Quantcast

പഞ്ചാബിലെ ഭട്ടിൻഡ സൈനിക ക്യാമ്പില്‍ വെടിവെപ്പ്: നാലുപേര്‍ കൊല്ലപ്പെട്ടു

പുലർച്ചെ 4:35നായിരുന്നു വെടിവെപ്പ്

MediaOne Logo

Web Desk

  • Updated:

    2023-04-12 08:38:16.0

Published:

12 April 2023 4:48 AM GMT

പഞ്ചാബിലെ ഭട്ടിൻഡ സൈനിക ക്യാമ്പില്‍ വെടിവെപ്പ്: നാലുപേര്‍ കൊല്ലപ്പെട്ടു
X

ഭട്ടിൻഡ: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ വെടിവെപ്പിൽ നാലു സൈനികർ കൊല്ലപ്പെട്ടു. സൈനികകേന്ദ്രം സീല്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഭീകരാക്രമണമല്ലെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

80 മീഡിയം റെജിമെന്‍റിലെ നാലു സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.35ന് സൈനിക കേന്ദ്രത്തിലെ കാന്‍റീനിലായിരുന്നു വെടിവെപ്പ്. സംഭവം നടന്ന ഉടൻ സൈന്യത്തിന്റെ ദ്രുതകർമസേന സംഭവസ്ഥലം സീൽ ചെയ്തത് അന്വേഷണം ആരംഭിച്ചു. വെടിവെപ്പിൽ മറ്റാർക്കും പരിക്കില്ലെന്നും പഞ്ചാബ് പൊലീസുമായി ചേർന്ന് അന്വേഷിക്കുമെന്നും സൈന്യം അറിയിച്ചു.

രണ്ട് ദിവസം മുമ്പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഈ റൈഫിളിൽ നിന്നാണോ വെടിയുതിർത്തത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സൗത്ത് വെസ്റ്റേൺ കമാൻഡ് അറിയിച്ചു.

ആരും അകത്ത് നുഴഞ്ഞുകയറിയിട്ടില്ലെന്നും സൈനിക കേന്ദ്രത്തിലെ പ്രശ്നം മൂലമുണ്ടായ വെടിവെപ്പാണെന്നാണ് സൂചനയെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു. പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയോട് വിശദാംശങ്ങൾ തേടി. അതിർത്തി സംസ്ഥാനം എന്ന നിലയിൽ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അതിനിടെ കേന്ദ്രത്തിനകത്തുണ്ടായ വെടിവെപ്പ് ഗൗരവമായി അന്വേഷിക്കണമെന്നാണ് സൈന്യത്തിന് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.




Summary- Four deaths have been reported in an incident of firing inside Bathinda Military Station in Punjab early this morning

TAGS :

Next Story