Quantcast

'നിയോകോവ്' നാശം വിതക്കുമോ? ഡബ്ല്യുഎച്ച്ഓക്ക് പറയാനുള്ളത് ഇതാണ്

മനുഷ്യരിൽ ബാധിച്ചാൽ മൂന്നിലൊരാൾക്ക് മരണം സംഭവിക്കാവുന്ന തരത്തിൽ അതിമാരകശേഷിയുള്ളതാണ് വവ്വാലുകളിൽ കണ്ടെത്തിയ വൈറസെന്നാണ് വുഹാനിലെ ഗവേഷകസംഘത്തിന്റെ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    28 Jan 2022 4:35 PM GMT

നിയോകോവ് നാശം വിതക്കുമോ? ഡബ്ല്യുഎച്ച്ഓക്ക് പറയാനുള്ളത് ഇതാണ്
X

ചൈനീസ് ഗവേഷകർ കണ്ടെത്തിയ പുതിയ കൊറോണ വൈറസായ നിയോകോവിനെക്കുറിച്ചുള്ള ആശങ്കകളോട് പ്രതികരിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). പുതിയ കണ്ടെത്തലിനെക്കുറിച്ച് ബോധവാന്മാരാണെന്നും എന്നാൽ ഇത് മനുഷ്യർക്ക് കൂടുതൽ നാശം വിതയ്ക്കുന്നതാണോ എന്ന കാര്യം വ്യക്തമാകാൻ കൂടുതൽ പഠനം ആവശ്യമാണെന്നും ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചു.

വുഹാനിലെ ഒരു സംഘം ഗവേഷകരാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ 'നിയോകോവ്'(NeoCoV) എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ കണ്ടെത്തിയ വൈറസ് അതിമാരകശേഷിയുള്ളതാണെന്നാണ് ഗവേഷകർ പറയുന്നത്. മനുഷ്യരിൽ ബാധിച്ചാൽ മൂന്നിലൊരാൾക്ക് മരണം വരെ സംഭവിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

പുതുതായി കണ്ടെത്തിയ വൈറസ് മനുഷ്യരിൽ എത്രമാത്രം അപകടകാരിയാണെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. കൊറോണ വൈറസ് പലപ്പോഴും വവ്വാലുകൾ അടക്കമുള്ള മൃഗങ്ങളിൽ കണ്ടുവരാറുണ്ട്. ഇത്തരത്തിൽ പലതരം വൈറസുകളുടെയും സ്വാഭാവികായ ഉറവിടങ്ങളാണ് വവ്വാലുകൾ. ഇത്തരത്തിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതുതായി തലപൊക്കിക്കൊണ്ടിരിക്കുന്ന വൈറസുകളുമായി ബന്ധപ്പെട്ട് സജീവമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

നിയോകോവ് പുതിയ വൈറസല്ലെന്നാണ് വുഹാൻ ഗവേഷകർ പറയുന്നത്. മെർസ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ മൃഗങ്ങളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാൻ വെറും ഒറ്റ രൂപാന്തരണം മാത്രം മതിയെന്നാണ് ഗവേഷകർ പറയുന്നത്. നിയോകോവിന് വാക്‌സിൻ മതിയാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇത് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്നതു സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യൻ വൈറോളജി ആൻഡ് ബയോടെക്‌നോളജി റിസർച്ച് സെന്റർ ആവശ്യപ്പെട്ടു.

Summary: The World Health Organisation said that the NeoCov coronavirus, discovered by Chinese scientists, requires further study

TAGS :
Next Story