Quantcast

അവനെ കണ്ടുപഠിക്ക്! താരതമ്യം വേണ്ട, എ പ്ലസ് മാത്രമല്ല ജീവിതം; കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കാം

പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും മാർക്കാണ് ജീവിതം നിർണയിക്കുന്നതെന്ന പഴമൊഴി ഇനിയെങ്കിലും കുട്ടികളിൽ കുത്തിവെക്കാതിരിക്കാൻ ശ്രദ്ധിക്കണം

MediaOne Logo

Web Desk

  • Published:

    19 May 2023 1:23 PM GMT

sslc_exam
X

എസ്‌എസ്‌എൽസി റിസൾട്ട് പുറത്തുവന്നിരിക്കുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷാഫലവും പുറത്തുവരും. എ പ്ലസുകളുടെ കണക്കെടുക്കാനുള്ള തിരക്കാകും ഇനി. ഫുൾ എ പ്ലസുകളുമായി ഫ്‌ളക്‌സുകൾ നിറയുമ്പോൾ ഇതിനിടെ സ്വയം ഒതുങ്ങിപ്പോകുന്ന കുട്ടികളെ മനഃപൂർവം അവഗണിക്കരുത്. രക്ഷിതാക്കൾ തന്നെയാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. ബന്ധുക്കളിൽ നിന്നുള്ള കോളുകൾക്ക് നിരന്തരം മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ കുട്ടികളെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

വളരെയധികം മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടാകും കുട്ടികൾ പരീക്ഷയെഴുതിയിട്ടുണ്ടാവുക. എ പ്ലസിന്റെ പേരിൽ ചുറ്റുമുള്ളവർ അഭിനന്ദിക്കപ്പെടുമ്പോൾ അവരുടെ നേട്ടങ്ങൾ ചെറുതായി കാണരുത്. റിസൾട്ട് വന്നതിന് പിന്നാലെ പത്രങ്ങളിൽ നിറയുന്ന ആത്മഹത്യ വാർത്തകൾ നാം കാണാറുണ്ടല്ലോ. ഇന്നത്തെ കുട്ടികളുടെ മാനസികനില അത്രയും ദുർബലമാണ്. ഓരോ ചെറിയ കാര്യങ്ങൾ പോലും അവരെ മാനസികമായി ആഴത്തിൽ തന്നെ ബാധിക്കും.

പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും മാർക്കാണ് ജീവിതം നിർണയിക്കുന്നതെന്ന പഴമൊഴി ഇനിയെങ്കിലും കുട്ടികളിൽ കുത്തിവെക്കാതിരിക്കാൻ ശ്രദ്ധിക്കണം. സർട്ടിഫിക്കറ്റിലെ മാർക്കിനപ്പുറവും ഒരു ജീവിതമുണ്ടെന്ന് അവർക്ക് മനസിലാക്കി കൊടുക്കണം. ഓരോ കുട്ടികളുടെയും കഴിവും അഭിരുചികളും വ്യത്യസ്തമായിരിക്കും. ഇക്കാര്യം ആദ്യം മനസിലാക്കേണ്ടത് രക്ഷിതാക്കളാണ്. മുന്നോട്ട് പോകാൻ ഒരുപാട് വാതിലുകൾ കുട്ടികൾക്ക് തുറന്നുനൽകേണ്ടത് വീടുകളിൽ നിന്ന് തന്നെയാണ്.

കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പോഷക ഗുണങ്ങൾ അടങ്ങിയ ആഹാരങ്ങൾ തിരഞ്ഞെടുത്ത് നൽകുന്നതിൽ ഒരു രക്ഷിതാവും പിന്നിലല്ല. അതുപോലെ തന്നെ അവരുടെ മാനസികനിലക്ക് വേണ്ട പോഷകങ്ങളും നൽകേണ്ടതുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:-

താരതമ്യം വേണ്ട

അവനെ കണ്ടുപഠിക്ക്, അവന്റെ മാർക്ക് കണ്ടോ.. ഇത്തരം ശ്രുതികൾ മിക്ക വീട്ടിലും കുട്ടികൾ നേരിടേണ്ടി വരുന്നുണ്ടാകും. ഇല്ലാത്ത സമ്മർദ്ദം അവർക്കുണ്ടാകാൻ മറ്റ് കാരണങ്ങൾ വേണ്ട. കുട്ടികളുടെ കഴിവിൽ വിശ്വാസം ഉണ്ടാകണം. എല്ലാം അവരെക്കൊണ്ട് പറ്റുമെന്ന് പറയുന്നതിനൊപ്പം ചില കാര്യങ്ങൾ സാധിക്കാതെ പോയാലും സാരമില്ലെന്ന് അവർക്ക് പിന്തുണ നൽകണം. ഇത് കുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പരീക്ഷയില്ല ജീവിതത്തിലെ ഏത് കടമ്പയും അവർക്ക് എളുപ്പമാണെന്ന് തിരിച്ചറിയണം.

