ആരോഗ്യലോകത്തെ സൂപ്പർസ്റ്റാർ; മികച്ച ഔഷധം, പോഷകത്തിൻ്റെ കലവറ, പക്ഷെ വെറും വയറ്റിൽ കുടിച്ചാൽ ഗ്രീൻ ജൂസ് പണിതരും
എളുപ്പത്തിൽ ശരീരശുദ്ധീകരണവും ഭാരക്കുറവും നേടാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഗ്രീൻ ജ്യൂസുകൾ ഒരു ആരോഗ്യ ട്രെൻഡായി ഇതിനകം മാറിയിട്ടുണ്ട്

പച്ചക്കറികളും ഇലക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ജ്യൂസ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വേഗത്തിൽ നൽകാൻ ഇത് സഹായിക്കുന്നുവെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വൈറ്റമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമായാണ് കണക്കാക്കുന്നത്. എളുപ്പത്തിൽ ശരീരശുദ്ധീകരണവും ഭാരക്കുറവും നേടാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഗ്രീൻ ജ്യൂസുകൾ ഒരു ആരോഗ്യ ട്രെൻഡായി ഇതിനകം മാറിയിട്ടുണ്ട്.
ഓൺലൈനിലും സെലിബ്രെറ്റികളാലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇത് ഊർജനില വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇത്രയൊക്കെ ഗുണങ്ങൾ പറയുമ്പോഴും ഒഴിഞ്ഞ വയറ്റിൽ ഗ്രീൻ ജ്യൂസ് കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും എന്നാണ് വിദഗ്ധർ പറയുന്നത്. പച്ച ജ്യൂസിൽ ഉപയോഗിക്കുന്ന ചേരുവകൾ കുടലിനെ പലവിധത്തിൽ ബാധിക്കുന്നതിനാൽ ഗുണങ്ങൾ വിപരീതഫലങ്ങൾ ഉണ്ടാക്കിയേക്കാം. ചീര, കേൽ, പുതിനയില, മല്ലിയില, ഉലുവയില തുടങ്ങിയ ഇലക്കറികളും വെള്ളരി, ചുരയ്ക്ക, സെലറി, പച്ച ക്യാപ്സിക്കം, സുക്കിനി തുടങ്ങിയ പച്ചക്കറികളും പച്ച ആപ്പിൾ, പൈനാപ്പിൾ, കിവി, നെല്ലിക്ക, നാരങ്ങനീര് തുടങ്ങിയ പഴങ്ങളും ചേർത്താണ് സാധാരണയായി ഗ്രീൻ ജ്യൂസ് തയ്യാറാക്കുന്നത്. ഈ പച്ചക്കറികൾ, പഴങ്ങൾ, ഇലകൾ എന്നിവയുടെ സംയോജനം വെറും വയറ്റിൽ കഴിക്കുമ്പോൾ ദഹനക്കേട്, വയറുവീക്കം, അമിത അസിഡിറ്റി എന്നിവയ്ക്കും കാരണമാകാം.
വെറും വയറ്റിൽ ഗ്രീൻ ജ്യൂസ് കുടിക്കാനുള്ള കാരണം
ഗ്രീൻ ജ്യൂസ് ഒരു ഡിറ്റോക്സ് ട്രെൻഡായി മാറിയതിനാൽ പലരെയും അത് വെറും വയറ്റിൽ കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഗ്രീൻ ജ്യൂസ് യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ എന്നത് ഇപ്പോഴും സംശയകരമാണ്. ജനപ്രിയമായ ഈ വെൽനസ് ശീലത്തെക്കുറിച്ച് ഗ്ലോബൽ ജേർണൽ ഓഫ് ഇൻഫെക്റ്റിയസ് ഡിസീസസ് ആൻറ് ഇമ്മ്യൂൺ തെറാപ്പീസിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നത്, വേറും വയറ്റിൽ ഗ്രീൻ ജ്യൂസ് കുടിക്കുന്നത് ചിലരിൽ ദഹനക്കേടിന് കാരണമാകാമെന്നാണ്. അതിനാൽ ആരോഗ്യത്തിനായി സ്വീകരിക്കുന്ന ഈ ശീലം എല്ലാവർക്കും ഒരുപോലെ ഗുണകരമാവണമെന്നില്ല.
