സുപ്രിംകോടതി മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു
പട്ടേൽ ചൗക്ക്, ജൻപഥ്, രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബരാഖംബ റോഡ് എന്നിങ്ങനെ ആറ് മെട്രോ സ്റ്റേഷനുകളാണ് അടച്ചത്

ഡൽഹി: പ്രതിപക്ഷത്തിൻ്റെ സുപ്രിംകോടതി മാർച്ചിന് മുന്നോടിയായി ഡൽഹിയിലെ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു. പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള കവാടങ്ങൾ രാവിലെ ആറുമണി മുതൽ വൈകിട്ട് നാലുമണി വരെയാണ് അടച്ചിരിക്കുന്നതെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. പട്ടേൽ ചൗക്ക്, ജൻപഥ്, രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബരാഖംബ റോഡ് എന്നിങ്ങനെ ആറ് മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.
വോട്ടുകൊള്ളയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ തിങ്കളാഴ്ച സുപ്രിംകോടതിയിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കണ്ട് വിഷയം ചർച്ച ചെയ്യാൻ നേതാക്കൾ സമയം തേടിയിരുന്നുവെങ്കിലും സമാന വിഷയങ്ങൾ സുപ്രിംകോടതിയുടെ പരിഗണനയിലാണെന്ന കാരണത്താൽ അനുമതി നിഷേധിക്കുകയായിരുന്നു.
Adjust Story Font
16

