ഗോഡ്‌സെയുടെ പേരിൽ നഗരി; ആലപ്പുഴയിൽ ഹിന്ദു മഹാസഭ സമ്മേളനം
പരിപാടി നടന്നതായി അറിവില്ലെന്നും പരാതിയൊന്നും ലഭിച്ചില്ലെന്നും ആലപ്പുഴ കുത്തിയതോട് പൊലീസ്

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ പേരുള്ള നഗരിയിൽ കേരളത്തിൽ സമ്മേളനം. അഖില ഭാരതീയ ഹിന്ദു മഹാസഭ ആലപ്പുഴയിൽ സംഘടിപ്പിച്ച കേരള സംസ്ഥാന സമ്മേളനമാണ് 'ഗോഡ്‌സേ നഗറി'ൽ അരങ്ങേറിയത്. ഫെബ്രുവരി 21 ന് ആലപ്പുഴ കുത്തിയതോട് എൻ.എസ്.എസ് കരയോഗം ഹാളാണ് ഗാന്ധിവധത്തിന്റെ പേരിൽ കുപ്രസിദ്ധനായ ഗോഡ്‌സേയുടെ പേരിലുള്ള നഗരിയാക്കി മാറ്റിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായെങ്കിലും പൊലീസ് നടപടിയെടുത്തില്ല.
സമ്മേളനത്തിന്റെ പോസ്റ്ററുകൾ ആലപ്പുഴ നഗരത്തിലും കൊച്ചിയിലുമടക്കം വിവിധ കേന്ദ്രങ്ങളിൽ പതിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു പരിപാടി നടന്നതായി അറിവില്ലെന്നും പരാതിയൊന്നും ലഭിച്ചില്ലെന്നും കുത്തിയതോട് പൊലീസ് പറഞ്ഞു.
കോൺഫറൻസ് ഹാളുകൾക്ക് ആദരണീയ വ്യക്തികളുടെ പേരിടുന്ന പതിവുണ്ട്. ഹിന്ദു മഹാസഭയുടെ സമ്മേളനഹാളിന് ഗാന്ധിയെ കൊന്നവന്റെ...
Posted by K Viswanathan on Saturday, February 27, 2021
'ഹിന്ദുരാഷ്ട്ര' സംസ്ഥാപനത്തിനായി തീവ്രമായി വാദിക്കുന്ന അഖില ഭാരത ഹിന്ദു മഹാസഭ ഇന്ത്യയുടെ മതേതര സ്വഭാവത്തെ ശക്തമായി എതിർക്കുന്നവരാണ്. 1915-ൽ 'സാർവദേശക് ഹിന്ദു സഭ' എന്ന പേരിൽ ആരംഭിച്ച ഈ സംഘടന 1921-ലാണ് ഇപ്പോഴുള്ള പേരിലേക്ക് മാറിയത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കാതിരുന്ന ഇവർ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനവും ക്വിറ്റ് ഇന്ത്യാ സമരവും അടക്കമുള്ള സമരമുറകളിൽ നിന്നും വിട്ടുനിന്നു.
ഹിന്ദു മഹാസഭ കേരള സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ
ക്വിറ്റ് ഇന്ത്യാ സമരത്തിൽ ഒരു നിലക്കും പങ്കാളികളാവരുതെന്ന് അന്നത്തെ ഹിന്ദു മഹാസഭാ പ്രസിഡണ്ട് വി.ഡി സവർക്കർ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെ ഹിന്ദുമഹാസഭയിൽ അംഗമായിരുന്നു. 2014-ൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിലെത്തിയതിനു പിന്നാലെ ഗോഡ്‌സെയെ ദേശസ്‌നേഹിയാക്കി ചിത്രീകരിക്കുന്നതിനുള്ള ശ്രമം സഭ ആരംഭിച്ചു. ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാൻ സഭ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി പ്രഗ്യാ ഠാക്കൂർ, ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് 2019-ൽ ലോക്‍സഭയിൽ പരാമർശിക്കുകയും ചെയ്തു.
2003-ൽ കണ്ണൂരിൽ വെച്ചാണ് സഭയുടെ കേരള ഘടകം രൂപീകൃതമായത്. മതേതരത്വം ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്നാണ് കേരള ഘടകം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ ബാംഗ്ലൂർ ഭാരത് മാതാ ഗുരുകുല ക്ഷേത്രത്തിലെ സാധു രംഗരാജൻ പറഞ്ഞത്.
Adjust Story Font
16

