊബൈലും ടിവിയും ഓഫാക്കി ഒരു ഗ്രാമം

വൈകീട്ട് ഏഴിന് ടിവിയും മൊബൈല്‍ ഫോണും ഓഫാക്കാന്‍ സൈറൺ മുഴങ്ങും

MediaOne Logo

Web Desk

  • Published:

    11 Oct 2022 2:05 PM GMT

പരസ്പരം മിണ്ടാന്‍ എല്ലാ ദിവസവും മൊബൈലും ടിവിയും ഓഫാക്കി ഒരു ഗ്രാമം
X

മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായതോടെ വീടിനുള്ളില്‍ പോലും ആര്‍ക്കും പരസ്പരം മിണ്ടാന്‍ സമയമില്ലെന്ന് പൊതുവെ വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ദിവസവും ഒന്നര മണിക്കൂര്‍ മൊബൈല്‍ ഫോണും ടിവിയും ഓഫാക്കി വെയ്ക്കാന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം തീരുമാനമെടുത്തിരിക്കുകയാണ്.

വദ്ഗാവ് ഗ്രാമത്തിലെ സങ്കിലി ജില്ലയിൽ എല്ലാ ദിവസവും വൈകീട്ട് ഏഴിന് ടിവിയും മൊബൈല്‍ ഫോണും ഓഫാക്കാന്‍ സൈറൺ മുഴങ്ങും. 8.30 വരെ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ ടിവി കാണാനോ പാടില്ല. 8.30ന് വീണ്ടും സൈറൺ മുഴങ്ങുന്നതോടെ ടി.വിയും മൊബൈല്‍ ഫോണും ഓണാക്കും. ആഗസ്ത് 14നാണ് ഈ തീരുമാനമെടുത്തത്. വില്ലേജ് കൗൺസിലിൽ ആണ് ഈ തീരുമാനമെടുത്തതെന്ന് വില്ലേജ് കൗൺസില്‍ പ്രസിഡന്‍റ് വിജയ് മോഹിത് പറഞ്ഞു- "മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ക്ക് മോചനം വേണം"

വദ്ഗാവിൽ ഏകദേശം 3000 ജനങ്ങളുണ്ട്. അതിൽ ഭൂരിഭാഗവും കർഷകരും പഞ്ചസാര മിൽ തൊഴിലാളികളുമാണ്. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികള്‍ക്ക് ടിവിയെയും മൊബൈൽ ഫോണുകളെയും ആശ്രയിക്കേണ്ടിവന്നു. ഈ വർഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മടങ്ങി. ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മൊബൈലിൽ കളിക്കുകയോ ടിവി കാണുകയോ ആണ് മിക്കവരും ചെയ്യാറുള്ളത്. മുതിർന്നവരും മിക്കസമയത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ടിവി കാണുകയോ ചെയ്യുന്നു. മൊബൈലും ടിവിയും ഓഫാക്കാന്‍ തീരുമാനിച്ചതോടെ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നുവെന്നും വിജയ് മോഹിത് പറഞ്ഞു.

മൊബൈലും ടി.വിയും ഓഫ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എല്ലാവരെയും എത്തിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്ന് വിജയ് മോഹിത് പറഞ്ഞു. ആദ്യമെല്ലാം സൈറണ്‍ മുഴക്കിയ ശേഷം മൊബൈലും ടി.വിയും ഓഫ് ചെയ്യണമെന്ന് പറഞ്ഞ് കൗൺസിലിലെ ആളുകൾക്ക് വീടുകൾ തോറും മുന്നിട്ടിറങ്ങേണ്ടി വന്നു. പതുക്കെ എല്ലാവരും ആ ശീലത്തിലേക്ക് എത്തി. ഇപ്പോള്‍ കുട്ടികള്‍ക്ക് കളിക്കാനും ദമ്പതികള്‍ക്ക് പരസ്പരം സംസാരിക്കാനും വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സമയം കിട്ടുന്നുണ്ടെന്നാണ് ഗ്രാമീണരുടെ അഭിപ്രായം.

TAGS :

Next Story