ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് കാൻസർ കോശങ്ങളുടെ വളര്‍ച്ച 30 % കുറക്കാന്‍ സഹായിക്കുമെന്ന് പഠനം
സ്തനാർബുദത്തെ അതിജീവിച്ചവരിലാണ് പഠനം നടത്തിയത്

ലോകത്ത് ദശലക്ഷക്കണക്കിനാളുകളാണ് കാൻസർ മൂലം ഓരോ വർഷവും മരിക്കുന്നത്. ജീവിത ശൈലികളിലുണ്ടാകുന്ന മാറ്റവും ഉയര്‍ന്ന സമ്മര്‍ദവുമെല്ലാം ഈ രോഗത്തിന്‍റെ വ്യാപ്തി കൂട്ടുന്നുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. അരമണിക്കൂര്‍ വ്യായാമം ചെയ്താല്‍ കാൻസർ കോശങ്ങളുടെ വളർച്ച 30 കുറയ്ക്കാൻ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനം തെളിയിച്ചത്. എഡിത്ത് കോവൻ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥിയായ ഫ്രാൻസെസ്കോ ബെറ്റാരിഗ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അര മണിക്കൂർ നീണ്ടുനില്‍ക്കുന്ന വ്യായാമം കാൻസർ വിരുദ്ധ പ്രോട്ടീനുകൾ പുറത്തുവിടാനും, കാൻസർ കോശങ്ങളുടെ വളർച്ച തടയാനും രോഗപ്രതിരോധ പ്രതിരോധം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു.
സ്തനാർബുദത്തെ അതിജീവിച്ചവരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 30 മിനിറ്റ് നീണ്ടുനിൽക്കുന്ന തീവ്രമായ വ്യായാമത്തിന് മുമ്പും ശേഷവും അവരിലെ മയോകിൻ അളവ് പരിശോധിച്ചായിരുന്നു പഠനം. അരമണിക്കൂര്‍ വ്യായാമം നടത്തിയതിന് ശേഷം നടത്തിയ രക്തപരിശോധനയില്‍ മയോകിനുകളുടെ അളവ് കൂടിയതായി കണ്ടെത്തി.പേശികളിൽ നിന്ന് പുറത്തുവിടുന്ന ഈ പ്രോട്ടീനുകൾ കാൻസർ കോശങ്ങളുടെ വ്യാപനം 20 മുതൽ 30 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.
കാൻസർ ചികിത്സയ്ക്കിടയിലോ ശേഷമോ മരുന്നുപോലെത്തന്നെ വ്യായാമത്തിനും പ്രധാന്യമുണ്ടെന്ന് നേരത്തെയും നിരവധി തെളിവുകളുണ്ടായിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കാൻസറിനെ അതിജീവിച്ചവരില്‍ സ്ഥിരവും നിരന്തരവുമായ വ്യായാമത്തിലൂടെ, കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ശരീരഭാരം വീണ്ടെടുക്കാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.നിരന്തരം വ്യായാമം ചെയ്യുന്നത് കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത കുറക്കുകയും ചെയ്യും. ഭക്ഷണക്രമത്തിലൂടെ ശരീരഭാരം കുറയുന്നത് തടയാമെങ്കിലും പേശികളെ സംരക്ഷിക്കില്ല. നിരന്തരമുള്ള കാന്‍സര്‍ ചികിത്സകൾ മൂലം ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറക്കും. വ്യായാമത്തിലൂടെ ഇതും പരിഹരിക്കാനാവുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
Adjust Story Font
16

