Quantcast

'അജ്ഞാത രൂപം അടുത്ത് വന്നിരിക്കുന്നു, അനങ്ങാന്‍ വിടാതെ കെട്ടിപ്പിടിക്കുന്നു'; ഉറക്കത്തിനിടെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടോ?

ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിരിക്കെ ശരീരത്തിലെ പേശികള്‍ക്ക് ഏതാനും നിമിഷം ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണിത്

MediaOne Logo
understanding sleep paralysis
X

ഗാഢമായ ഉറക്കത്തില്‍ നിന്ന് ഉണരുകയായിരിക്കും നിങ്ങള്‍. അപ്പോഴതാ മുറിയില്‍ അജ്ഞാതനായ ഒരു വ്യക്തി. നിങ്ങളുടെ തലയുടെ ഭാഗത്തായി വന്നിരിക്കുന്നു. ആകെ ഭയന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കൈകാലുകള്‍ അനങ്ങുന്നില്ല. അടുത്തുവന്നിരുന്ന രൂപം നിങ്ങളുടെ കൈകാലുകള്‍ അനങ്ങാന്‍ വിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്. കണ്ണു തുറക്കാന്‍ ശ്രമിച്ചിട്ട് അതിനും സാധിക്കുന്നില്ല. ഇങ്ങനെയൊരു അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ? ഉറക്കത്തിനിടെ അജ്ഞാത രൂപം ദേഹത്തേക്ക് വന്നുവീഴുന്നതായി തോന്നിയിട്ടുണ്ടോ? അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും സംഭവിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടോ? ഭൂതമോ പ്രേതമോ അല്ല ഈ 'അജ്ഞാത രൂപം'. സ്ലീപ് പരാലിസിസ് എന്ന അവസ്ഥയാണിത്.

എന്താണ് സ്ലീപ് പരാലിസിസ്?

ഉറക്കത്തിനിടെ ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുകയും എന്നാല്‍ പ്രതികരിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണ് സ്ലീപ് പരാലിസിസ് എന്ന് പറയുന്നത്. പൂര്‍ണ്ണ ബോധമുണ്ടായിരിക്കെ തന്നെ ശരീരത്തിലെ പേശികള്‍ക്ക് ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നെഞ്ചില്‍ അമിതമായി ഭാരം അനുഭവപ്പെടും. അടുത്ത് അജ്ഞാത രൂപം വന്നിരിക്കുന്നതായി തോന്നും. കൈകാലുകള്‍ ബലമായി പിടിച്ചുവെച്ചതുപോലെയുമുണ്ടാകും. ചിലര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അമിതമായി വിയര്‍ക്കുകയും പേശികള്‍ വലിഞ്ഞ് മുറുകുകയും തലവേദനയുണ്ടാവുകയും ചെയ്യും. ഏതാനും സെക്കന്റുകള്‍ മാത്രമാണ് ഒരു വ്യക്തിയില്‍ സ്ലീപ് പരാലിസിസ് നീണ്ടുനില്‍ക്കുക. പിന്നീട് സാവധാനം ശരീരത്തിന്റെ ചലനശേഷി തിരിച്ചുകിട്ടും.

കൃത്യമായി ഉറക്കം കിട്ടാത്തവരിലാണ് സ്ലീപ് പരാലിസിസ് സംഭവിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഒരാള്‍ ഉറക്കം ഉണര്‍ന്നു കഴിഞ്ഞിട്ടും തലച്ചോര്‍ അയാളുടെ ചലനശേഷി തിരികെ കൊടുക്കാത്ത സാഹചര്യമാണിത്. നമ്മള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിട്ടുണ്ടാവും പക്ഷേ ശരീരത്തിന്റെ മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥ. ചിലര്‍ക്ക് പറക്കുന്നതായും ചിലര്‍ക്ക് നെഞ്ചില്‍ വലിയ ഭാരം കയറ്റി വെച്ചതുപോലെയും അനുഭവപ്പെടാറുണ്ട്.

