Quantcast

ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഹോങ്കോങിനെതിരെ ഇന്ത്യക്ക് 26 ഗോള്‍ ജയം!

86 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയെ 24-1ന് ഒളിംപിക്‌സില്‍ തോല്‍പിച്ചതായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ജയം.

MediaOne Logo

Web Desk

  • Published:

    22 Aug 2018 10:34 AM GMT

ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഹോങ്കോങിനെതിരെ ഇന്ത്യക്ക് 26 ഗോള്‍ ജയം!
X

ഏഷ്യന്‍ ഗെയിംസിലെ പൂള്‍ ബിയില്‍ ഹോങ്കോങിനെ എതിരില്ലാത്ത 26 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യയുടെ കുതിപ്പ്. ഈ പ്രകടനത്തോടെ ഹോക്കിയില്‍ സ്വന്തം പേരിലുള്ള റെക്കോഡ് ഇന്ത്യ പുതുക്കി. 86 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയെ 24-1ന് ഒളിംപിക്‌സില്‍ തോല്‍പിച്ചതായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ജയം.

ഹോക്കിയില്‍ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡ് ന്യൂസിലന്റിന്റെ പേരിലാണ്. 1994ല്‍ 36-1നാണ് ന്യൂസിലണ്ട് സമോവയെ തോല്‍പ്പിച്ചത്. ലോക അഞ്ചാം നമ്പറായ ഇന്ത്യയും 45ആം സ്ഥാനത്തുള്ള ഹോങ്കോങും നേരിട്ടപ്പോള്‍ തന്നെ മത്സരം ഏകപക്ഷീയമാണെന്ന് ഉറപ്പായിരുന്നു. അപ്പോഴും ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ത്യക്കുവേണ്ടി രുപീന്ദര്‍ പാല്‍സിംങ്, ഹര്‍മന്‍പ്രീത് സിംങ് എന്നിവര്‍ നാല് ഗോളുകള്‍ വീതവും അകാശ്ദീപ് സിംങ് ഹാട്രിക്കും നേടി. മന്‍പ്രീത് സിംങ്, ലളിത് ഉപാധ്യായ, വരുണ്‍ കുമാര്‍ എന്നിവര്‍ ഇരട്ടഗോളുകള്‍ സ്വന്തമാക്കി. എസ് വി സുനില്‍, വിവേക് സാഗര്‍ പ്രസാദ്, മന്‍ദീപ് സിംങ്, അമിത് രോഹിദാസ്, ദില്‍പ്രീത് സിങ്, ചിങ്കലെന്‍സന സിങ്, സിമ്രാന്‍ജിത്ത് സിങ്, സുരേന്ദ്ര കുമാര്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി.

ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ഒരു കരുണയുമില്ലാത്ത പ്രകടനമായിരുന്നു ടീം ഇന്ത്യ നടത്തിയത്. ആദ്യ അഞ്ച് മിനുറ്റിനുള്ളില്‍ തന്നെ നാല് ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ആദ്യ രണ്ട് പാദങ്ങളില്‍ 14 ഗോളുകളാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗോളി പിആര്‍ ശ്രീജേഷിനെ ഒരിക്കല്‍ പോലും പരീക്ഷിക്കാന്‍ ഹോങ്കോങിനായില്ല. മൂന്നാം പാദത്തില്‍ ഹോങ്കോങ് ഗോളി മൈക്കല്‍ ചുങ് ചില മനോഹരമായ രക്ഷപ്പെടുത്തലുകള്‍ കൂടി നടത്തിയില്ലായിരുന്നെങ്കില്‍ അവരുടെ നില കൂടുതല്‍ വഷളാകുമായിരുന്നു. വെള്ളിയാഴ്ച്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Next Story