ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി നിര്‍ത്തി; എൽഐസി ഓഫീസര്‍ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ചു
സൗഹൃദ മത്സരത്തിനിടെ ബൗൾ ചെയ്യുന്നതിനിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളം കുടിച്ചതിന് ശേഷം ഛർദ്ദിക്കുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു

രവീന്ദ്ര അഹിർവാര്‍ Photo| NDTV
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) ഡെവലപ്‌മെന്‍റ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. സിപ്രി ബസാർ പ്രദേശത്തെ നൽക്ഗഞ്ച് നിവാസിയായ രവീന്ദ്ര അഹിർവാറാണ്(30) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
സൗഹൃദ മത്സരത്തിനിടെ ബൗൾ ചെയ്യുന്നതിനിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളം കുടിച്ചതിന് ശേഷം ഛർദ്ദിക്കുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഝാൻസിയിലെ ഗവൺമെന്‍റ് ഇന്‍റര്‍ കോളജ് (ജിഐസി) ഗ്രൗണ്ടിലാണ് സംഭവം നടക്കുന്നത്. ആഴ്ചകൾക്ക് ശേഷമാണ് രവീന്ദ്ര അവിടെ കളിക്കാൻ പോകുന്നത്. കുഴഞ്ഞുവീണ ഉടനെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
"അദ്ദേഹം വളരെ സന്തോഷവാനും പൂർണ ആരോഗ്യവാനുമായിരുന്നു. വളരെ നാളുകൾക്ക് ശേഷം ഇന്ന് രാവിലെ അദ്ദേഹം നേരത്തെ ഉണർന്നു അച്ഛനോടൊപ്പം ചായ കുടിച്ചു. പിതാവിനോട് യാത്ര പറഞ്ഞ ശേഷമാണ് അദ്ദേഹം ക്രിക്കറ്റ് കളിക്കാൻ ജിഐസി ഗ്രൗണ്ടിലേക്ക് പോയത്'' രവീന്ദ്രയുടെ ഇളയ സഹോദരൻ അരവിന്ദ് അഹിർവാർ എൻഡിടിവിയോട് പറഞ്ഞു.
മൂന്ന് സഹോദരന്മാരിൽ രണ്ടാമനായ രവീന്ദ്ര രണ്ട് വർഷം മുമ്പാണ് എൽഐസിയിൽ ഡെവലപ്‌മെന്‍റ് ഓഫീസറായി ചേർന്നത്. ജോലിയിലും ക്രിക്കറ്റിലും ഒരുപോലെ താൽപര്യമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. രവീന്ദ്ര കുറച്ചധികം സമയം ബൗൾ ചെയ്തിരുന്നുവെന്നും വെള്ളം കുടിച്ചപ്പോൾ ഛര്‍ദിച്ചത് നിര്‍ജലീകരണം കാരണമാണെന്നാണ് കൂടെയുണ്ടായിരുന്നവര്‍ കരുതിയത്.
പ്രാഥമിക ലക്ഷണങ്ങൾ ഹൃദയാഘാത സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും എന്നാൽ മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്നും മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് (സിഎംഎസ്) ഡോ. സച്ചിൻ മഹോർ പറഞ്ഞു.
Adjust Story Font
16