ഇതിന്റെ ശാസ്ത്രീയവശം നോക്കിയാല്‍, റെം സ്ലീപ് (റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്) എന്ന ഘട്ടം നമുടെ ഉറക്കത്തിലുണ്ട്. സ്വപ്നങ്ങള്‍ കാണുന്നത് ഈ ഘട്ടത്തിലാണ്. സ്വപ്നത്തില്‍ കാണുന്നതിന് അനുസരിച്ച് നമ്മള്‍ കൈകാലുകള്‍ ചലിപ്പിക്കുന്നത് വലിയ അപകടം ആകുമെന്നതിനാല്‍ തലച്ചോര്‍ നമ്മുടെ ശരീരത്തിന്റെ ചലനശേഷി താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യും. ഈ ഘട്ടത്തില്‍ ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ ചിലപ്പോള്‍ റെം സ്ലീപ്പില്‍ നിന്ന് പൂര്‍ണ്ണമായും നമ്മള്‍ മുക്തരായിട്ടുണ്ടാവില്ല. ഉറക്കം ഉണര്‍ന്നു, പക്ഷേ ശരീരത്തിന് ചലനശേഷിയില്ലാത്ത അവസ്ഥ. ഇതിനൊപ്പം ചിലര്‍ക്ക് മതിഭ്രമം (hallucination) കൂടി സംഭവിക്കും. ഇതോടെയാണ് മുറിയില്‍ അജ്ഞാത രൂപമുള്ളതായി തോന്നുന്നത്. അടുത്ത് ആരോ കിടക്കുന്നത് പോലെ തോന്നുക, ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ കേള്‍ക്കുക എന്നിവയൊക്കെ സ്ലീപ് പരാലിസിസിന്റെ ഭാഗമാണ്.

എന്തുകൊണ്ട് സ്ലീപ് പരാലിസിസ്?

ഉറക്കമില്ലായ്മ, കുറെ നേരം ഉറങ്ങാതെ ഇരിക്കുന്നത്, കൃത്യമായ സമയക്രമമില്ലാത്ത ഉറക്കം, നാര്‍കോലെപ്സി, മാനസിക സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സ്ലീപ് പരാലിസിസ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഉറങ്ങി തുടങ്ങുമ്പോഴോ ഉണരുമ്പോഴോ ആണ് സാധാരണയായി ഇത് അനുഭവപ്പെടാറ്. 10ല്‍ നാല് പേര്‍ക്കും ജീവിതത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്ലീപ് പരാലിസിസ് അനുഭവപ്പെടാറുണ്ടെന്നാണ് കണക്കാക്കുന്നത്.

സ്ലീപ് പരാലിസിസ് നിയന്ത്രിക്കാന്‍ കൃത്യമായ ഉറക്കക്രമം പാലിക്കുക, രാത്രി വൈകി സ്‌ക്രീന്‍ ഒഴിവാക്കുക, മാനസിക സമ്മര്‍ദ്ദം കുറക്കുക എന്നിവ ശീലമാക്കാം. സ്ലീപ് പരാലിസിസിനെ ചികിത്സ തേടേണ്ട അവസ്ഥയായി സാധാരണ കാണാറില്ല. എന്നാല്‍, ആളുകള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഭയക്കുന്നതിനാല്‍ മാനസികമായ പ്രയാസങ്ങള്‍ നേരിട്ടേക്കാം. ചിലര്‍ക്ക് ഇരുട്ടിനെ ഭയം തോന്നും, ഒറ്റയ്ക്ക് ഉറങ്ങാന്‍ ഭയം തോന്നും. സ്ലീപ് പരാലിസിസ് തുടര്‍ച്ചയായി അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടണം.

കൃത്യമായ ഉറക്കം ലഭിക്കാന്‍ പ്രയാസമനുഭവപ്പെടുന്നവര്‍ രാവിലെ കുറച്ച് നേരം വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രാത്രി കിടക്കുന്ന സമയത്തിന് ഒരു നാല് മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യുക. രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് നല്ല ഹെവി ഫുഡ് കഴിക്കാതിരിക്കാം. മദ്യപാനം, പുകവലി, കാപ്പി എന്നിവ കുറക്കണം.

TAGS :
Next Story