Quantcast

ഉറക്കക്ഷീണം കൊണ്ട് പൊറുതിമുട്ടി, ഒപ്പം ശരീരവേദനയും; എന്തുകൊണ്ടാണ് എല്ലാ ദിവസവും ഇങ്ങനെ..!

ഉറക്കത്തിനിടെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നോ എന്ന് കണ്ടെത്താൻ വൈദ്യസഹായം തേടുന്നത് നല്ലതാണ്

MediaOne Logo

Web Desk

  • Published:

    2 Jan 2023 3:05 PM GMT

ഉറക്കക്ഷീണം കൊണ്ട് പൊറുതിമുട്ടി, ഒപ്പം ശരീരവേദനയും; എന്തുകൊണ്ടാണ് എല്ലാ ദിവസവും ഇങ്ങനെ..!
X

നല്ല ഉറക്കം ഒരു മനുഷ്യന്റെ ജീവിതത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന് അറിയാമല്ലോ. ആയുസിന്റെ മൂന്നിലൊരു ഭാഗവും ഒരു വ്യക്തി ചെലവഴിക്കുന്നത് ഉറക്കത്തിന് വേണ്ടിയാണ്. രാത്രി കൃത്യം എട്ട് മണിക്കൂർ ഉറക്കമാണ് പ്രധാനം. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെ മാത്രമല്ല മനസികാരോഗ്യത്തെയും അത് ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

എത്ര ഉറങ്ങിയാലും ഉണർന്ന് കഴിഞ്ഞ് ശരീരവേദനയെ കുറിച്ച് പരാതിപ്പെടുന്നവരുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ശരീര വേദനയോടെ ഉണരുന്നതിന് പല കാരണങ്ങളുണ്ടാകാം. പനി, യാത്രാ ക്ഷീണം, നിർജ്ജലീകരണം, മോശം പ്രമേഹ നിയന്ത്രണം, കൂർക്കംവലി എന്നിവയും കരണങ്ങളാകാമെന്ന് ഗുരുഗ്രാം മാക്‌സ് ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടറും എച്ച്ഒ‌ഡിയുമായ ഡോ. രാജീവ് ഡാങ് വിശദമാക്കുന്നു.

ഉറങ്ങാൻ കിടക്കുന്ന സ്ഥാനമാണ് പ്രധാന ഘടകം. ഉറങ്ങുന്ന പൊസിഷൻ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഓരോരുത്തർക്കും ആശ്വാസകരവും അനിയോജ്യവുമായ സ്ഥാനമുണ്ടാകും. ഇങ്ങനെ കിടന്നെങ്കിലും മാത്രമേ ഉറക്കം ശരിയാവുകയുമുള്ളൂ. എന്നാൽ, ചിലരുടെ ഇത്തരത്തിലുള്ള പൊസിഷനുകൾ ശരീരത്തിന് സമ്മർദ്ദം നൽകിയേക്കാം. സൈഡ് സ്ലീപ്പിംഗ് അഥവാ ഒരുവശം ചരിഞ്ഞ് കിടക്കുന്നത് ഭൂരിപക്ഷം ആളുകൾക്കും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഡോ. രാജീവ് ചൂണ്ടിക്കാട്ടുന്നു.

അമിതഭാരമാണ് ശരീരവേദനക്കുള്ള മറ്റൊരു കാരണം. അധികഭാരം നിങ്ങളുടെ കഴുത്തിലും പുറകിലും അമിത സമ്മർദ്ദമുണ്ടാക്കുന്നതിനാലാണിത്. കൂടാതെ, അമിതഭാരം ശ്വസനപ്രശ്നങ്ങൾക്കും കാരണമാകും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ മാത്രമല്ല, ഉറങ്ങി എഴുന്നേറ്റത്തിന് ശേഷമുള്ള അവസ്ഥയെയും പ്രതികൂലമായി ബാധിക്കും. ഉറക്കത്തിനിടെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നോ എന്ന് കണ്ടെത്താൻ വൈദ്യസഹായം തേടുന്നത് നല്ലതാണ്. ചിലപ്പോൾ ഒബ്സ്ട്രക്റ്റീവ് സ്‌ലീപ് അപ്നിയ (ഒഎസ്എ) എന്ന അവസ്ഥയുണ്ടായേക്കാം. ഉറക്കത്തിൽ ശ്വാസം നിലച്ചുപോവുകയും അൽപസമയം കഴിഞ്ഞ് വീണ്ടും ശ്വസിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

അതേസമയം, അതിരാവിലെയുള്ള ശരീരവേദന റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള കോശജ്വലന സന്ധിവാതത്തിന്റെ പ്രധാന ലക്ഷണമാകാമെന്ന് ന്യൂഡൽഹിയിലെ ഓഖ്‌ല റോഡിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സിലെ ജോയിന്റ് റീപ്ലേസ്‌മെന്റ് ആൻഡ് ഓർത്തോപീഡിക്‌സ് ഡയറക്ടർ ഡോ. അമൻ ദുവ വിശദീകരിക്കുന്നു. ശരീരവേദനകൾ സാധാരണമാണെങ്കിലും അവ മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമായിരിക്കാം. ഇത് കണ്ടെത്താൻ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്.

