Quantcast

മുതലക്കുഴിയിൽ വീണുകിടന്നത് അഞ്ച് ദിവസം; 19 കാരന് പുതുജീവൻ

വഴക്കിനെതുടർന്ന് വീടുവിട്ടിറങ്ങിയ വിദ്യാർഥി പുഴയിൽ ചാടിയതാണെന്നാണ് നിഗമനം

MediaOne Logo

Web Desk

  • Published:

    24 March 2024 9:54 AM GMT

മുതലക്കുഴിയിൽ വീണുകിടന്നത് അഞ്ച് ദിവസം;  19 കാരന് പുതുജീവൻ
X

കോൽഹാപൂർ/മഹാരാഷ്ട്ര: സിനിമയെ വെല്ലുന്ന അതിജീവനകഥയാണ് മഹാരാഷ്ട്രയിലെ പഞ്ചഗംഗാ നദിയുടെ തീരത്തുള്ള ഷിർദോൻ ഗ്രാമത്തിൽ വെള്ളിയാഴ്ച സംഭവിച്ചത്. മുതലകൾ നിറയേയുള്ള പുഴയിലെ ചതുപ്പിൽ കുടുങ്ങിയ 19കാരനെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി.

തിങ്കളാഴ്ചയാണ് ആദിത്യ ബന്ധ്കർ എന്ന വിദ്യാർഥി വഴക്കിനെത്തുടർന്ന് വീടുവിട്ടിറങ്ങിയത്. ഏറെനേരം കഴിഞ്ഞും ബന്ധ്കർ മടങ്ങിവരാത്തതിനെത്തുടർന്ന് വീട്ടുകാർ തിരച്ചിലാരംഭിക്കുകയായിരുന്നു. ഗ്രാമം മുഴുവൻ അന്വേഷിച്ചിട്ടും ബന്ധ്കറിനെ കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ കുടുംബം പൊലീസിലും പരാതിപ്പെട്ടു.

ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വിദ്യാർഥിയുടെ ചെരുപ്പുകൾ പഞ്ചഗംഗാ നദിയുടെ തീരത്ത് നിന്നും കണ്ടെത്തുകയായിരുന്നു.

പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ നാട്ടുകാർ പ്രാദേശിക ദുരന്ത രക്ഷാ സേനയായ വൈറ്റ് ആർമിയുടെ സഹായത്തോടെ നദിയിലും തിരച്ചിൽ ആരംഭിച്ചു.

പഞ്ചഗംഗാ നദി വളരേയധികം മുതലകളുള്ള പ്രദേശമാണ്. പ്രദേശത്ത് മനുഷ്യരെ മുതലകൾ ആക്രമിച്ച ചരിത്രവുമുണ്ട്.

വിദ്യാർഥിക്കായി നദിയുടെ 10 കിലോമീറ്റർ ദൂരം വരെ തിരച്ചിൽ സംഘം യാത്ര ചെയ്തു. ഡ്രോണുകളും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. ഡ്രോണുകളിൽ നദിക്ക് വശങ്ങളിലായി കൂറ്റൻ മുതലകളെ കണ്ടതല്ലാതെ വിദ്യാർഥിയെ കണ്ടെത്താൻ സാധിച്ചില്ല.

വെള്ളിയാഴ്ചയോടെ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങാൻ തീരുമാനിച്ച സംഘത്തിന് നദിക്കരക്കടുത്തുള്ള പാറക്കെട്ടുകൾക്ക് പിന്നിൽ നിന്നും കരച്ചിൽ കേൾക്കുകയായിരുന്നു. പാറക്കെട്ടുകൾക്ക് പിന്നിൽ 10 അടിയോളം താഴ്ചയുള്ള ചളിക്കുഴിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ബന്ധ്കർ.

കയറുകൾ ഉപയോഗിച്ച് കുഴിയിലിറങ്ങിയാണ് ബന്ധ്കറിനെ കരക്കെത്തിച്ചത്. പകുതി അബോധാവസ്ഥയിലായിരുന്ന ബന്ധ്കറിന്റെ കാൽ ഒടിഞ്ഞിരുന്നു. വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story