Quantcast

കാൻസറിനെ പേടിക്കേണ്ട; അൽപം ശ്രദ്ധിച്ചാൽ അകറ്റി നിർത്താം

ജീവിതശൈലിയിലെ മാറ്റങ്ങളും ശരിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളും രോഗ സാധ്യത കുറയ്ക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-27 15:06:27.0

Published:

27 Feb 2023 2:58 PM GMT

cancer, health, health news
X

അസാധാരണമായ കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് കാൻസർ. ഇന്നത്തെ സാഹചര്യത്തിൽ കാൻസർ വരാനുള്ള സാധ്യത ഏറെയാണ്. നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളും ശരിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളും രോഗ സാധ്യത കുറയ്ക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാൻസർ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുക എന്നതാണ് കാൻസർ സ്‌ക്രീനിംഗിന്റെ പ്രധാന ലക്ഷ്യം

കാൻസറിനെ തടയാൻ നമുക്ക് സ്വീകരിക്കാവുന്ന ചില മാർഗങ്ങൾ

വാക്‌സിൻ

ചില തരത്തിലുള്ള വാക്‌സിനുകൾ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഹ്യൂമൺ പാപ്പിലാമോ വൈറസ് എന്ന വാക്‌സിൻ സ്ത്രീകളിലെ ഗർഭാശയ കാൻസർ, മലദ്വാരത്തിലെ കാൻസർ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ എടുക്കുന്നത് കരളിലെ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

പുകവലി ഒഴിവാക്കുക

പുകവലി ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. പുകവലിക്കുന്നവർക്ക് അന്നനാളം, മൂത്രസഞ്ചി, വൃക്ക, കരൾ, ഗർഭാശയം, പാൻക്രിയാസ്, വൻകുടൽ, രക്താർബുദം തുടങ്ങി നിരവധി കാൻസറുകൾ വരാൻ സാധ്യതയുണ്ട്. കൂടാതെ പുകവലിക്കുന്നവരുടെ അടുത്ത് നിന്നും മാറി നിൽക്കുകയും പുക ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കുക.

അൾട്രാവയലറ്റ് രശ്മികൾ

അൾട്രാവയലറ്റ് രശ്മികൾ ധാരാളമായി ശരീരത്തിൽ പതിക്കുന്നത് സ്‌കിൻ കാൻസറിന് കാരണമാകുന്നു. ഇവ ചർമത്തിൽ ആഗിരണം ചെയ്യപ്പെടുകയും അവിടെയുള്ള കോശങ്ങളെ നശിപ്പിക്കുയും ചെയ്യുന്നു. ത്വക്കിലുള്ള മിക്ക കാൻസറുകളും അൾട്രാവയലറ്റ് രശ്മികൾ മൂലമാണ്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ കിരണങ്ങളെ ശക്തമാക്കുന്നത്. സൺസ്‌ക്രീൻ ഉപയോഗിക്കുക, തൊപ്പിയും സൺഗ്ലാസും ധരിക്കുക, കൈകളും കാലുകളും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, ഉച്ച സമയത്തെ വെയിൽ നേരിട്ട് കൊള്ളാതിരിക്കുക തുടങ്ങിയ സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കുക.

ആരോഗ്യകരമായ ഭാരം നിലനിർത്തുക

പൊണ്ണത്തടി സ്തനാർബുദത്തിനും എൻഡോമെട്രിയത്തിൽ കാൻസറിനും കാരണമാകുന്നു. ഗർഭപാത്രത്തിനോ ഗർഭപാത്രത്തിൻറെയോ ഉള്ളിലോ ഉണ്ടാകുന്ന ഒരു അർബുദമാണ് എൻഡോമെട്രിയൽ കാൻസർ. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

നല്ല ഭക്ഷണം കഴിക്കുക

ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. അവയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് വൻകുടലിലെ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ,സി,ഇ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇവ ആന്റീ ഓക്‌സിഡന്റുകളാണ്. ഇതു കാൻസറിനെ തടയുന്നതിൽ പങ്കുവഹിക്കുന്നു.

സംസ്‌കരിച്ച മാംസം ഒഴിവാക്കുക

സംസ്‌കരിച്ചതോ മറ്റു ഫ്ളേവറുകൾ ചേർത്തതോ ആയ മാംസം വൻകുടലിലെ കാൻസറിന് കാരണമാകുന്നു. 800-ലധികം പഠനങ്ങൾ പരിശോധിച്ചാണ് വിദഗ്ധർ ഈ നിഗമനത്തിൽ എത്തിയത്. ഉപ്പിട്ടതോ പുളിപ്പിച്ചതോ ഉണക്കിയതോ ആയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്താനും വിദഗ്ധർ നിർദേശിക്കുന്നു.

വ്യായാമം ചെയ്യുക

നമ്മള്‍ എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രത്തോളം ആരോഗ്യത്തിന് ഗുണകരമാണ്. സ്തനാർബുദം, വൻകുടൽ, മറ്റുചില അർബുദങ്ങളുടെ സാധ്യത കുറക്കാനും വ്യായാമം സഹായിക്കുന്നു.

TAGS :

Next Story