ബിഹാറിൽ ബിജെപി നേതാവിന്റെ സ്ഥാപനത്തിൽ വൻ മദ്യവേട്ട

മദ്യനിരോധന നിയമം പുനഃപരിശോധിക്കണമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-25 12:30:56.0

Published:

25 Nov 2021 12:30 PM GMT

ബിഹാറിൽ ബിജെപി നേതാവിന്റെ സ്ഥാപനത്തിൽ വൻ മദ്യവേട്ട
X

ബിഹാറിൽ ബിജെപി നേതാവിന്റെ ശീതളപാനീയ ഏജൻസിയിൽ വൻ മദ്യവേട്ട. പാട്‌നയിലെ പ്രമുഖ നേതാവായ നീലേഷ് മുഖിയയുടെ സ്ഥാപനത്തിൽനിന്ന് പൊലീസ് 17 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി.

ദിഗയിലെ ഏജൻസിയിലായിരുന്നു ഇന്ന് രാവിലെ പാട്‌ന പൊലീസും എക്‌സൈസ് വകുപ്പും ചേർന്ന് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഭവത്തിനു പിന്നാലെ മുഖിയ ഒളിവിൽപോയതായി പൊലീസ് പറഞ്ഞു. ഏജൻസിയിൽനിന്ന് നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നീലേഷ് മുഖിയയുടെ ഓഫീസ് കാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികളുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. റെയ്ഡിനെത്തുമ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, ഓഫീസ് കാബിനിൽ പരിശോധന തുടങ്ങിയതോടെ മുഖിയ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേന്ദ്രമന്ത്രിമാരടക്കം ബിജെപിയുടെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് നീലേഷ് മുഖിയ. 2020ലെ തദ്ദേശ തെരഞ്ഞടെുപ്പിൽ പാട്‌നയിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. മുഖിയയുടെ ഭാര്യ നിലവിൽ ദിഗയിലെ വാർഡ് കൗൺസിലറുമാണ്.

മദ്യ നിരോധന നിയമപ്രകാരം സ്ഥാപനത്തിനും ഉടമ മുഖിയയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖിയയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ബിഹാറിൽ മദ്യനിരോധന നിയമം പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ സ്ഥാപനത്തിലെ മദ്യവേട്ട. മദ്യനിരോധനം റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ നിതീഷ് കുമാറിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

Summary: Patna Police have seized 17 bottles of India made foreign liquor from the soft drink agency of Bharatiya Janata Party (BJP) leader Nilesh Mukhiya

TAGS :

Next Story