ശരീരവേദനകൾ പലതരത്തിലുണ്ടായേക്കാം. ചിലത് സഹിക്കാൻ കഴിയുന്നതാണെങ്കിൽ മറ്റുചിലത് വളരെ തീവ്രമായിരിക്കും. ചിലർക്ക് ഉണരുമ്പോൾ ശരീരത്ത് വേദന അനുഭവപ്പെടുകയാണെങ്കിൽ മറ്റുചിലർക്ക് പേശികളിൽ കാഠിന്യമാകാം അനുഭവപ്പെടുക. ഉറക്കമുണർന്നതിന് ശേഷമുള്ള വേദനയും പേശികളിലെ കാഠിന്യവും ശരീരത്തിന് എത്രത്തോളം ദോഷകരമാണെന്ന് പലരും തിരിച്ചറിയാറില്ല. പകൽ സമയത്ത് ക്ഷീണം വിട്ടുമാറാത്തത് മുതൽ വാഹനമോടിക്കുമ്പോൾ പോലും ഇത് അപകടമായേക്കാമെന്ന് ഡോ. രാജീവ് ഡാങ് മുന്നറിയിപ്പ് നൽകുന്നു.

ഉണരുമ്പോഴുള്ള ശരീരവേദന തടയാൻ ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ...

  • കിടക്കയിലും തലയണയിലും പ്രത്യേക ശ്രദ്ധ വേണം. ജീർണിച്ച മെത്തയും തലയണയും ഒഴിവാക്കുക. കഴുത്തിനും നട്ടെല്ലിനും വേണ്ടത്ര പിന്തുണ നൽകുന്ന ഒന്ന് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ഉറങ്ങുന്ന രീതി ഒഴിവാക്കുക. കമഴ്ന്നു കിടക്കുന്നത് രാവിലെ ശരീരവേദന വർധിക്കാൻ ഇടയാക്കും. കാൽമുട്ടിന് താഴെ ഒരു തലയിണ വെക്കുന്നത് സഹായകമാകും. മലർന്നുകിടന്നോ അല്ലെങ്കിൽ ഒരു വശം ചരിഞ്ഞോ ഉറങ്ങാൻ ശ്രമിക്കുക.
  • ഒരുപാട് തണുപ്പിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കുക
  • അനങ്ങാതെ കിടക്കുന്നതിന് പകരം ശരീരത്തെ ചെറുതായെങ്കിലും ചലിപ്പിക്കാൻ ശീലിക്കണം. ഇത് ഉണരുമ്പോഴുള്ള പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും.
  • ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞാൽ ശരീരത്തിന് ചെറിയ ആയാസം നൽകുക. പതുക്കെ നീങ്ങുകയോ ശരീരം വലിച്ചുനീട്ടുകയോ ചെയ്യാം.
  • ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ
  • വേദനസംഹാരികൾ കഴിക്കുകയാണെങ്കിൽ, അതിന്റെ സമയമോ ഡോസോ മാറ്റുന്നതിനെക്കുറിച്ച് ഡോക്ടറോട് നിർദ്ദേശം തേടുക.
  • വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക തന്നെയാണ് പ്രധാന മാർഗം. രാവിലെ 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ നിങ്ങൾക്ക് ഒന്നിലധികം സന്ധി വേദനയും പേശികളിൽ കാഠിന്യവും അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടണം. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആൻകൈലോസിംഗ് സ്പോണ്ടിലൈറ്റിസ് പോലുള്ള കോശജ്വലന സന്ധിവാതങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാനും ശ്രദ്ധിക്കണം. സന്ധിവാതം, ചികിത്സിച്ചില്ലെങ്കിൽ, സന്ധികളുടെ ഗുരുതരമായ നാശത്തിനും വൈകല്യത്തിനും ഇടയാക്കുമെന്ന് ഡോ. രാജീവ് ഡാങ് പറഞ്ഞു.

TAGS :
Next Story