42 വർഷം; വിൽപനയിൽ ചരിത്രം കുറിച്ച് മാരുതി,വിൽപനയിൽ മുമ്പിലുള്ളത് ഈ ജനപ്രിയ കാർ
1983 ഡിസംബർ 14നാണ് മാരുതി തങ്ങളുടെ ആദ്യ കാർ ഡെലിവറി നടത്തിയത്

മുംബൈ: ഇന്ത്യൻ കാർവിപണിയിലെ വിപ്ലവമായിരുന്നു മാരുതി. ഇന്ത്യയിലെ ചെറുകുടുംബങ്ങളുടെ വലിപ്പവും ബജറ്റും മനസ്സിലാക്കി വിപണിയിൽ എത്തിയ മാരുതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിപണിയിൽ എത്തി 42 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ ഭൂരിഭാഗം ആളുകൾക്കും കാർ എന്നാലത് മാരുതിയാണ്. വിൽപനയിൽ മാരുതി വലിയൊരു നാഴികക്കല്ല് പിന്നിട്ട കണക്കുകളാണ് പുറത്തുവരുന്നത്. 42 വർഷം കൊണ്ട് മൂന്നു കോടി മാരുതി കാറുകളാണ് വിപണിയിലെത്തിയത്.
1983 ഡിസംബർ 14നാണ് മാരുതി തങ്ങളുടെ ആദ്യ കാർ ഡെലിവറി നടത്തിയത്. മാരുതിക്ക് ഇന്ത്യൻ വിപണിയിൽ മേൽവിലാസമുണ്ടാക്കി കൊടുത്ത മാരുതി 800 കാറാണ് ആദ്യം ഡെലിവറി ചെയ്തത്. മാരുതി കാറുകളോട് ഇന്ത്യക്കാർക്കുള്ള പ്രിയം കുറയുന്നില്ല എന്ന് കാണിക്കുന്നതാണ് കണക്കുകൾ. വിൽപനയിൽ ഒരു കോടി എന്ന നാഴികക്കല്ല് താണ്ടാൻ 28 വർഷവും രണ്ട് മാസവുമാണ് കമ്പനി എടുത്തതെങ്കിൽ വിൽപനയിൽ അടുത്ത ഒരു കോടിയെത്താൻ ഏഴു വർഷവും അഞ്ച് മാസവുമേ എടുത്തുള്ളു. രണ്ട് കോടിയിൽ നിന്ന് മൂന്നി കോടിയിലേക്ക് വിൽപ്പന എത്താൻ 6 വർഷവും 4 മാസവുമാണ് എടുത്തത്. ഇന്ത്യക്കാർക്ക് മാരുതിയോടുള്ള കമ്പം കുറയുന്നില്ല തെളിയിക്കുന്നതാണ് വിൽപ്പനയുടെ ഈ കണക്കുകൾ.
വിൽപനയിൽ മുമ്പിലുള്ളത് മാരുതി അൾട്ടോ കാറാണ്.കമ്പനി ഇതുവരെ 47 ലക്ഷം ആൾട്ടോ കാറുകളാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ളത് വാഗ്ണർ കാറുകളാണ്. 34 ലക്ഷം യൂനിറ്റ് വാഗ്ണറുകളാണ് ഇതുവരെ നിരത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ സ്വിഫ്റ്റുമുണ്ട്. 32 ലക്ഷം യൂനിറ്റ് സ്വിഫ്റ്റാണ് വിൽപന നടത്തിയത്.
Adjust Story Font
16

