ഇന്ത്യന്‍ വനിതകളെ എട്ട് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക
50 ഓവറില്‍ 177 റണ്‍സാണ് ഇന്ത്യന്‍ ടീമിന് ആകെ നേടാനായത്

ഇന്ത്യന്‍ വനിതാ ടീമിനെ എട്ട് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ലക്നൗവില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അമ്പേ പരാജയപ്പെടുകയായിരുന്നു. 50 ഓവറില്‍ 177 റണ്‍സാണ് ഇന്ത്യന്‍ ടീമിന് ആകെ നേടാനായത്. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി മിഥാലി രാജ്–ഹര്‍മ്മന്‍പ്രീത് കൂട്ടുകെട്ട് മാത്രമാണ് അല്‍പമെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചത്. മിഥാലി തന്‍റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായപ്പോള്‍ 40 റണ്‍സാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ നേടിയത്. 27 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ പിടിച്ചു നിന്ന മറ്റൊരു താരം. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈല്‍ മൂന്നും നോന്‍കുലുലേകോ മ്ലാബ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി ഓപ്പണര്‍മാരായ ലിസെല്ലേ ലീയും ലോറാ വോല്‍വാര്‍ട്ടും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ടീമിന് പത്ത് വിക്കറ്റ് ജയം നല്‍കുമെന്ന് തോന്നിപ്പിച്ചെങ്കിലും വിജയത്തിന് ഒന്‍പത് റണ്‍സ് അകലെ ലോറാ വോല്‍വാര്‍ട്ട് വിക്കറ്റാകുകയായിരുന്നു. പിന്നാലെ വന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ സുനെ ലൂസ് പൂജ്യത്തിന് പുറത്തായി. ഇരുവരുടേയും വിക്കറ്റ് ജൂലന്‍ ഗോസ്വാമിയാണ് നേടിയത്. ദക്ഷിണാഫ്രിക്കക്കായി ലിസെല്ലേ ലീ 83 റണ്‍സും ലോറാ വോല്‍വാര്‍ട്ട് 80 റണ്‍സും നേടി.
Adjust Story Font
16

