Quantcast

യഥാർത്ഥ വില്ലൻ മയോണൈസ്? ഭക്ഷ്യവിഷബാധ വരുന്ന വഴികളെ കരുതിയിരിക്കാം

ഭക്ഷ്യവിഷബാധകൾ ജീവൻ കവരുന്ന നിലയിൽ ആവർത്തിക്കുന്നതോടെ പ്രതിവിധിയെന്തെന്നറിയാതെ ഭീതിയിലാണ് ജനം

MediaOne Logo

Web Desk

  • Updated:

    2023-01-08 05:58:05.0

Published:

8 Jan 2023 5:35 AM GMT

യഥാർത്ഥ വില്ലൻ മയോണൈസ്? ഭക്ഷ്യവിഷബാധ വരുന്ന വഴികളെ കരുതിയിരിക്കാം
X

ഭക്ഷ്യവിഷബാധകൾ ജീവൻ കവരുന്ന നിലയിൽ ആവർത്തിക്കുന്നതോടെ പ്രതിവിധിയെന്തെന്നറിയാതെ ഭീതിയിലാണ് ജനം. പഴകിയതും മലിനവുമായ ഭക്ഷണം മുതൽ രുചിക്കായി ചേർക്കുന്ന അശാസ്ത്രീയ ചേരുവകളും, നിറവും, മണവും കൂട്ടാൻ ഉപയോഗിക്കുന്ന പൊടിക്കൈകളും വരെ കഴിക്കുന്നവന്‍റെ വയറ്റത്തടിക്കുകയാണ്. വിളമ്പുന്നവർക്കൊപ്പം കഴിക്കുന്നവരും ജാഗ്രത പാലിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.

പഴകിയ ആഹാരം ഉപയോഗിക്കരുതെന്നതാണ് ഏറ്റവും പ്രധാനം. കഴിക്കാൻ വാങ്ങുന്ന വിഭവവും, വാങ്ങുന്ന സ്ഥലവും ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കി ഉപയോഗിക്കുന്നതും , ബേക്കറിയിലെ സമയപരിധി കഴിഞ്ഞ പലഹാരങ്ങളുമെല്ലാം വയറിനെ കുഴപ്പത്തിലാക്കും. ഭക്ഷണം തയ്യാറാക്കുമ്പോഴും സുക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും പാളിച്ചയും വൃത്തിയില്ലായ്മയുമെല്ലാം ഭക്ഷ്യവിഷബാധയിലേക്ക് വഴിതുറക്കാം. ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പാഴാകുമ്പോഴുണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ചമൂലമോ ഭക്ഷ്യവിഷബാധയുണ്ടാകാം. പൊടിപടലങ്ങളിൽനിന്നും മലിന ജലത്തിൽനിന്നും ബാക്ടീരിയ ഭക്ഷണത്തിൽ കലരാം.

ഭക്ഷ്യവിഷബാധ പലവിധം

. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. അസംസ്കൃത മാംസത്തിലാണ് ഇവ അധികമായി കാണുന്നത്. സുരക്ഷിതമല്ലാത്ത ഊഷ്മാവിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ഇവ വളർന്ന് പെരുകും.

. സ്റ്റെഫൈലോ കോക്കസ് ഓറിയസ് മൂലമുള്ള അണുബാധകളിൽ ആറു മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. നന്നായി പാകം ചെയ്യാത്ത മാംസം, സാലഡ്സ്, സോസുകൾ എന്നിവയിൽ നിന്നാണ് സാധാരണയായി പകരുന്നത്.

. ക്ലോസ്ട്രിഡിയം ബോട്ടുലിനം അണുബാധ ടിന്നിലടച്ച മാംസം, മത്സ്യം എന്നിവ കൂടുതൽ സമയം പുറത്തുവെക്കുന്നത് മൂലമുണ്ടാകുന്നതാണ്. 12 മണിക്കൂർ മുതൽ 72 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.

. ക്ലോസ്ട്രിഡിയം പെർഫ്രിൻജസ് അണുബാധ ലക്ഷണങ്ങൾ എട്ടുമുതൽ 16 മണിക്കൂറുകൾക്കുള്ളിൽ പ്രകടമാകുന്നു. വേണ്ടവിധം പാകം ചെയ്യാത്ത ബീഫ്, മലിനജലം എന്നിവയിൽ നിന്നാണ് ഇ കോളി അണുബാധയുണ്ടാകുന്നത്. ഒന്നുമുതൽ എട്ടു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണും.

