Quantcast

മുടി നന്നായി കൊഴിയുന്നുണ്ടല്ലേ? ഉറക്കം ശരിയാക്കിക്കോളൂ, ഫലമുണ്ടാകും !

മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ ഒരാളുടെ സ്‌ട്രെസ് ലെവൽ പിടിവിട്ട് പായുമെന്നാണ് പൊതുവേ പറയാറ്

MediaOne Logo

Web Desk

  • Published:

    29 April 2024 1:37 PM GMT

The connection between hair growth and good sleep
X

ശരീരത്തിന്റെയാകെ ആരോഗ്യത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. ബുദ്ധി നന്നായി പ്രവർത്തിക്കാനും, കോശങ്ങളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനുമെല്ലാം ആവശ്യത്തിന് ഉറക്കം കിട്ടിയേ തീരൂ.

ഉറക്കം കുറവുള്ളവരിൽ ഓർമക്കുറവ്, വിഷാദരോഗം, ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകൾ എന്നിവയൊക്കെ പൊതുവായി കണ്ടുവരുന്ന പ്രശ്‌നങ്ങളാണ്. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, ത്വക്ക് രോഗങ്ങൾ, ശരീരം മെലിച്ചിൽ എന്നിവയ്ക്കും മതിയായ ഉറക്കം ലഭിക്കാത്തത് കാരണമായേക്കാം. ഇവയൊക്കെ നാം സ്ഥിരം ആരോഗ്യപംക്തികളിൽ വായിക്കാറുള്ള കാര്യങ്ങളാണെങ്കിൽ, അധികം അങ്ങനെ കേട്ടുകേൾവിയില്ലാത്ത ഒന്നാണ് ഉറക്കവും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം.

ഉറക്കം കുറഞ്ഞാൽ മുടി ധാരാളമായി കൊഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എങ്ങനെയാണ് ഉറക്കവും മുടികൊഴിച്ചിലും തമ്മിൽ ബന്ധമെന്ന് അറിയണമെങ്കിൽ ആദ്യം മുടി എങ്ങനെയാണ് വളരുന്നത് എന്നറിയണം. നിരവധി ഘട്ടങ്ങളുള്ള അതിസങ്കീർണമായ ഒരു വളർച്ചയാണ് മുടിയുടേതും. തലയോട്ടിയിലുള്ള ഓരോ ഫോളിക്കിളും അനേകം തവണ മാറ്റങ്ങൾക്ക് വിധേയമായാണ് ഓരോ മുടിയിഴയുമുണ്ടാകുന്നത്. ഹെയർ ഫോളിക്കിളുകൾ കാര്യക്ഷമമാവണമെങ്കിൽ അവയ്ക്കാവശ്യമാണ് പോഷകങ്ങളും വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യവും കൂടിയേ തീരൂ.

മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ ഒരാളുടെ സ്‌ട്രെസ് ലെവൽ പിടിവിട്ട് പായുമെന്നാണ് പൊതുവേ പറയാറ്. മാനസിക പിരിമുറുക്കവും അമിത ടെൻഷനുമൊക്കെ ഉള്ളവരിൽ മുടി ധാരാളമായി കൊഴിയുന്നത് ശ്രദ്ധിച്ച് കാണുമല്ലോ. മാനസിക പിരിമുറുക്കം അനിയന്ത്രിതമായാൽ കോർട്ടിസോൾ എന്ന ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടും. മുടിവളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഹോർമോണുകളിൽ പ്രധാനിയാണിത്.

കോർട്ടിസോൾ ഹെയർ ഫോളിക്കുകളെ അതിന്റെ റെസ്റ്റിംഗ് ഫേസിന് സഹായിക്കും. അതായത്, മുടി വളരുന്നതിനേക്കാൾ മുടി കൊഴിച്ചു കളയുന്നതിനായിരിക്കും ഫോളിക്കുകൾക്ക് ഈ സാഹചര്യത്തിൽ കൂടുതൽ 'താല്പര്യം'. ഉറക്കമില്ലായ്മ രക്തയോട്ടത്തെയും ബാധിക്കുന്നുണ്ട് എന്നതിനാൽ ആവശ്യത്തിന് ഓക്‌സിജൻ ഹെയർ ഫോളിക്കുകളിലെത്താത്തതും മുടി വളരാത്തതിന് കാരണമാകും.

മുടി വളർച്ചയെ സ്വാധീനിക്കുന്ന മറ്റൊരു ഹോർമോൺ ആണ് മെലാടോണിൻ. ഉറക്കം കുറയുന്നത് ശരീരത്തിൽ മെലാടോണിന്റെ അളവ് കുറയ്ക്കുകയും തത്ഫലമായി മുടി വളരാതിരിക്കുകയും ചെയ്യും. ഇത് കൂടാതെ ഉറക്കമില്ലായ്മ ശരീരത്തിന്റെയാകെ പ്രതിരോധശക്തിയെ ബാധിക്കും എന്നതിനാൽ ഇതും മുടി ധാരാളമായി കൊഴിയുന്നതിന് കാരണമാണ്.

ഇനി മുടി കൊഴിച്ചിലാകട്ടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളാകട്ടെ 7-9 മണിക്കൂർ വരെ ഉറക്കം ഒരു ശരാശരി മനുഷ്യന്റെ ദിനചര്യയുടെ ഭാഗമാകണം. കിടക്കുന്നതിന് ഒരു ശീലമുണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യപരമായ അന്തരീക്ഷമാവണം ഉറങ്ങാൻ കിടക്കുമ്പോൾ വേണ്ടത്. ഉറങ്ങാൻ കാപ്പിയും ചായയുമൊക്കെ കുടിക്കുന്നത് പാടേ ഒഴിവാക്കണം.

നന്നായി ഉറങ്ങിയാൽ മുടി കൊഴിയില്ല എന്നല്ല പറഞ്ഞു വയ്ക്കുന്നത് എന്ന് ഊഹിക്കാമല്ലോ. മുടി വളരാനാവശ്യമായ പോഷകങ്ങൾ ഭക്ഷണം ഉൾപ്പെടുത്തേണ്ടതും വളരെ പ്രധാനമാണ്. ആവശ്യത്തിന് വ്യായാമവും വേണം.

സോഴ്സ്: https://hairfreehairgrow.com/

TAGS :

Next Story