Quantcast

'നോ ആഡഡ് ഷുഗര്‍, നോ മൈദ'; ബ്രിട്ടാനിയക്കെതിരായ എഫ്എസ്എസ്എഐ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ചില ചേരുവകള്‍ ചേര്‍ത്തിട്ടില്ല എന്ന് അവകാശപ്പെടുന്നത്, ഈ ചേരുവകള്‍ സുരക്ഷിതമല്ലെന്നോ നിലവാരം കുറഞ്ഞതാണെന്നോ ഉള്ള ധാരണ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുമെന്നായിരുന്നു എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടിയത്

MediaOne Logo

Web Desk

  • Published:

    17 Oct 2026 7:12 PM IST

Delhi High Court Stays FSSAI Order on Britannia
X

ന്യൂഡല്‍ഹി: ബ്രിട്ടാനിയ ബിസ്‌കറ്റ് പാക്കറ്റുകളില്‍ കൊടുത്തിരിക്കുന്ന 'നോ ആഡഡ് ഷുഗര്‍, നോ മൈദ, നോ പാംഓയില്‍' അവകാശവാദങ്ങള്‍ നീക്കണമെന്നുള്ള ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരു ഉല്‍പ്പന്നത്തെക്കുറിച്ചുള്ള വസ്തുതകള്‍ പാക്കറ്റില്‍ വ്യക്തമാക്കുന്നത് മറ്റ് നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങളെ ഇകഴ്ത്തിക്കാട്ടുന്നതോ ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ഉപഭോക്താക്കളെ സ്വാധീനിക്കുന്നതോ ആണെന്ന് പ്രഥമദൃഷ്ട്യാ പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

ചില ചേരുവകള്‍ ചേര്‍ത്തിട്ടില്ല എന്ന് അവകാശപ്പെടുന്നത്, ഈ ചേരുവകള്‍ സുരക്ഷിതമല്ലെന്നോ നിലവാരം കുറഞ്ഞതാണെന്നോ ഉള്ള ധാരണ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുമെന്നും അതുവഴി അനാവശ്യ സംശയം സൃഷ്ടിക്കുമെന്നും മറ്റ് ഉല്‍പ്പന്നങ്ങളെ ബാധിക്കുമെന്നുമാണ് എഫ്എസ്എസ്എഐ നോട്ടീസില്‍ പറഞ്ഞത്.

എന്നാല്‍, തങ്ങളുടെ ചില ഉല്‍പ്പന്നങ്ങളില്‍ 'പഞ്ചസാര ചേര്‍ക്കുന്നില്ല', 'മൈദ ചേര്‍ക്കുന്നില്ല', 'പാം ഓയില്‍ ചേര്‍ക്കുന്നില്ല' എന്നീ അവകാശവാദങ്ങള്‍ വസ്തുതാപരമായ പ്രസ്താവനകളാണെന്നും മറ്റ് നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങളെ ദുര്‍ബലപ്പെടുത്തുന്നതോ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉപഭോക്തൃ പെരുമാറ്റത്തെ സ്വാധീനിക്കുന്നതോ ആയി കണക്കാക്കാനാവില്ലെന്നും ബ്രിട്ടാനിയ വാദിച്ചു.

'100 ശതമാനം മില്ലറ്റ്' എന്ന അവകാശവാദവും ബ്രിട്ടാനിയ ഒരു ബിസ്‌കറ്റ് കവറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാണിച്ച് സെപ്റ്റംബര്‍ രണ്ടിന് എഫ്എസ്എസ്എഐ നോട്ടീസ് നല്‍കിയിരുന്നു. ഈ അവകാശവാദം നീക്കംചെയ്യാന്‍ തയ്യാറാണെന്ന് ബ്രിട്ടാനിയ കോടതിയെ അറിയിച്ചു. കേസ് വീണ്ടും ജനുവരി 15ന് പരിഗണിക്കും.

TAGS :

Next Story