Quantcast

ഒന്നര ലക്ഷം പേർ 'വിദേശി'കൾ, അഞ്ചു വർഷത്തിനുള്ളിൽ അസം തടങ്കൽ പാളയങ്ങളിൽ 31 പേർ മരണപ്പെട്ടു: സർക്കാർ

അസമിലെ ആറു തടങ്കൽ പാളയങ്ങളിലെ 2016-22 കാലയളവിലെ കണക്കാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    29 March 2022 1:01 PM GMT

ഒന്നര ലക്ഷം പേർ വിദേശികൾ, അഞ്ചു വർഷത്തിനുള്ളിൽ അസം തടങ്കൽ പാളയങ്ങളിൽ 31 പേർ മരണപ്പെട്ടു: സർക്കാർ
X

അസമിലെ ട്രിബ്യൂണൽ കോടതികൾ 1,44,077 പേരെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഞ്ചു വർഷത്തിനുള്ളിൽ അസമിലെ തടങ്കൽ പാളയങ്ങളിൽ 31 'പ്രഖ്യാപിത വിദേശികൾ' മരണപ്പെട്ടുവെന്നും നിയമസഭയെ അറിയിച്ച് സംസ്ഥാന സർക്കാർ. 185 പേർ ഇപ്പോഴും തടങ്കലിലുണ്ടെന്നും 1047 പേർ ജാമ്യത്തിലാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇവർ പൗരത്വം തെളിയിക്കാനായി വിദേശികളുടെ ട്രൈബൂണലിൽ വ്യവഹാരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ആറു തടങ്കൽ പാളയങ്ങളിലെ 2016-22 കാലയളവിലെ കണക്കാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. 2022 ജനുവരി 31 വരെയായി അസമിലെ ട്രിബ്യൂണൽ കോടതികൾ 1,22,622 കേസുകൾ തീർപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എംഎൽഎ കമലാഖ്യ ഡേ പുർകയാസ്ഥ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുവയാണ് അദ്ദേഹം മരണ സംഖ്യ പുറത്തുവിട്ടത്. ഗോപാൽപറ തടങ്കൽ പാളയത്തിൽ-14, തേസ്പൂർ-ഒമ്പത്, കൊക്രഞ്ചർ-മൂന്ന്, ജോർഹട്ട്-ഒന്ന് എന്നിങ്ങനെയാണ് മരണം രേഖപ്പെടുത്തിയത്. 2016 മാർച്ച് 17 ന് സിൽച്ചറിലാണ് ആദ്യ മരണം നടന്നത്. 2015 ഒക്‌ടോബർ അഞ്ചിന് പിടികൂടിയ ഹയ്ൽക്കണ്ടി ജില്ലാ നിവാസിയായിരുന്ന 79 കാരനാണ് മരിച്ചത്. 2021 മേയ് ഒന്നിനും 2022 ഫെബ്രുവരി 28നും ഇടയിലായി 19,358 പേരുടെ പൗരത്വ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. കമലാഖ്യയുടെ മറ്റൊരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ചെങ്ക്‌ള എംഎൽഎ അഷ്റഫുൽ ഹുസൈനാണ് വിദേശികളുടെ ട്രൈബ്യൂണലുകൾ തീർപ്പാക്കിയ കേസുകളുടെ എണ്ണത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്. നൂറ് വിദേശി ട്രൈബൂണലുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. 11 അനധികൃത കുടിയേറ്റക്കാരുടെ തടങ്കൽ പാളയങ്ങളു(ഐഎംഡിടി) ണ്ടെന്നും വ്യക്തമാക്കി. 2005ൽ ഐഎംഡിടി ആക്ട് പിൻവലിച്ച ശേഷം അതേ വർഷം, 21 വിദേശ ട്രൈബൂണൽ കൂടി സർക്കാർ സ്ഥാപിച്ചിരുന്നു. 2009 ൽ നാലും 2014ൽ 64 ട്രൈബൂണലുകൾ സജ്ജീകരിച്ചു. 1941 ലെ ഫോറിനേഴ്‌സ് ട്രൈബൂണൽ ആക്ട് പ്രകാരവും 1964ലെ കേന്ദ്രസർക്കാർ നിർദേശപ്രകാരവും ജഡ്ജുമാരെയും അഭിഭാഷകരെയും നിയമിച്ചു.

അസമിൽ 'വിദേശികൾ' താമസിക്കുന്ന തടങ്കൽ കേന്ദ്രങ്ങള്‍ ഇനി 'ട്രാൻസിറ്റ് ക്യാമ്പുകൾ' എന്ന് അറിയപ്പെടുമെന്ന് അസം സർക്കാർ മുമ്പ് അറിയിച്ചിരുന്നു. 2021 ആഗസ്റ്റ് 17ന് ആസാമിലെ ആഭ്യന്തര, രാഷ്ട്രീയ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിരജ് വർമ ​​ഒപ്പിട്ട ഒരു വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.വിദേശികള്‍ക്കുള്ള തടവുകേന്ദ്രങ്ങള്‍ മനുഷ്യ സൗഹാർദമാക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തങ്ങളെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1.5 lakh 'foreigners', 31 Dead in Assam detention camps in five years: Govt

TAGS :

Next Story