Quantcast

'2023ലെ ഒൻപത് നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയം ഉറപ്പാക്കണം'; നേതൃത്വത്തിനു ജെ.പി നദ്ദയുടെ കർശന നിർദേശം

'100 ലോക്‌സഭാ മണ്ഡലങ്ങളിലായി ബി.ജെ.പി ദുർബലമായ 72,000 ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ട്. 1,30,000 ബൂത്തുകളിൽ പ്രവർത്തകർ സജ്ജമാണ്.'

MediaOne Logo

Web Desk

  • Updated:

    2023-01-17 03:36:15.0

Published:

17 Jan 2023 2:29 AM GMT

statepollsin2023, BJP, JPNadda
X

മുംബൈ: ഈ വർഷം രാജ്യത്ത് നടക്കാനിരിക്കുന്ന ഒൻപത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വിജയം ഉറപ്പാക്കണമെന്ന് നേതൃത്വത്തിന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ആഹ്വാനം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് ഈ തെരഞ്ഞെടുപ്പുകൾ. ഗുജറാത്തിലെ ഗംഭീര വിജയം 2024ലെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ഇതേ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും നദ്ദ ആവശ്യപ്പെട്ടു.

മുംബൈയിൽ നടക്കുന്ന ദ്വിദിന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ പാർട്ടി നേതാക്കളോടായിരുന്നു നദ്ദയുടെ നിർദേശം. 'ഒറ്റ സംസ്ഥാനത്തും നമ്മൾ പരാജയപ്പെട്ടുകൂടാ. പാർട്ടി പ്രവർത്തകർ മുണ്ടുമുറുക്കി പാർട്ടി പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.'-യോഗത്തിൽ നദ്ദ നേതാക്കളോട് ആഹ്വാനം ചെയ്തതായി മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കർ പ്രസാദ് വെളിപ്പെടുത്തി.

ഓരോ സംസ്ഥാന-യൂനിറ്റ് ഘടകങ്ങളും ഗുജറാത്തിനെ മാതൃകയാക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു. അവിടെ പ്രധാനമന്ത്രിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽനിന്നു നയിച്ചത്. മുഴുവൻ നേതാക്കളും പ്രവർത്തകരും ഇറങ്ങി സംസ്ഥാന ഘടകം ബൂത്തുതലം മുതൽ പ്രവർത്തിക്കുകയും ചെയ്തു. ആ കഠിനാധ്വാനവും ബൂത്തുതലത്തിലുള്ള പ്രവർത്തനങ്ങളും മറ്റിടങ്ങളിലും പകർത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

അതേസമയം, സ്വന്തം സംസ്ഥാനമായ ഹിമാചൽപ്രദേശിൽ സംഘടനാതലത്തിൽ വീഴ്ച സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു. ഭരണവിരുദ്ധ വികാരം കൃത്യമായി മനസിലാക്കുന്നതിൽ പാർട്ടി ഘടകം പരാജയപ്പെട്ടു. അതു തടയാൻ നടപടിയുമുണ്ടായില്ലെന്നും എന്നാൽ, ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് കോൺഗ്രസിനോട് പരാജയപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ എല്ലാ നിർവാഹക സമിതി അംഗങ്ങളോടും യോഗത്തിൽ നദ്ദ നിർദേശം നൽകി. 100 ലോക്‌സഭാ മണ്ഡലങ്ങളിലായി ബി.ജെ.പി ദുർബലമായ 72,000 ബൂത്തുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 1,30,000 ബൂത്തുകളിൽ പ്രവർത്തകർ സജ്ജമായിക്കഴിഞ്ഞെന്നും നദ്ദ പറഞ്ഞു.

മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, മിസോറം, ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നാ സംസ്ഥാനങ്ങളിലാണ് ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ മധ്യപ്രദേശ്, കർണാടക, ത്രിപുര എന്നിവിടങ്ങളിൽ നിലവിൽ ബി.ജെ.പിയാണ് ഭരിക്കുന്നത്. നാഗാലാൻഡിലും മേഘാലയയിലും ഭരണമുന്നണിയുടെ ഭാഗവുമാണ്. ഇവ നിലനിർത്തുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങൾ പിടിച്ചടക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. തെലങ്കാന കീഴടക്കാൻ മാസങ്ങളായി ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അടക്കം നേതൃത്വത്തിൽ മാസങ്ങളായി വൻ പ്രചാരണം നടക്കുന്നുണ്ട്.

Summary: Ensure party does not lose any of 9 state polls in 2023: JP Nadda at BJP national executive meet at Mumbai

TAGS :

Next Story