Quantcast

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ നടന്നത് 4618 ആക്രമണങ്ങൾ

2024ൽ മാത്രം 834 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    28 July 2025 7:09 PM IST

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ നടന്നത് 4618 ആക്രമണങ്ങൾ
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തോടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അക്രമസംഭവങ്ങള്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 4618 ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്ക് നേരെ നടന്നത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) 2025 ജനുവരിയില്‍ പുറത്തുവിട്ട ഡാറ്റയിലെ വിവരങ്ങളാണിത്.

ഇതില്‍ 2024ൽ മാത്രം 834 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023ൽ ഇത് 734 ആയിരുന്നു. അതായത് ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 100 അക്രമങ്ങളാണ് വര്‍ധിച്ചത്. ഇന്ത്യയിൽ ഓരോ ദിവസവും രണ്ടിലധികം ക്രിസ്ത്യാനികളാണ് തങ്ങളുടെ മതപരമായ അവകാശങ്ങള്‍ നിറവേറ്റുന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നതെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പള്ളികളിലോ പ്രാർത്ഥനാ യോഗങ്ങളിലോ ഉള്ള ആക്രമണങ്ങൾ, ക്രിസ്തുമതം പിന്തുടരുന്നവരെ ഉപദ്രവിക്കൽ, പൊതുഇടങ്ങളിലേക്കോ മറ്റിടങ്ങലിലേക്കോ ഉള്ള പ്രവേശനം തടസ്സപ്പെടുത്തല്‍, വ്യാജ ആരോപണങ്ങളുടെ പേരിലുള്ള ക്രിമിനൽ കേസുകള്‍ (പ്രത്യേകിച്ച് നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട്) തുടങ്ങിയവയാണ് ഇക്കാലയളവില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍.

2009-2014 വരെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന അക്രമണങ്ങള്‍ (കടപ്പാട് ദി വയര്‍)

മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ പേര് പറഞ്ഞ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ തിരിയുന്നത്. അതേസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രം ഭരിക്കാന്‍ തുടങ്ങിയ 2014 മുതൽ ഇത്തരം സംഭവങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2024ൽ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിൽ നിന്നാണ് (209). തൊട്ടുപിന്നിൽ ഛത്തീസ്ഗഢ് (165). ഇതില്‍ പല കേസുകളിലും പരാതിയുണ്ടായിട്ടും ഒരു പ്രഥമ വിവര റിപ്പോർട്ട്(എഫ്ഐആര്‍) പോലും ഫയൽ ചെയ്തിട്ടില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. കേസ് തിരിഞ്ഞ്, പ്രതിയോകുമോ എന്ന് പേടിച്ച് പലരും പൊലീസിനെ സമീപിക്കുന്നില്ലെന്ന് യുസിഎഫിന്റെ ദേശീയ കൺവീനറായ എ.സി. മൈക്കൽ 2023ൽ പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story