. സാൽമൊണല്ല ബാധ ഒന്നുമുതൽ മൂന്നു ദിവസത്തിനുള്ളിൽ പ്രകടമാകും. കാര്യമായി പാകം ചെയ്യാത്ത ഇറച്ചി, മുട്ട, പാൽ എന്നിവയാണ് അണുബാധക്ക് കാരണം.

. കാംപൈലോ ബാക്ടർ അണുബാധ ഇറച്ചി, മുട്ട, പാൽ എന്നിവയിൽ നിന്ന് ഉണ്ടാകുന്നതാണ്. രണ്ടുമുതൽ അഞ്ചു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുന്നു.

ലക്ഷണങ്ങള്‍

രോഗകാരികൾക്ക് അനുസൃതമായി ലക്ഷണങ്ങൾക്ക് മാറ്റം വരും. ഭക്ഷണം കഴിച്ച ശേഷം മനംപുരട്ടൽ, ഛർദി, രക്തത്തോടുകൂടിയതോ അല്ലാതെയോ വയറിളക്കം, വയറുവേദന, പനി, തരിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭക്ഷണം കഴിച്ചശേഷം ആദ്യ മണിക്കൂറിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകാം. ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കിൽ മൂന്ന് മണിക്കൂറിനകം ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒ.ആ ർ.എസ് ലായനി തുടങ്ങിയവ കുടിക്കാൻ നൽകണം. ശരീരത്തിൽ ജലാംശം കുറയാതെ നോക്കണം. ഛർദി ആവർത്തിക്കുക, ഒരുദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളർന്ന് അവശനിലയിലാകുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തിൽ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങൾ കണ്ടാലുടനെ ആശുപത്രിയിൽ എത്തിക്കണം.

വില്ലൻ മയോണൈസ്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മയോണൈസ്. സാൻഡ്‌വിച്ചുകളിലും ഫ്രഞ്ച് ഫ്രൈസുകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള തണുത്ത കെച്ചപ്പ് അല്ലെങ്കിൽ ഡ്രസിങ് ആണ് മയോണൈസ്. മലയാളിയുടെ മാറുന്ന ഫാസ്റ്റ് ഫുഡ് ശീലത്തിലും മയോണൈസ് ഒഴിവാക്കാനാവാത്ത വിഭവമായി മാറിയിരിക്കുന്നു.

മയോണൈസ് റഫ്രിജറേറ്ററിൽ സൂക്ഷിക്കാത്തപക്ഷം രണ്ട് മണിക്കൂറിനുള്ളിൽ കേടാകുമെങ്കിലും പല ഹോട്ടലുകളിലും മണിക്കൂറുകളോളം പുറത്ത് വെക്കുകയാണ് ചെയ്യുന്നത്. മുട്ട, എണ്ണ, വെളുത്തുള്ളി, വിനാഗിരി, ഉപ്പ് മുതലായവ ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. മയോണൈസ് പാർസൽ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മുന്നറിയിപ്പ്. മാർക്കറ്റിൽ മുട്ട ചേർക്കാത്ത വെജിറ്റേറിയൻ മയോണൈസും ലഭ്യമാണ്. എന്നാൽ കേരളത്തിൽ കൂടുതലും മുട്ട ചേർത്ത മയോണൈസാണ് ഉപയോഗിക്കുന്നത്. രണ്ട് മണിക്കൂറിനകം ഉണ്ടാക്കിയ മയോണൈസാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്തണം.

കുഴിമന്തിയും അൽഫാമും ഷവർമയുമൊക്കെ ഭക്ഷ്യവിഷബാധയിലെ പ്രധാന കണ്ണികളാകുമ്പോള്‍ ഇവർക്ക് പിന്നിലിരുന്ന് ഊറി ചിരിക്കുന്ന മയോണൈസിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. സാൽമൊണല്ല ബാധ ഉണ്ടാക്കുന്ന മയോണൈസ് അതിവേഗം ഭക്ഷ്യയോഗ്യമല്ലാതാകും എന്നതാണിതിന് കാരണം.

TAGS :

Next Story