ചടയമംഗലത്ത് ചിഞ്ചു റാണിയെ സ്ഥാനാർഥിയാക്കിയാൽ പ്രതിഷേധിക്കുമെന്ന് സി.പി.ഐ പ്രാദേശിക നേതൃത്വം
പറവൂരിൽ സ്ഥാനാർഥിയാകണമെന്നാവശ്യപ്പെട്ട് സി.പി.എം-സി.പി.ഐ നേതാക്കൾ സമീപിച്ചതായി ഇടത് നിരീക്ഷകൻ എൻ.എം പിയേഴ്സൺ പറഞ്ഞു

സി.പി.ഐയുടെ ശക്തികേന്ദ്രമായ കൊല്ലം ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം. ചടയമംഗലത്ത് ചിഞ്ചു റാണിയെ സ്ഥാനാർഥിയാക്കിയാൽ പ്രതിഷേധിക്കുമെന്ന് സി.പി.ഐ പ്രാദേശിക നേതൃത്വം.
പറവൂരിൽ സ്ഥാനാർഥിയാകണമെന്നാവശ്യപ്പെട്ട് സി.പി.എം-സി.പി.ഐ നേതാക്കൾ സമീപിച്ചതായി ഇടത് നിരീക്ഷകൻ എൻ.എം പിയേഴ്സൺ പറഞ്ഞു. വിഭാഗീയത പ്രശ്നം രൂക്ഷമായ കൊല്ലത്ത് മൂന്നിടങ്ങളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും ചടയമംഗലത്ത് സ്ഥാനാർത്ഥിയെ കണ്ടെത്താൻ നേതൃത്വത്തിന് ആയിട്ടില്ല. ജില്ലാ എക്സിക്യൂട്ടിവ് ചേർന്ന് പ്രദേശിക നേതാവ് പി മുസ്തഭയുടെ അടക്കം മൂന്ന് പേരുകൾ നിർദ്ദേശിച്ചെങ്കിലും സംസ്ഥാന നേതൃത്വമത് പരിഗണിച്ചിട്ടില്ല.
വനിത പ്രാതിനിധ്യം കുറവാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെ ജെ. ചിഞ്ചുറാണിയെ ഇവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ജില്ലാനേതൃത്വത്തിന്‍റെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം. ചടയമംഗലത്ത് സ്ഥാനാർഥിയെ കെട്ടിയിറക്കേണ്ടതില്ലെന്നും ചിഞ്ചു റാണിയെ മത്സരിപ്പിച്ചാൽ പരസ്യ പ്രതിഷേധം നടത്തുമെന്ന് സി.പി.ഐ പ്രാദേശിക നേതൃത്വം അറിയിച്ചു കഴിഞ്ഞു
അതേസമയം പറവൂര്‍,നാട്ടിക,ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടായേക്കും. യുവജന പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഹരിപ്പാട് എ.ഐ.വൈ.എഫ് നേതാവിനെയും നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെയും പരിഗണിക്കുന്നുണ്ട്. പറവൂരിൽ എൻ.എം പിയേഴ്സണെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. സി.പി.എം-സിപിഐ നേതാക്കൾ സംസാരിച്ചതായി എൻ എം പിയേഴ്സൺ പറഞ്ഞു. ഇടത് മുന്നണിയിലെ സ്ഥാനാർഥി നിർണ്ണയ തർക്കം ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി ഇ.ചന്ദ്രശേഖരനും പ്രതികരിച്ചു.
Adjust Story Font
16

