Quantcast

മോഷണം കാര്‍ലോക്ക് ഒരു ആനന്ദമാണ്; എൽ ഏയ്ഞ്ചൽ റിവ്യൂ വായിക്കാം

അർജന്റീനയിലെ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന കാർലോസ് ലൊബ്രേഡോ പുച്ച് എന്ന സൈക്കോപാത്ത് കൊലയാളിയുടെ കഥയാണ് എൽ ഏയ്ഞ്ചൽ.

MediaOne Logo
മോഷണം കാര്‍ലോക്ക് ഒരു ആനന്ദമാണ്; എൽ ഏയ്ഞ്ചൽ റിവ്യൂ വായിക്കാം
X

അർജന്റീനയിലെ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന കാർലോസ് ലൊബ്രേഡോ പുച്ച് എന്ന സൈക്കോപാത്ത് കൊലയാളിയുടെ കഥയാണ് എൽ ഏയ്ഞ്ചൽ. 40 വർഷത്തിലധികമായി ജയിൽ വാസം അനുഭവിക്കുന്ന കാർലോസ് തന്റെ പതിനേഴാം വയസ്സിൽ തന്നെ കുറ്റകൃത്യങ്ങൾ ചെയ്ത് തുടങ്ങിയിരുന്നു. 20 വയസ്സിനുള്ളിൽ കാർലോസ് ചെയ്തത് 11 കൊലപാതകങ്ങളും 46 മോഷണ കേസുകളുമാണ്. ഒരു പ്രത്യേക കൂട്ടത്തിൽ ജോലി ചെയ്യുമ്പോൾ പണമുണ്ടാക്കുക എന്നത് സ്വഭാവിക ലക്ഷ്യമാകുമെങ്കിലും അതായിരുന്നില്ല തെറ്റുകൾ ചെയ്യാൻ കാർലോയുടെ പ്രധാന പ്രചോദനം. അയാൾ മോഷണവും കൊലപാതകവുമെല്ലാം നടത്തുന്നത് സന്തോഷത്തിന് വേണ്ടിയാണ്. ആയതിനാൽ അർജന്റീനയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനലുകളിലൊരാളാണ് കാർലോ. യഥാർത്ഥ കഥയും സിനിമക്ക് വേണ്ട ഭാവനയും ഇഴ കലർന്നാണ് ഏയ്ഞ്ചൽ ജനിക്കുന്നത്. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലൂയീസ് ഒർടെഗയാണ്.

സിനിമ തുടങ്ങുന്നത് തന്നെ 1971ലെ ബ്യൂണസ് എറെസിലെ ഒരു പ്രഭാതത്തിലാണ്. കൗമാരക്കാരനായ ഒരു യുവാവ് ആരുമില്ലാത്ത ഒരു വീട്ടിൽ അനുവാദമില്ലാതെ മതിൽ ചാടി അകത്ത് കടക്കുകയും അവിടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നോക്കി പാട്ട് വച്ച് നൃത്തം ചെയ്യുകയും ചെയ്യുന്നു. പുറത്ത് പോയി ആ കൗമാരക്കാരൻ വില പിടിപ്പുള്ള ഒരു കാറിൽ കയറി ഇരിക്കുമ്പോഴാണ് അടുത്ത് ഒരു ബൈക്ക് നിൽക്കുന്നത് കാണുന്നത്. കാർ വേണ്ടെന്ന് വച്ച് ബൈക്കെടുത്ത് നഗരം ചുറ്റി ആവശ്യം കഴിഞ്ഞപ്പോൾ അത് ഉപേക്ഷിക്കുന്നതിലൂടെ തന്നെ വ്യക്തമാണ് അവൻ എന്തിനാണ് അത് മോഷ്ടിച്ചതെന്ന്. കളവ് അവന് ആനന്ദം പകരുന്നു. അതാണ് കാർലിതോ. 17 വയസുകാരനായ ക്രിമിനൽ. ചുവന്ന ചുണ്ടുകളും നീണ്ട് ചുരുണ്ട മുടിയും നിഷ്കളങ്കത വിട്ട് മാറാത്ത മുഖവും ഒരു സീരിയൽ കില്ലർക്ക് എങ്ങിനെ നൽകാം എന്നതിൽ സംവിധായകന് വലിയ ആശയക്കുഴപ്പം സംഭവിച്ചേക്കാം. എങ്കിലും അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

സ്കൂളിൽ വച്ച് റാമോൺ എന്ന തന്റെ സീനിയറുമായി കർലിതോ അടിപിടിയിൽ ഏർപ്പെടുകയും ശേഷം അവർ നല്ല സുഹൃത്തുക്കൾ ആവുകയും ചെയ്യുന്നു. റാമോണിന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടുന്ന കർലിതോയെ റാമോണിന്റെ പിതാവ് തോക്ക് ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന് പഠിപ്പിക്കുന്നു. പിന്നീട് അവർ ഒന്നിച്ച് കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങുന്നു. അങ്ങിനെ മുന്നോട്ട് പോകുന്ന കഥ ഏതെല്ലാം രീതിയിലൂടെ പോകുന്നു എന്നതാണ് സിനിമയുടെ രത്ന ചുരുക്കം.

യഥാർത്ഥ വ്യക്തിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മെനഞ്ഞുണ്ടാക്കിയ പല സീനുകളുടെ സഹായത്തോടെ എൽ ഏയ്ഞ്ചൽ സിനിമയായപ്പോൾ ഒരു കച്ചവട സിനിമയുടെ മേമ്പൊടി മാത്രമേ ചിത്രത്തിൽ ദർശിക്കാൻ സാധിക്കുന്നുള്ളു. വളരെ പരിമിതമായ കഥാസന്ദർഭങ്ങൾ സിനിമയിൽ രസംകൊല്ലിയാവുന്നത് കാണാം. എങ്കിലും പാടെ നിരാശപ്പെടുത്താതെ ഒരു പാതയിലൂടെ സഞ്ചരിക്കുകയാണ് എൽ ഏയ്ഞ്ചൽ.

TAGS :

Next Story