Quantcast

വേര്‍പിരിഞ്ഞത് 25 വര്‍ഷം മുന്‍പ്; ശരദ് യാദവിന്‍റെ എല്‍ജെഡി ഇന്ന് ലാലുവിന്‍റെ ആര്‍ജെഡിയില്‍ ലയിക്കും

ശരദിന്റെ ഡൽഹിയിലെ വസതിയിൽ നടക്കുന്ന ലയന ചടങ്ങിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    20 March 2022 3:19 AM GMT

വേര്‍പിരിഞ്ഞത് 25 വര്‍ഷം മുന്‍പ്; ശരദ് യാദവിന്‍റെ എല്‍ജെഡി ഇന്ന് ലാലുവിന്‍റെ ആര്‍ജെഡിയില്‍ ലയിക്കും
X

മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് യാദവിന്‍റെ ലോക് താന്ത്രിക് ജനതാദള്‍ (എൽജെഡി) ഇന്ന് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) ലയിക്കും. ശരദിന്റെ ഡൽഹിയിലെ വസതിയിൽ നടക്കുന്ന ലയന ചടങ്ങിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുക്കും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശരദ് യാദവ് മധേപുരയിൽ നിന്ന് മത്സരിച്ചത് ആര്‍ജെഡി ടിക്കറ്റിലാണ്. പക്ഷേ പരാജയപ്പെട്ടു. 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ശരദിന്റെ മകൾ സുഹാസിനി യാദവ് ബിഹാരിഗഞ്ച് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിളര്‍ന്ന് പല വഴി പിരിഞ്ഞ ജനതാദള്‍ പാര്‍ട്ടികളെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശരദ് യാദവ് പറഞ്ഞു- "രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പഴയ ജനതാദളിൽ നിന്നും പിരിഞ്ഞുപോയ പാർട്ടികളെയും സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളെയും ഒന്നിപ്പിക്കാൻ ഞാൻ വളരെക്കാലമായി പ്രവർത്തിക്കുന്നു. അതിനാൽ, എന്റെ പാർട്ടിയായ എൽജെഡിയെ ആർജെഡിയിൽ ലയിപ്പിക്കാൻ ഞാൻ തീരുമാനിച്ചു"- ശരദ് യാദവ് വ്യക്തമാക്കി.

ശരദ് യാദവ് സോഷ്യലിസ്റ്റ് ഐക്കണും പിതൃതുല്യനുമാണെന്ന് തേജസ്വി യാദവ് പറഞ്ഞു- "ഇന്ത്യൻ രാഷ്ട്രീയത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. അദ്ദേഹം പിതൃതുല്യനാണ്. ഞങ്ങളെ നയിക്കും". എൽജെഡി - ആർജെഡി ലയനം പ്രതീകാത്മകം മാത്രമല്ലെന്ന് ആർജെഡി ദേശീയ വക്താവ് സുബോധ് മേത്ത പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യപടിയാകും ലയനം. ശരദ് യാദവ് രാഷ്ട്രീയ ഭിന്നതകൾക്കതീതമായി ആദരവ് നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ആര്‍ജെഡിക്ക് മുതല്‍ക്കൂട്ടാവുമെന്നും സുബോധ് മേത്ത പറഞ്ഞു.

എൽജെഡിയുടെ സ്ഥാപക നേതാക്കളായ ശരദ് യാദവിനും മുൻ എംപി അലി അൻവറിനും കുറേ വർഷങ്ങളായി ബിഹാറിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2017ല്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജനതാദള്‍ (യു) എന്‍ഡിഎയുടെ ഭാഗമാവാന്‍ തീരുമാനിച്ചപ്പോള്‍ ശരദ് യാദവ് എതിര്‍ത്തിരുന്നു. ഇതോടെ ശരദ് യാദവിന് രാജ്യസഭാ സീറ്റ് പാതിവഴിയിൽ നഷ്‌ടപ്പെട്ടു. എൽജെഡി-ആർജെഡി ലയനത്തോടെ രാജ്യസഭയിലേക്ക് ശരദ് യാദവിനെ ആർജെഡി മത്സരിപ്പിച്ചേക്കും. ഇത് സംബന്ധിച്ച് ഇരു പാര്‍ട്ടികളില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

1997ലാണ് ലാലു പ്രസാദ് യാദവ് ആർജെഡി രൂപീകരിച്ചത്. തുടർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ശരദും ലാലുവും ഇടയ്ക്കിടെ പരസ്പരം തോൽപ്പിച്ചു. എൽജെഡി - ആർജെഡി ലയനം പഴയ എതിരാളികളെ വീണ്ടും ഒരുമിപ്പിക്കുകയാണ്. കോടതി വ്യവഹാരങ്ങളും ആരോഗ്യപ്രശ്നങ്ങളും കാരണം ലാലു പ്രസാദ് യാദവ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. ലയനത്തോടെ തന്റെ രാഷ്ട്രീയ സാന്നിധ്യം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ശരദ് യാദവ്.

TAGS :

Next Story