മുപ്പതുകളിൽ തന്നെ വിട്ടുമാറാത്ത മുട്ടുവേദന; യുവാക്കൾ അറിയേണ്ടത്!
മാറുന്ന ജീവിതശൈലികള്‍ ഇന്ത്യൻ യുവാക്കളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

- Published:
3 Feb 2026 10:23 AM IST

AI generated images
'കാലിനും കൈക്കുമെല്ലാം വല്ലാത്ത വേദന,സന്ധി വേദനയും സഹിക്കുന്നില്ല..' 30 വയസ് കഴിഞ്ഞ ഒട്ടുമിക്ക പേരുടെയും ആരോഗ്യപരാതികളിൽ ചിലത് മാത്രമാണിത്. നേരത്തെ 60ഉം 65ഉം വയസ് കഴിഞ്ഞവരാണ് ഇത്തരം വേദനയെക്കുറിച്ചൊക്കെ പരാതി പറഞ്ഞുകൊണ്ടിരുന്നത്. വാർധക്യമെത്തുന്നതിനും എത്രയോ മുന്‍പ് തന്നെ ഇന്ത്യയിൽ അടുത്തിടെയായി 30വയസ് കഴിഞ്ഞ ചെറുപ്പക്കാർക്ക് കാൽമുട്ടുകളിലും ഇടുപ്പുകളിലും തോളിലും കാഠിന്യം , വീക്കം, അസ്വസ്ഥത എന്നിവ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കാരണം ഇവിടെയുണ്ട്...
ദീർഘനേരം അനങ്ങാതെ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക, ഉയര്‍ന്ന ഹീലുള്ള ചെരിപ്പുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുക തുടങ്ങിയവയൊക്കെ കാലിലെ സിരകളില്‍ സമ്മർദം വർധിപ്പിക്കുകയും രക്തയോട്ടം തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് വെരിക്കോസ് വെയിന്‍ കൂടുതല്‍ വഷളാക്കും. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പേശികളെ ദുർബലപ്പെടുത്തും.
അതേസമയം അമിത ശരീരഭാരവും ഇതിനകം ദുർബലമായ സിരകളെ കൂടുതൽ ബുദ്ധിമുട്ടിക്കുമെന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള സികെ ബിർള ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അവിക് ഭട്ടാചാര്യ പറയുന്നു. ഇതിന് പുറമെ ഭക്ഷണ ക്രമവും സന്ധിവേദനകള്‍ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നതും നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ കുറവും രക്തത്തിന്റെ സാന്ദ്രത വർദ്ധിപ്പിക്കാൻ കാരണമാകും.ഇത് മലബന്ധമുണ്ടാക്കുകയും വയറിനുള്ളിലെ സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. വെനസ് റിഫ്ലക്സ് എന്ന അവസ്ഥയെ ഇവ ഗുരുതരമാക്കുകയും ചെയ്യും," അദ്ദേഹം പറയുന്നു.
എങ്ങനെ തടയാം
കാലുകള്‍ക്ക് ഭാരം തോന്നുക, വീക്കം, അല്ലെങ്കിൽ സിരകൾ പുറത്തേക്ക് തള്ളിനില്‍ക്കുക തുടങ്ങിയ ആദ്യകാല ലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗാവസ്ഥ സങ്കീർണ്ണമാകാൻ കാരണമാകും. എന്നാൽ, ജീവിതശൈലിയിൽ വരുത്തുന്ന ലളിതമായ മാറ്റങ്ങൾ ഇത്തരം വേദനകള്‍ തടയാന്‍ സഹായിക്കും. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ കൃത്യമായ ഇടവേളകളിൽ എഴുന്നേറ്റ് നടക്കുക, കാലുകൾ ഉയർത്തി വെക്കുക, ശരിയായ പാദരക്ഷകൾ ധരിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ആക്ടീവായി ഇരിക്കുക എന്നിവ രോഗം കൂടുന്നത് തടയാനും സങ്കീർണ്ണതകൾ കുറയ്ക്കാനും സഹായിക്കും. ഇത്തരം ചെറിയ മാറ്റങ്ങള്‍ ജീവിത ശൈലികളില്‍ വരുത്തുകയാണെങ്കില്‍ സിരകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്വസ്ഥതകള്‍ കുറക്കാനും വെരിക്കോസ് വെയിൻ കൂടുതൽ വഷളാകാതെ തടയാനും സാധിക്കും.
Adjust Story Font
16
