ചായ ഉണ്ടാക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ?; എങ്കിൽ വയറിന് പണി കിട്ടും !
ബാക്കി വന്ന ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ഒട്ടുമിക്ക പേരും ചെയ്യുന്ന കാര്യമാണ്

- Published:
27 May 2026 8:09 AM IST

രാവിലെ ഒരു കപ്പ് നല്ല ചൂടുള്ള ചായ കുടിക്കുന്നത് പലർക്കും വലിയൊരു ആശ്വാസമാണ്. ഒരുദിവസം മുഴുവന്‍ ഉന്മേഷത്തോടെ മുന്നോട്ട് പോകാന്‍ പല നേരങ്ങളില്‍ ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് ചായ കുടിച്ചതിന് തൊട്ടുപിന്നാലെ നെഞ്ചെരിച്ചിലോ വയറിന് കനമോ അനുഭവപ്പെടാറുണ്ട്. ചായ ഉണ്ടാക്കുന്ന രീതിയിൽ വരുത്തുന്ന ചില ചെറിയ പിഴവുകളാണ് പലപ്പോഴും അസിഡിറ്റിയിലേക്കും ഗ്യാസ് ട്രബിളിലേക്കും നയിക്കുന്നത്. ഇതുമൂലം മനസില്ലാ മനസോടെ ചായ കുടി ഉപേക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇതൊരിക്കലും ചായയുടെ മാത്രം കുറ്റമല്ല, മറിച്ച് കുടിക്കുമ്പോളും തയ്യാറാക്കുമ്പോളും നമ്മൾ വരുത്തുന്ന ചെറിയ ചില തെറ്റുകളാണ് ഈ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചായ ഉപേക്ഷിക്കാതെ തന്നെ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.
വെള്ളം നന്നായി തിളപ്പിക്കാത്തത്
പലരും ചായ ഉണ്ടാക്കുമ്പോൾ വരുത്തുന്ന പ്രധാന തെറ്റുകളിലൊന്ന് തിടുക്കം കൂട്ടുന്നതാണ്. വെള്ളം ചെറുതായി ചൂടാകുമ്പോഴേക്കും ചായപ്പൊടിയും ഏലയ്ക്ക പോലുള്ള മസാലകളും അതിലേക്ക് ഇട്ടേക്കാം. ഇത് ചായയുടെ യഥാർഥ രുചി കുറയ്ക്കുകയും ദഹനപ്രശ്നങ്ങൾക്ക് ഈ ഒരു പ്രശ്നം ഒഴിവാക്കാൻ ചായ ഉണ്ടാക്കുന്ന സമയത്ത് വെള്ളം നന്നായി ചൂടാക്കിയതിന് ശേഷം മാത്രം മസാലകളും ചായപ്പൊടിയും ചേർക്കുക. ഇത് മസാലകളുടെ ഗുണങ്ങൾ പൂർണ്ണമായി പുറത്തുവിടാനും ദഹനപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
പാലിന്‍റെ അമിത ഉപയോഗം
നിങ്ങൾ കുടിക്കുന്ന ചായയിൽ വെള്ളത്തേക്കാൾ കൂടുതൽ പാലാണോ അടങ്ങിയിരിക്കുന്നത്? എങ്കിൽ നിങ്ങളുടെ അസിഡിറ്റിയുടെ പ്രധാന കാരണം ഇതാകാം. പാൽ അമിതമായി ചേർത്ത കട്ടിയുള്ള ചായ ദഹിക്കാൻ പ്രയാസമാണ്. ഇത് വയറ്റിൽ ഗ്യാസ് നിറയാൻ കാരണമാകുന്നു. ഇത് അസിഡിറ്റി,നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
ചായയിൽ പാലിന്റെ അളവ് കുറയ്ക്കുക എന്നതാണ് ഇതിന് പരിഹാരം. അല്ലെങ്കിൽ ബ്ലാക്ക് ടീ (കട്ടൻ ചായ) ശീലമാക്കുക. പാൽ ചായ തന്നെയാണ് ഇഷ്ടമെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം പാൽ ചേർത്ത് ചായ ലൈറ്റ് ആക്കി മാറ്റുക. ഇത് വയറിന് കൂടുതൽ സുഖം നൽകും.ചായ എത്ര ലഘുനാകുന്നോ അത്രയും അത് നമ്മുടെ വയറിന് സുഖകരമാണ്.
