Quantcast

ഹാന്റവൈറസ് അടുത്ത കോവിഡാകുമോ?; ആശങ്കയില്‍ ലോകം, വിശദീകരണവുമായി ലോകാരോഗ്യസംഘടന

പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കോണ്‍ടാക്ട് ട്രേസിങ് നടത്തിയും ഐസോലേഷനിലൂടേയും രോഗം പടരുന്നത് തടയാം. അര്‍ജന്റീനക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 May 2026 9:21 AM IST

ഹാന്റവൈറസ് അടുത്ത കോവിഡാകുമോ?; ആശങ്കയില്‍ ലോകം, വിശദീകരണവുമായി ലോകാരോഗ്യസംഘടന
X

വാഷിങ്ടണ്‍: ഹാന്റവൈറസ് പൊതുജനാരോഗ്യരംഗത്ത് വലിയ ആശങ്കകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രധാനമായും നിലനില്‍ക്കുന്ന ആശങ്ക കോവിഡ് പോലെ വെറസ് പകരുമോയെന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. പകര്‍ച്ചവ്യാധി മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ.മരിയ വാന്‍ കെര്‍കോവയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കോവിഡ് പോലെ ഹാന്റവൈറസ് പകരില്ലെന്ന് ഡബ്യു.എച്ച്.ഒ ഡയറക്ടര്‍ വിശദീകരിച്ചു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നത് അടുത്തുള്ള സമ്പര്‍ക്കം മൂലമാണ്. ക്ലോസ് കോണ്‍ടാക്ടിലൂടെ മാത്രമേ വൈറസ് പകരുവെന്ന് ലോകാരോഗ്യസംഘടന വിശദീകരിച്ചു.

ലോകാരോഗ്യസംഘടനയിലെ എമര്‍ജന്‍സി ഹെല്‍ത്ത് പ്രോഗ്രാമിലെ ഡോക്ടറായ അബ്ദിറഹ്മാന്‍ മഹമൂദ് 2018-19ല്‍ അര്‍ജന്റീനയില്‍ ഇതുപോലൊരു വൈറ് ബാധയുണ്ടായിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു. അന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധയുണ്ടായത്. ഇന്നും സമാനമായസാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കോണ്‍ടാക്ട് ട്രേസിങ് നടത്തിയും ഐസോലേഷനിലൂടേയും രോഗം പടരുന്നത് തടയാം. അര്‍ജന്റീനക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതൊരു വലിയ പകര്‍ച്ചവ്യാധിയാകുമെന്ന ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൊറോണവൈറസല്ലെന്ന് വാന്‍ കെര്‍കോവ് കൂട്ടിച്ചേര്‍ത്തു. ഇത് കോവിഡ് പോലൊരു പകര്‍ച്ചവ്യാധിയുടെ തുടക്കമാവില്ല. ഒരു കപ്പലിനുള്ളിലാണ് ഇപ്പോള്‍ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

ഹാന്റവൈറസ് എലികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസാണ്. എന്നാല്‍ കോവിഡ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടരുന്ന വൈറസാണ്. രണ്ട് രോഗങ്ങളും ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങളള്‍ക്ക് കാരണമാവുമെങ്കിലും മരണനിരക്ക് പരിശോധിച്ചാല്‍ ഹാന്റവൈറസ് കൂടുതല്‍ മാരകമാണെന്ന് മനസിലാക്കാം. എന്നാല്‍, ഇത് മനുഷ്യര്‍ക്കിടയില്‍ ഒരു ആഗോളമഹാമാരിയായി പടരാനുള്ള സാധ്യതവിരളമാണെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു.

കോവിഡ് വായുവിലൂടെ പകരുന്നതിനാല്‍ അതിവേഗം വ്യാപിക്കും. എന്നാല്‍, ഹാന്റ വൈറസ് അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമായിരിക്കും പകരുകയെന്നും അതുകൊണ്ട് ഇതിന്റെ വ്യാപനം ചെറിയ പ്രദേശത്ത് ഒതുങ്ങി നില്‍ക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

TAGS :

Next Story