തൈര് vs യോഗര്‍ട്ട്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം,ഏതാണ് കൂടുതല്‍ ആരോഗ്യകരം
തൈരും യോഗർട്ടും ഒന്നാണെന്ന് കരുതി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും

മലയാളിയുടെ ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. ചോറിനൊപ്പമുള്ള മോരുകൂട്ടാനായാലും ബിരിയാണിക്കൊപ്പമുള്ള സലാഡിലായാലും തൈരിന്റെ സ്ഥാനം വലുതാണ്. നമ്മൾ ദിവസവും കഴിക്കുന്ന തൈരും സൂപ്പർ മാർക്കറ്റുകളിൽ കാണുന്ന യോഗർട്ടും ഒന്നാണോ? മിക്കവരും ഇവ രണ്ടും ഒന്നാണെന്ന് കരുതിയാണ് ഉപയോഗിക്കുന്നത്.
കാഴ്ചയിൽ ഒരുപോലെ തോന്നിക്കുമെങ്കിലും തൈരും യോഗർട്ടും തമ്മിൽ നിർമ്മാണ രീതിയിലും പോഷകഗുണങ്ങളിലും വലിയ വ്യത്യാസങ്ങളുണ്ട്. രുചിക്കും ഘടനയ്ക്കും അപ്പുറം സൂക്ഷ്മമായ എന്നാൽ പ്രധാനപ്പെട്ട വ്യത്യാസങ്ങൾ രണ്ടിനുമിടയിലുണ്ട്. രണ്ടും പാലുത്പന്നവും ക്രീം നിറത്തിലുള്ളതുമാണ്. ആരോഗ്യഗുണങ്ങളെടുത്ത് നോക്കിയാല്‍ ഇവ രണ്ടും സമ്പന്നവുമാണ്. എന്നാൽ ഇവ രണ്ടും തമ്മിൽ നിർമ്മാണരീതിയിലും ഗുണങ്ങളിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്.
തൈരും യോഗർട്ടും തമ്മിലുള്ള യഥാർത്ഥ വ്യത്യാസങ്ങളും അവയുടെ ഗുണങ്ങളും എന്തൊക്കെയാണെന്ന് മനസിലാക്കാം...
നിർമ്മാണ രീതി
കാച്ചിയെടുത്ത പാലില്‍ അല്‍പം ഉറയൊഴിച്ച്(പഴയ തൈര്) ചേര്‍ത്ത് സ്വാഭാവികമായി പുളിപ്പിച്ചാണ് തൈരുണ്ടാക്കുന്നത്. എന്നാൽ കൃത്യമായ അളവിൽ ബാക്ടീരിയൽ കൾച്ചറുകൾ പാലിൽ ചേർത്താണ് യോഗർട്ട് നിർമ്മിക്കുന്നത്. തൈരിൽ പ്രകൃതിദത്തമായ ബാക്ടീരിയകളാണുള്ളത്. എന്നാൽ ഇവയുടെ അളവോ ഗുണമോ ഓരോ തവണയും ഒരുപോലെ ആയിരിക്കില്ല. യോഗർട്ടിലാകട്ടെ, ഓരോ സ്പൂണിലും അടങ്ങിയിരിക്കുന്ന ബാക്ടീരിയകളുടെ എണ്ണം കൃത്യമായിരിക്കും. അതിനാൽ ഇതിനെ 'പ്രോബയോട്ടിക്' എന്ന് വിളിക്കുന്നു. തൈര് അല്പം പുളിയുള്ളതും അയഞ്ഞ രീതിയിലുള്ളതുമാണ്. യോഗർട്ട് കൂടുതൽ ക്രീം പോലെയുള്ളതും കട്ടിയുള്ളതുമാണ്.
ഏതാണ് കൂടുതൽ ആരോഗ്യകരം?.
പ്രോട്ടീൻ, കാൽസ്യം എന്നിവയോടൊപ്പം ശരീരത്തിന് ആവശ്യമായ കൊഴുപ്പും കൃത്യമായ അളവിൽ തൈരിൽ അടങ്ങിയിരിക്കുന്നു.
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് യോഗർട്ട്. പേശികളുടെ ആരോഗ്യത്തിന് യോഗർട്ടിലെ ഉയർന്ന പ്രോട്ടീൻ സഹായിക്കുന്നു.
തൈരിൽ ലാക്ടോസിന്റെ അളവ് കൂടുതലാണ്. അതിനാൽ പാൽ ദഹിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തൈര് കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം.
യോഗർട്ടിൽ ലാക്ടോസ് വളരെ കുറവാണ്. നിർമ്മാണ വേളയിൽ ബാക്ടീരിയകൾ ലാക്ടോസിനെ ഗണ്യമായി കുറയ്ക്കുന്നതിനാൽ ഇത് ദഹിക്കാൻ എളുപ്പമാണ്. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് ഗ്രീക്ക് യോഗർട്ട് ആണ് ആരോഗ്യവിദഗ്ധർ പ്രധാനമായും ശിപാർശ ചെയ്യുന്നത്.
തൈരിലും യോഗര്‍ട്ടിലും കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കും.
അതേസമയം, കടകളിൽ നിന്ന് യോഗർട്ട് വാങ്ങുമ്പോൾ അതിൽ അമിതമായി പഞ്ചസാരയോ കൃത്രിമ രുചികളോ ചേർത്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ആരോഗ്യത്തിന് ഏറ്റവും നല്ലത് പ്ലെയിൻ യോഗർട്ട് അല്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന തൈര് തന്നെയാണ്. ഡയറ്റിൽ ഇവ ഉൾപ്പെടുത്തുന്നതിലൂടെ കുടൽരോഗങ്ങൾ അകറ്റാനും പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും. എന്നാൽ അമിതമായ അസിഡിറ്റി ഉള്ളവർ രാത്രികാലങ്ങളിൽ തൈര് ഒഴിവാക്കുന്നതാണ് ഉചിതം. പാലുത്പന്നങ്ങള്‍ അലര്‍ജിയുള്ളവരാണെങ്കില്‍ ഇവ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം കൂടി തേടുന്നത് നല്ലതായിരിക്കും.
Adjust Story Font
16