വെറും വയറ്റിൽ സംഭവിക്കുന്നത്?
എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പോഷകങ്ങൾ എന്നിവയുടെ സംയോജനമാണ് ആമാശയത്തിന് വേണ്ടത്. ആമാശയം വളരെ അമ്ലതയുള്ളതും അസംസ്കൃത നാരുകൾ ദഹിപ്പിക്കുന്നതിന് ആവശ്യമായ ദഹന എൻസൈമുകൾ പൂർണമായി സജീവമാകാത്ത അവസ്ഥയിലുമാണ് എന്നതാണ് ഇതിന് കാരണം. ഒരേസമയം അമിതമായി ഇലക്കറികൾ കഴിക്കുമ്പോൾ ആമാശയത്തിന് അകത്തെ സൂക്ഷമമായ പാളിക്ക് പ്രകോപനം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
ഗ്രീൻ ജ്യൂസ് ദഹനക്കേടിന് കാരണമാകുന്നത് എന്തുകൊണ്ട്?
ജേർണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, വെറും വയറ്റിൽ ഗ്രീൻ ജ്യൂസ് കുടിക്കുന്നത് താഴെ പറയുന്ന കാരണങ്ങളാൽ ദഹനക്കേടിന് കാരണമാകാം.
1. ഉയർന്ന അളവിലുള്ള നാരുകൾ (ഫൈബർ)
പച്ച ഇലക്കറികൾ കഴിക്കുന്നത് പെട്ടെന്ന് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു, ഇത് വയറു വീർക്കൽ, ഗ്യാസ്, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുന്നു.
2. ഓക്സലേറ്റുകളും മറ്റ് സംയുക്തങ്ങളും
ചീരയും കേലും പോലുള്ള ഇലക്കറികളിൽ സ്വാഭാവിക സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് കുടലിനെ അമിതമായി പ്രകോപിപ്പിക്കും.
3. പെട്ടെന്നുള്ള പോഷകാഹാരങ്ങളുടെ പ്രവാഹം
വെറും വയറ്റിൽ ഗ്രീൻ ജ്യൂസ് കുടിക്കുന്നത്, സാന്ദ്രീകൃതമായ പോഷകങ്ങളെ കൈകാര്യം ചെയ്യാൻ കുടലിന് ബുദ്ധിമുട്ടുണ്ടാക്കാം. ഇതിൻ്റെ ഫലമായി ദഹനവ്യവസ്ഥയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും, അത് അസ്വസ്ഥത സൃഷ്ടിക്കുകയും ദിവസം മുഴുവൻ കുടലിൻ്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യാം.
നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാവുന്ന ലക്ഷണങ്ങൾ
ഗ്രീൻ ജ്യൂസ് കുടിച്ചതിന് ശേഷം ചില ലക്ഷണങ്ങൾ അനുഭവപ്പെടാം. അത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായ സമീപനത്തിനായി ഒരു പോഷകാഹാര വിദഗ്ധനെയോ ഡയറ്റീഷ്യനെയോ സമീപിക്കുന്നത് ഉചിതമാണ്. താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഗ്രീൻ ജ്യൂസ് കഴിക്കുന്ന രീതി മാറ്റുന്നത് പരിഗണിക്കണം.
• വയറുവീക്കം
• വാതം
• ആസിഡ് റിഫ്ലെക്സ്
• വയറുവേദന
• ഛർദ്ദി
• രാവിലെ വയറിലുണ്ടാകുന്ന അസ്വസ്ഥത
ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ അസംസ്കൃത പച്ചക്കറി ജ്യൂസുകൾ വെറും വയറ്റിൽ കഴിക്കുന്നത് ദഹനപ്രക്രിയയെ അമിതമായി ബാധിക്കും, പ്രത്യേകിച്ച് കുടലിൻ്റെ ആരോഗ്യം. സംവേദനക്ഷമമായ ആളുകളിൽ വയറുവീക്കത്തിനും ദഹനക്കേടിനും കാരണമാകുകയും ചെയ്യാം.
ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും ശരിയായ സമയത്ത് കഴിച്ചാലേ സുരക്ഷിതമായ ആരോഗ്യഗുണങ്ങൾ ലഭിക്കൂ എന്ന കാര്യം ആളുകൾ മനസിലാക്കുകയും ശ്രദ്ധിക്കുകയും വേണം.
