ഹാർട്ട് അറ്റാക്കും കാർഡിയാക് അറസ്റ്റും ഒന്നാണോ? നാനാ പടേക്കറുടെ വിയോഗം നൽകുന്ന മുന്നറിയിപ്പ്
വീട്ടിൽ ആരെങ്കിലും പെട്ടെന്ന് കുഴഞ്ഞുവീണാൽ ആംബുലൻസിനോ മെഡിക്കൽ സംഘത്തിനോ വേണ്ടി കാത്തിരിക്കുന്ന സമയത്ത് കുടുംബാംഗങ്ങൾ അയാളുടെ നെഞ്ചിൽ അമർത്തിക്കൊണ്ടിരിക്കണം

പ്രശസ്ത ബോളിവുഡ് നടൻ നാനാ പട്ടേക്കർ(75) കാർഡിയാക് അറസ്റ്റിനെ തുടർന്ന് അന്തരിച്ചെന്ന വാർത്ത തികച്ചും അപ്രതീക്ഷിതമായിരുന്നു. ഗോവയിലെ വസതിയിൽ വെച്ചാണ് അദ്ദേഹത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് മണിപ്പാൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാത്ത നിലയിലായി. ഡോക്ടർമാർ ഏകദേശം 45 മിനിറ്റിലധികം തുടർച്ചയായി സിപിആർ ഉൾപ്പെടെ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നാനാ പടേക്കറുടെ വിയോഗം, ഹൃദയാഘാതവും കാർഡിയാക് അറസ്റ്റും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സിപിആർ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്.
പലപ്പോഴും ആളുകൾ ഹാർട്ട് അറ്റാക്കും കാർഡിയാക് അറസ്റ്റും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ആരോഗ്യസ്ഥിതികളാണ്.
കാർഡിയാക് അറസ്റ്റ്: രക്തം പമ്പ് ചെയ്യുന്നത് ഹൃദയം പെട്ടെന്ന് പൂർണമായി നിർത്തുന്ന അവസ്ഥയാണിത്. ഇത് സംഭവിക്കുമ്പോൾ തലച്ചോറിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കും ഓക്സിജൻ ലഭ്യമല്ലാതാകുകയും വ്യക്തി പെട്ടെന്നുതന്നെ ബോധംകെട്ട് വീഴുകയും ശ്വാസോച്ഛ്വാസം നിലയ്ക്കുകയും ചെയ്യുന്നു. ഇത് ഏതാനും മിനിറ്റുകൾക്കകം മാരകമായേക്കാം.
ഹാർട്ട് അറ്റാക്ക്: ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിന് തടസ്സമുണ്ടാകുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഇത് ഹൃദയപേശികൾക്ക് കേടുപാടുകൾ വരുത്തുന്നു. ചില സന്ദർഭങ്ങളിൽ കടുത്ത ഹാർട്ട് അറ്റാക്ക് കാർഡിയാക് അറസ്റ്റിലേക്ക് നയിച്ചേക്കാം. എങ്കിലും ഇവ രണ്ടും ഒന്നല്ല.
കാർഡിയാക് അറസ്റ്റ് സംഭവിച്ചാൽ ഉടനടി സിപിആർ നൽകുകയും എത്രയും പെട്ടെന്ന് ഡിഫിബ്രിലേറ്റർ ഉപയോഗിക്കുകയും വേണം. കാർഡിയാക് അറസ്റ്റ് സംഭവിച്ച് രണ്ട് മിനിറ്റിനുള്ളിൽ തന്നെ സിപിആർ ആരംഭിക്കേണ്ടതാണ്. കൃത്യസമയത്ത് ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഓരോ മിനിറ്റിലും അതിജീവനത്തിനുള്ള സാധ്യത 7 മുതൽ 10 ശതമാനം വരെ കുറയുമെന്ന് ഇന്ത്യൻ സിപിആർ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ പ്രവർത്തിച്ച എയിംസ് പ്രൊഫസർ ഡോ. രാകേഷ് ഗാർഗ് വ്യക്തമാക്കുന്നു.
ഏത് സാധാരണക്കാരനും സിപിആർ ചെയ്യാവുന്നതാണ്. അതിന് പ്രത്യേകം പരിശീലനം വേണമെന്നോ വായുമാർഗം ശ്വാസോച്ഛ്വാസം കൊടുക്കണമെന്നോ ഇല്ല. കൈകൾ ഉപയോഗിച്ച് നെഞ്ചിൽ അമർത്തിക്കൊണ്ടിരുന്നാൽ മതി. നെഞ്ചിൽ അമർത്തുമ്പോൾ അത് ഒരു മാനുവൽ പമ്പ് പോലെ പ്രവർത്തിക്കുകയും പ്രൊഫഷണൽ വൈദ്യസഹായം എത്തുന്നതുവരെ തലച്ചോറിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കും രക്തചംക്രമണം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
രക്തയോട്ടം ദീർഘനേരം തടസ്സപ്പെടുന്നത് തലച്ചോറിലേക്കുള്ള ഓക്സിജൻ ലഭ്യത ഇല്ലാതാക്കുകയും തലച്ചോറിന് പരിക്കേൽക്കാൻ കാരണമാവുകയും ചെയ്യും. എട്ട് മുതൽ പത്ത് മിനിറ്റുകൾ വരെ സിപിആർ നൽകാതെ വന്നാൽ രക്ഷപ്പെടാനുള്ള സാധ്യത കുറയും. പതിനഞ്ച് മിനിറ്റോളം വൈകിയാൽ തലച്ചോറിന് സ്ഥിരമായ പരിക്കുകൾ സംഭവിക്കാം.
വീട്ടിൽ ആരെങ്കിലും പെട്ടെന്ന് കുഴഞ്ഞുവീണാൽ ആംബുലൻസിനോ മെഡിക്കൽ സംഘത്തിനോ വേണ്ടി കാത്തിരിക്കുന്ന സമയത്ത് കുടുംബാംഗങ്ങൾ നെഞ്ചിൽ അമർത്തിക്കൊണ്ടിരിക്കണമെന്നും ഡോ. രാകേഷ് ഗാർഗ് ഓർമിപ്പിക്കുന്നു. ഹൃദ്രോഗ സാധ്യതയുള്ളവരാണെങ്കിൽ കാരണമറിയാത്ത ലക്ഷണങ്ങൾ അവഗണിക്കരുത്. ഒറ്റയ്ക്ക് താമസിക്കുന്നവരാണെങ്കിൽ ഇത്തരം മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
Adjust Story Font
16

