ഗ്യാസ് സിലിണ്ടറിനായുള്ള ക്യൂവിനിടെ കുഴഞ്ഞുവീണ് 66 കാരൻ മരിച്ചു
സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ മിത്തൽ വരിയിൽ കുