Quantcast

അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം

സിനിമയിലെ ഏറ്റവും വലിയ അത്ഭുതം 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയും രണ്ട് വയസ്സ് പോലും പ്രായമില്ലാത്ത മറ്റൊരു കുട്ടിയേയും വച്ച് സംവിധായിക എങ്ങിനെ ഇത്ര മനോഹരമായി കഥ പറഞ്ഞു എന്നതിലാണ്.

MediaOne Logo
അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം
X

12 വയസ്സായ സെയിൻ എന്ന കുട്ടി അഞ്ച് വർഷത്തെ തടവിന് ജുവനൈൽ ഹോമിൽ അടക്കപ്പെടുന്നു. അവിടെ നിന്ന് സെയിൻ തന്റെ മാതാപിതാക്കൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. കോടതി മുറിയിൽ വച്ച് എന്തിനാണ് മാതാപിതാക്കളെ ശിക്ഷിക്കേണ്ടത് എന്ന ജഡ്ജിയുടെ ചോദ്യത്തിന് സെയ്ൻ പറയുന്ന ഉത്തരം ആരെയും ഞെട്ടിക്കുന്നതാണ്. എന്നെ ജനിപ്പിച്ചതിന്... എന്നായിരുന്നു അത്. കഥ അവിടെ തുടങ്ങുന്നു. കാപർനോം ഒരു പാളിയിൽ നിന്ന് വലിയ ഒരു ജനജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ വിളിച്ചോതിക്കൊണ്ട് പല തരത്തിലുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ്.

കാപർനോം എന്നാൽ ഫ്രഞ്ചിൽ ആശയക്കുഴപ്പം എന്നാണർത്ഥം. ബെയ്റട് തെരുവിൽ ജീവിക്കുന്ന ഒരു 12 വയസ്സ്കാരൻ മാതാപിതാക്കളെ എന്ത് കൊണ്ട് കോടതി കയറ്റുന്നു എന്നതിൽ തുടങ്ങി കഥ എത്തുന്നത് ലെബനനിൽ ദുരിതമനുഭവിക്കുന്ന ഒരുകൂട്ടം അഭയാർത്ഥികളുടെ ജീവിതങ്ങളിലേക്കാണ്.

അനധിക്രത കുടിയേറ്റക്കാരായതിനാൽ അവരെ സംരക്ഷിക്കുന്ന മുതലാളി എന്ത് പറയുന്നോ, അത് ചെയ്യുകയല്ലാതെ സെയിനിന്റെ മാതാപിതാക്കൾക്ക് മറ്റ് മാർഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത് കാലങ്ങളായി തുടർന്ന് വന്നതിനാൽ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന തിരിച്ചറിവ് പോലും അവർക്ക് നഷ്ടമായി കഴിഞ്ഞു. മുതലാളിയുടെ മകന് സെയിനിന്റെ 11 വയസ്സായ ഇളയ സഹോദരിയിൽ താൽപര്യമുള്ളതിനാൽ പ്രായപൂര്‍ത്തിയായ ശേഷം അവളെ അവർക്ക് നൽകാനായി കാത്തിരിക്കുകയാണ് സെയിനിന്റെ മാതാപിതാക്കൾ. അത് മനസ്സിലാക്കുന്ന സെയിൻ അവൾ പ്രായപൂർത്തിയായിട്ടും അവളുടെ ആർത്തവം മറച്ച് പിടിക്കാൻ പല വഴികളും നോക്കുന്നു. പക്ഷെ, ഒരു ദിവസം മാതാപിതാക്കൾ ആ രഹസ്യം കണ്ട് പിടിക്കുന്നു. അടുത്ത ദിവസം തന്നെ അവളെ മുതലാളിക്ക് പിടിച്ച് നൽകുകയും ചെയ്യുന്നു. ഇതിൽ കുപിതനായ സെയിൻ വീട് വിട്ട് ഇറങ്ങുകയാണ്. പിന്നീട് സെയിൻ കാണുന്നത് ഇത് പോലുള്ള പല ജീവിതങ്ങളാണ്.

