Quantcast

വായ്പ്പുണ്ണ് കാരണം ഇനി വിഷമിക്കേണ്ട; കാരണങ്ങളും പരിഹാരങ്ങളും...

വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ്, മാനസിക സമ്മർദം, അണുബാധ, സോഡിയം ലൗറിൽ സൾഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകളുടെ ഉപയോഗം എന്നിവയും വായ്പ്പുണ്ണിന് കാരണമാകാം

MediaOne Logo

Web Desk

  • Published:

    12 Feb 2024 2:43 PM GMT

mouth ulcers, health tips, latest malayalam news, വായിൽ അൾസർ, ആരോഗ്യ നുറുങ്ങുകൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

പലരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് വായ്പ്പുണ്ണ്. ഇഷ്ട ഭക്ഷണങ്ങളോട് നോ പറയേണ്ടി വരുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ. ഭക്ഷണത്തോട് മാത്രമല്ല പലപ്പോഴും വായുടെ ചലനങ്ങളോട് പോലും നോ പറയേണ്ടി വരും ഈ വായ്പ്പുണ്ണ് കാരണം. പ്രായഭേദമന്യേ ചുണ്ടിലും നാവിലും കവിളിലുമൊക്കെ കാണപ്പെടുന്ന ഈ ചെറിയ വൃണങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ്, മാനസിക സമ്മർദം, അണുബാധ, സോഡിയം ലൗറിൽ സൾഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകളുടെ ഉപയോഗം എന്നിവയും വായ്പുണ്ണിന് കാരണമാകാം. സാധാരണയായി, വെള്ള, മഞ്ഞ, ചുവപ്പ് അല്ലെങ്കിൽ ചാരനിറത്തിലാണ് ഈ വൃണങ്ങള്‍ കാണപ്പെടുക. വായ്പ്പുണ്ണ് മാരകമായ അവസ്ഥയല്ലെങ്കിലും ഇവ അങ്ങേയറ്റം വേദനാജനകമാണ്. ഈ വായ്പ്പുണ്ണിനെ ഇല്ലാതാക്കാനുള്ള പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ അര ടീ സ്പൂണ്‍ ഉപ്പ് കലര്‍ത്തിയ ശേഷം 30 സെക്കന്‍ഡ് വായില്‍ നിറച്ചുവയ്ക്കുക. അതിനു ശേഷം തുപ്പിക്കളയുക. ഇത് രാവിലെയും ഉച്ചക്കും വൈകിട്ടും ചെയ്യുക. വായ്പുണ്ണ് ഉള്ള സമയത്ത് എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ നല്ലതാണ്. പക്ഷെ കുറച്ചു കഴിഞ്ഞ് വായ കഴുകി വൃത്തിയാക്കണം. ചെറു ചൂടുവെള്ളത്തില്‍ അര ടീ സ്പൂണ്‍ ഉപ്പും ഒരു ടീ സ്പൂണ്‍ തേനും കൂടി ചേര്‍ത്ത് വായ്ക്കകത്ത് വച്ചാല്‍ പെട്ടെന്ന് വേദന മാറും. വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടിയാല്‍ നല്ലതാണ്. ഐസ് ഉപയോഗിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നതും ഗുണം ചെയ്യും. ബി കോംപ്ലക്സ് ഗുളികകള്‍ ഏഴു ദിവസം കഴിക്കേണ്ടതാണ്.

ഒരു സെന്‍റിമീറ്ററിനു മുകളില്‍ വലിപ്പമുള്ള വായ് പുണ്ണാണെങ്കില്‍ ശ്രദ്ധിക്കണം.രണ്ടാഴ്ച കഴിഞ്ഞിട്ടും വായ്പുണ്ണ് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കണം. ശക്തമായ വേദനയുണ്ടെങ്കിലും ചികിത്സ തേടണം. എല്ലാ ആഴ്ചയും തുടര്‍ച്ചയായി വരികയാണെങ്കിലും ഡോക്ടറെ സമീപിക്കേണ്ടതാണ്. വായ്പുണ്ണിനോടൊപ്പം ക്ഷീണം അനുഭവപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം.