വെറും വയറ്റിൽ ഗ്രീൻ ജ്യൂസ് ഒഴിവാക്കേണ്ടത് ആര്
താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ നിലവിലുള്ളവർ വെറും വയറ്റിൽ ഗ്രീൻ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം.
• ഇറിറ്റബിൾ ബവൽ സിൻഡ്രോം
• നെഞ്ച് ഇരിച്ചിൽ
• ദുർബലമായ ദഹനശേഷി
• ഗാസ്ട്രൈറ്റിസ്
ഗ്രീൻ ജ്യൂസ് സുരക്ഷിതമായി കഴിക്കുന്നതിനുള്ള മികച്ച മാർഗം
ഒരു ഗ്ലാസ് ഗ്രീൻ ജ്യൂസിൽ നിന്ന് ആരോഗ്യഗുണങ്ങൾ ലഭിക്കാൻ അതിൻ്റെ അളവും കഴിക്കുന്ന സമയവും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ചെയ്യേണ്ടത്
• പോഷകസമൃതമായ ഈ പാനീയം ദഹിപ്പിക്കുന്നതിന് മുമ്പ് ആമാശയത്തിന് ഒരു സംരക്ഷണം ലഭിക്കാനായി, ഗ്രീൻ ജ്യൂസ് ഒരു ലഘു പ്രഭാതഭക്ഷണത്തിന് ശേഷം കുടിക്കുക.
• കുടലിന് അസ്വസ്ഥമാക്കാൻ സാധ്യതയുള്ള വളരെ ഉയർന്ന ഫൈബർ അടങ്ങിയ ചേരുവകളുടെ സംയോജനം ഒഴിവാക്കുക.
• നിങ്ങളുടെ ശരീരത്തിന് ഈ പാനീയത്തോട് പൊരുത്തപ്പെടാൻ സമയം ലഭിക്കുന്നതിനായ് ചെറിയ അളവിൽ തുടങ്ങി ക്രമേണ വർധിപ്പിക്കുക.
• ദഹനം മെച്ചപ്പെടുത്തുന്നതിനായ് ചെറിയൊരു നുള്ള് ഇഞ്ചിയോ കുറച്ച് നാരങ്ങാനീരോ ചേർക്കാവുന്നതാണ്.
കൂടുതൽ നല്ല പകരക്കാർ
കുടലിന് പോഷകങ്ങൾ നൽകുന്നതിനൊപ്പം അതിനെ അമിതമായി പ്രവർത്തിക്കാൻ നിർബന്ധിക്കാത്ത ഭകഷണങ്ങളും പാനീയങ്ങളും തിരഞ്ഞെടുക്കുന്നതാണ് നല്ലത്
• ചൂടുവെള്ളവും നാരങ്ങാനീരും
• വെള്ളത്തിൽ കുതിർത്ത് വെച്ച നട്ടുകൾ
• ലഘുവായ പഴങ്ങൾ
• ഹെർബൽ ചായകൾ തുടങ്ങിയവയും പകരമായി ഉപയോഗിക്കാം.
ഒരു ഗ്ലാസ് ഗ്രീൻ ജ്യൂസ് കുടിച്ചതിന് ശേഷം നിങ്ങളുടെ ശരീരം താഴെ പറയുന്ന ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രഭാത ശീലം പുനഃപരിശോധനക്ക് സമയമായിരിക്കാം.
• ദിവസവും വയറുവീക്കം
• പതിവായി അസിഡിറ്റി ഉണ്ടാകുക
• ഊർജനില പെട്ടെന്ന് താഴുക
എല്ലാ ആരോഗ്യ ട്രൻഡുകളും എല്ലാവർക്കും ഒരുപോലെ സുരക്ഷിതമല്ല. പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ, അവ കുടലിൽ വ്യത്യസ്ഥമായ പ്രതികരണങ്ങൾ ഉണ്ടാക്കാം. ഗ്രീൻ ജ്യൂസിൻറെ കാര്യത്തിൽ, അതിൽ ഉൾപ്പെടുന്ന ചേരുവകളും അത് കഴിക്കുന്ന സമയവും വളരെ പ്രധാനമാണ്, പ്രത്യേകിച്ച് നിങ്ങളുടെ കുടലിൻ്റെ ആരോഗ്യത്തിന്.
Adjust Story Font
16