സിറിയൻ യുദ്ധത്തിന് ശേഷം അവിടേക്ക് കുടിയേറിപ്പാർത്ത ലെബനന്‍ അനധികൃത അഭയാർത്ഥികളുടെ ജീവിതമാണ് സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയം. അതിൽ ബാലപീഡനവും പട്ടിണിയും നിസ്സഹായതയുമെല്ലാം ഇടകലർന്ന് വരുന്നു. 12 വയസ്സുകാരനായ സെയിനും കുടുംബവും താമസിക്കുന്നത് ഒരു ചെറിയ ഒറ്റമുറി വീട്ടിലാണ്. ഏഴ് കുട്ടികളും അച്ഛനും അമ്മയുമെല്ലാം ഒരു മുറിയിൽ ചുരുങ്ങുമ്പോഴുണ്ടാകുന്ന സ്വകാര്യതയുടെ പ്രശ്നങ്ങൾ മുതൽ മറ്റ് മാർഗ്ഗമില്ലാതെ സ്വന്തം മകളെ വിൽക്കാൻ മുതിരുന്ന മാതാപിതാക്കളുടെ നിസ്സഹായതയിലേക്ക് വരെ സിനിമ യാത്ര ചെയ്യുന്നു. രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഇത്പോലെ ദുരിതമനുഭവിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. ഈ പ്രശ്നങ്ങളെല്ലാം കൂടുതൽ ബാധിക്കുന്നത് വരും തലമുറയെയാണെന്ന് കാപ്പർനോം വിളിച്ചോതുന്നു.

അനിയത്തിയെ മാതാപിതാക്കൾ മുതലാളിക്ക് നൽകിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന സെയിൻ റേച്ചൽ എന്ന കറുത്ത വർഗ്ഗക്കാരിയിലേക്കാണ് ചെന്നെത്തുന്നത്. അനധികൃത കുടിയേറ്റക്കാരിയായ റേച്ചൽ മറ്റാരുടെയോ എെ.ഡി ഉപയോഗിച്ചാണ് ജീവിക്കുന്നത്. 1 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന മകനെ പുറത്ത് കാണിച്ചാൽ ഡി പോർട്ട് ചെയ്യുമെന്ന കാരണത്താൽ അവനെ ഒളിപ്പിച്ച് വക്കുന്ന നിസ്സഹായയായ റേച്ചൽ മറ്റൊരു വിഭാഗത്തിന്റെ പ്രതീകമാണ്. മുടി മുറിച്ചും മുലപ്പാൽ നൽകിയും വരെ അവർ അതിജീവിക്കുന്നു.

സിനിമയിലെ ഏറ്റവും വലിയ അത്ഭുതം 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയും രണ്ട് വയസ്സ് പോലും പ്രായമില്ലാത്ത മറ്റൊരു കുട്ടിയേയും വച്ച് സംവിധായിക എങ്ങിനെ ഇത്ര മനോഹരമായി കഥ പറഞ്ഞു എന്നതിലാണ്. പ്രധാന കഥാപാത്രമായ സെയിനിനെ അവതരിപ്പിച്ച സെയിൻ അൽ റഫീ യഥാർത്ഥത്തിൽ ഒരു അഭയാർത്ഥി ബാലനാണെന്നത് വീണ്ടും അമ്പരപ്പിക്കുന്നു. ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതാവുമ്പോൾ കിട്ടുന്ന മാർഗ്ഗങ്ങൾ സ്വീകരിച്ച് ജനങ്ങൾ വീണ്ടും ജീവിക്കുന്നു. സെയിൻ എന്ന 12 വയസ്സ്കാരന്റെ അതിജീവനം വർഷങ്ങളായി സിറിയയിലെ ലെബനൻ അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളുടെ നേർചിത്രമാണ്.

ക്ലൈമാക്സിൽ തന്‍റെ മാതാപിതാക്കള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഇനി ഇവർ ആർക്കും ജന്മം നൽകരുതെന്ന സെയിനിന്റെ ഉത്തരം ചിന്തിപ്പിക്കുന്നതും വൈകാരികമാക്കുന്നതുമാണ്. സിനിമയുടെ തുടക്കം മുതൽ അമ്പരപ്പിച്ച് മുന്നേറിയ കാപ്പർനോം അവസാനത്തെ ഒരു ഷോട്ടിൽ കണ്ണീരും സമ്മാനിച്ച് കയ്യടി നേടി. ആരും കാണാതെ പോകുന്ന ജീവിതങ്ങളുടെ അതിജീവനമാണ് കാപ്പർനോം.

TAGS :

Next Story