വായിലെ ശുചിത്വം ഈ മുറിവുകൾ ഭേദമാകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ക്ലോർഹെക്സിഡിൻ പോലെയുള്ള ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ ഇതിനായി ഉപയോഗിക്കാം. സ്റ്റിറോയ്ഡ്, ആന്റിബയോട്ടിക്, വേദനാസംഹാരി ലേപനങ്ങളും, വിറ്റാമിൻ ബി കോംപ്ലക്സ്, സിങ്ക് ഗുളികകളും ഫലപ്രദമാണ്. മുറിവുകളുടെ വേദന കുറയ്ക്കാനും രോഗശമനം ത്വരിതപ്പെടുത്താനും ലേസർ ചികിത്സ ലഭ്യമാണ്.

മൂന്ന് തരം വായ്പുണ്ണ്

▪️മൈനർ അഫ്‍ത്തെ (മിക്‌ളിക്സ് അൾസർ)

10 മുതൽ 40 വയസ്സ് വരെ ഉള്ളവരിലാണ് മൈനർ അഫ്‍ത്തെ കാണപ്പെടുന്നത്. താരതമ്യേന വേദന കുറവാണ് ഈ ഇനത്തിന്. ചുണ്ട്, കവിൾ, നാക്കിന്റെ അടിഭാഗം, വായയുടെ അടിത്തട്ട് എന്നീ ചലിപ്പിക്കാവുന്ന ശ്ലേഷ്‌മ പടലത്തിലാണ് മുറിവുകൾ ഉണ്ടാകുന്നത്. ചെറിയ (2-4 മില്ലിമീറ്റർ)1 മുതൽ 6 വരെ മുറിവുകൾ ഇത്തരത്തിൽ ഉണ്ടാകാം. 7 മുതൽ 10 ദിവസം കൊണ്ട് ഇവ തഴമ്പുകൾ അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. എന്നാൽ വീണ്ടും ഇതേ രീതിയിൽ രോഗം കുറച്ചു കാലങ്ങൾക്കുള്ളിൽ തിരിച്ചു വരുന്നു.

▪️മേജർ അഫ്‍ത്തെ( സട്ടൻ അൾസർ / പെരിഅടിനിറ്റീസ്‌ മുക്കോസ നെക്രോറ്റിക്ക റിക്കറൻസ്)

ഇവ ഒരു സെന്റിമീറ്ററിൽ കൂടുതൽ വലുതും കൂടുതൽ വേദനാജനകവും ആണ്. വായ്ക്കുള്ളിൽ എവിടെയും ഇത്തരം പുണ്ണുകൾ ഉണ്ടാകാം. 1 മുതൽ 6 വരെ മുറിവുകളെ ഒരു സമയം ഉണ്ടാകാറുണ്ടെങ്കിലും മൈനർ അഫ്‍ത്തെയെക്കാൾ കൂടുതൽ കാലം നീണ്ടു നിൽക്കുകയും ഭേദമാകുമ്പോൾ തഴമ്പുകൾ അവശേഷിപ്പിക്കുകയും, അടിക്കടി രോഗം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

▪️ഹെർപിറ്റിഫോം അഫ്‍ത്തെ

മറ്റു രണ്ടിനങ്ങളെ അപേക്ഷിച്ചു ചെറുപ്പക്കാരിൽ പ്രത്യേകിച്ച് യുവതികളിലാണ് ഇത്തരം വായ്പുണ്ണ് കണ്ടു വരുന്നത്. വളരെ ചെറിയ (2 മില്ലിമിറ്റർ) 10 മുതൽ 100 വരെ കുമിളകൾ കൂട്ടമായി പ്രത്യക്ഷപ്പെടുന്നു, പിന്നീട് ഇവ ചെറിയ മുറിവുകളുടെ കൂട്ടങ്ങളായി മാറി ഏകദേശം ഒരു മാസം കൊണ്ട് ഭേദമാകുന്നു. വായ്ക്കുള്ളിൽ എവിടെയും ഇതുണ്ടാകാം. രോഗലക്ഷണങ്ങൾക്കു ഹെർപിസ് അണുബാധയുമായി അടുത്ത സാമ്യം ഉള്ളതാണ് ഈ പേര് വരാൻ കാരണം.

TAGS :

Next Story