ചായപ്പൊടി നേരത്തെ ചേർക്കുന്നത്
ചായ ഉണ്ടാക്കാനായി വെള്ളം അടുപ്പില്‍ വെച്ച ഉടന്‍ പഞ്ചസാരയോടുമൊപ്പം ചായപ്പൊടിയും ചേർക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ശരിയായ രീതിയല്ല. ആദ്യം വെള്ളവും പാലും പഞ്ചസാരയും ചേർത്ത് കുറച്ചു മിനിറ്റ് നന്നായി തിളപ്പിക്കുക. ഇത് പഞ്ചസാര പൂർണ്ണമായി അലിയാനും പാലും വെള്ളവും നന്നായി യോജിക്കാനും സഹായിക്കും. അതിനുശേഷം മാത്രം ചായപ്പൊടി ചേർക്കുക.
ചായപ്പൊടി അമിതമായി തിളപ്പിക്കുന്നത്
കടുപ്പമേറിയ ചായ ഇഷ്ടപ്പെടുന്നവർ ഇതൊന്ന് ശ്രദ്ധിക്കുക. ചായപ്പൊടി അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. കൂടുതൽ ചായപ്പൊടി ചേർക്കുന്നതും അത് കൂടുതൽ സമയം തിളപ്പിക്കുന്നതും 'ടാനിൻ' എന്ന ഘടകത്തിന്റെ അളവ് കൂട്ടും. ഇത് നിങ്ങളുടെ വയറിന് അസ്വസ്ഥത ഉണ്ടാക്കാം.
ചായപ്പൊടി ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, ഒപ്പം അത് എറ്റവും ഒടുവിൽ മാത്രം ചേർക്കുക. ചായപ്പൊടി ഇട്ട ശേഷം പാത്രം അടച്ചുവെച്ച് 1-2 മിനിറ്റ് മാത്രം ചെറുതീയിൽ തിളപ്പിക്കുക. ചായയ്ക്ക് നല്ല നിറവും രുചിയും ലഭിക്കാൻ ഇത് മാത്രം മതിയാകും. മാത്രവുമല്ല ചായ കയ്പ്പുള്ളതാകുകയുമില്ല.
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത്
ബാക്കി വന്ന ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് നമ്മളെല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് ചായപ്പൊടിയിലെ ടാനിന്റെ അളവ് കൂട്ടുകയും ചായയെ കൂടുതൽ അസിഡിറ്റി ഉള്ളതാക്കി മാറ്റുകയും ചെയ്യും. ഇത് ചായയുടെ രുചിയെ മാത്രമല്ല, നിങ്ങളുടെ ദഹനാരോഗ്യത്തെയും സാരമായി ബാധിക്കും.
അതുകൊണ്ട് ഒരു തവണ കുടിക്കാൻ ആവശ്യമുള്ളത്ര ചായ മാത്രം തയ്യാറാക്കുക. ചായ വീണ്ടും വീണ്ടും തിളപ്പിക്കുന്നതും ചൂടാക്കുന്നതും പൂർണ്ണമായി ഒഴിവാക്കുക.
ചായയില്ലാത്ത ഒരു ദിവസം പോലും നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. അതുകൊണ്ട് തന്നെ ചായ കുടി പൂർണ്ണമായി ഉപേക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചായ ഉണ്ടാക്കുന്ന രീതിയിൽ നമ്മൾ വരുത്തുന്ന അശ്രദ്ധ നമ്മുടെ ദഹനാരോഗ്യത്തെയും പ്രതിദിന ഉന്മേഷത്തെയും മോശമായി ബാധിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി പാലിച്ചാല്‍ ചായ കുടിച്ചതിന് പിന്നാലെയുണ്ടാകുന്ന അസിഡിറ്റിയെന്ന വില്ലനെ അകറ്റി നിർത്താനും അതിന്റെ യഥാർത്ഥ രുചി ആസ്വദിക്കാനും സാധിക്കും.
Adjust Story Font
16