അഭിനന്ദിക്കാൻ മടി വേണ്ട

തെറ്റുകണ്ടാൽ വഴക്ക് പറയാൻ മടി കാണിക്കാറില്ലല്ലോ. ശിക്ഷിക്കാൻ കാണിക്കുന്ന അതേ ആവേശം അവരെ പ്രോത്സാഹിപ്പിക്കാനും വേണം. ജയിച്ചാൽ അഭിനന്ദിക്കുന്നത് പോലെ തന്നെ തോൽവിയാണെങ്കിൽ അവർക്കൊപ്പം നിൽക്കണം. മുന്നോട്ട് പോകാനുള്ള ഊർജം നൽകണം. കുട്ടിക്കാലത്ത് പിച്ചവെച്ച് നടക്കുന്നതിനിടെ വീഴുമ്പോൾ ഒരു കൈ നൽകില്ലേ.. അതുപോലെ തന്നെയാകണം എല്ലാം. കുട്ടികൾ ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളിലും അവരെ അഭിനന്ദിക്കണം. നല്ലത് കണ്ടാൽ നല്ലതെന്ന് തന്നെ പറയണം. കണക്കിന് മാർക്ക് കുറഞ്ഞല്ലോ എന്നോർത്ത് പരിഭവം കാണിക്കാതെ മാർക്ക് കിട്ടിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കാൻ മറക്കണ്ട.

ചെവി കൊടുക്കുക

കുട്ടികൾക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാനുള്ള മനസ് കാണിക്കണം. പല കാര്യങ്ങളും കുട്ടികൾ അവഗണിക്കാറുണ്ട്. ശരിയായ ആശയവിനിമയം ഉണ്ടാക്കുക പ്രധാനമാണ്. സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും മാതാപിതാക്കളോട് പങ്കുവെക്കാനുള്ള ഒരു സ്‌പേസ് കുട്ടികൾക്ക് നൽകേണ്ടത് പ്രധാനമാണ്. അവരുടെ ചിന്തകളും സ്വപ്‌നങ്ങളും ഇത്തരത്തിൽ പങ്കുവെക്കുന്നത് കുട്ടികളെ കൂടുതൽ മനസിലാക്കാൻ സഹായിക്കും.

അമിതപ്രതീക്ഷ വേണ്ട

നിങ്ങൾക്ക് സാധിക്കാതെ പോയത് ഒരിക്കലും കുട്ടികളിലൂടെ നേടാനാകുമെന്ന് കരുതരുത്. അവർ ഓരോ വ്യക്തികളാണെന്ന് തിരിച്ചറിയുക. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞുവേണം മുന്നോട്ടുപോകാൻ. നിങ്ങളുടെ അമിത പ്രതീക്ഷകൾ ഒരിക്കലും കുട്ടികളെ ശ്വാസംമുട്ടിക്കാൻ ഇടയാക്കരുത്.

കൂടെ വേണം

വളരെ മത്സരം നിറഞ്ഞ ഒരു അന്തരീക്ഷമാണ് കുട്ടികൾക്ക് ചുറ്റുമുള്ളത്. സ്വയം അവർക്ക് അപകർഷതാബോധം തോന്നുന്ന തരത്തിലുള്ള പ്രവർത്തികൾ സ്‌കൂളിൽ നിന്നോ ട്യൂഷൻ സെന്ററുകളിൽ നിന്നോ നേരിടേണ്ടി വന്നേക്കാം. പുറംലോകത്തെ മാറ്റാൻ നമുക്ക് സാധിക്കില്ല. അതിനാൽ, സമ്മർദത്തെയും ഉത്കണ്ഠയെയും നേരിടാൻ കുട്ടികളെ പരിശീലിപ്പിക്കുക. ആരോഗ്യകരമായ ചിന്തകളുമായി അവയെ ബാലന്‍സ് ചെയ്യാനും പരിശീലിപ്പിക്കണം.

ശാരീരിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നത് പോലെ തന്നെയാണ് മാനസിക പ്രശ്‌നങ്ങൾക്കും. കുട്ടികൾക്ക് കൗൺസിലിംഗ് വേണമെങ്കിൽ നൽകാൻ മടിക്കരുത്. അതവരെ കൂടുതൽ മെച്ചപ്പെടുത്തുകയേയുള്ളൂ.

TAGS :
Next Story