പുനലൂരിൽ കഴിഞ്ഞ തവണ ലീഗ് മത്സരിച്ച സീറ്റ് ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്
മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഒരേയൊരു കോൺഗ്രസ് എം.എൽ.എ ആയ പുനലൂർ മധുവിനെയാണ് പാർട്ടി ഇവിടെ പരിഗണിക്കുന്നത്

പുനലൂരിൽ കഴിഞ്ഞ തവണ മുസ്‍ലിം ലീഗ് മത്സരിച്ച സീറ്റ് ഏറ്റെടുത്ത് പോരാട്ടത്തിന് ഇറങ്ങുകയാണ് കോൺഗ്രസ്. മന്ത്രിയും സിറ്റിങ്ങ് എം.എൽ.എയുമായ കെ.രാജുവിനെ മാറ്റിയാണ് സി. പി.ഐ അങ്കത്തിനിറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പോരാട്ടത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതും പുനലൂർ പോരാട്ടത്തിന് ആകാംക്ഷ കൂട്ടും.
2016ൽ പോൾ ചെയ്ത വോട്ടുകളിൽ 56.85 ശതമാനവും നേടിയായിരുന്നു കെ. രാജുവിന്‍റെ വിജയം. 3 തവണ മത്സരിച്ചതിനാൽ ഇത്തവണ കെ. രാജു മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പാണ്. മണ്ഡലത്തിലെ മുൻ എം.എൽ.എ പി.എസ് സുപാലിന്‍റെ പേരാണ് സി.പി.ഐയുടെ പരിഗണന പട്ടികയിൽ ആദ്യം. സുപാലിനെതിരെ പാർട്ടി നടപടിയുണ്ടായ സാഹചര്യത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ആർ. സജിലാലിന്‍റെ പേരും പരിഗണിക്കുന്നു.
കഴിഞ്ഞ തവണ ലീഗ് മത്സരിച്ച സീറ്റ് ഇത്തവണ കോൺഗ്രസ് എറ്റെടുക്കുകയാണ്. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഒരേയൊരു കോൺഗ്രസ് എം.എൽ.എ ആയ പുനലൂർ മധുവിനെയാണ് പാർട്ടി ഇവിടെ പരിഗണിക്കുന്നത് . 1991- 96 കാലഘട്ടത്തിൽ മണ്ഡലം പ്രതിനിധീകരിച്ച മധുവിന് പിന്നീട് അവസരം ലഭിച്ചിട്ടില്ല . കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സിന്‍റെയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എസ്.ഇ സഞ്ജയ് ഖാന്‍റെയും പേര് നേതൃത്വത്തിന്‍റെ മുന്നിൽ ചർച്ചയ്ക്ക് എത്തിയിട്ടുണ്ട്.
ഇടതു കോട്ടയിൽ ഒരു അട്ടിമറി അത്ര എളുപ്പമല്ലെന്ന് കോൺഗ്രസിനറിയാം എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും സി.പി.ഐയിലെ വിഭാഗീയതയിലും യു.ഡി.എഫ് പ്രതീക്ഷ വയ്ക്കുന്നു.
Adjust Story Font
16

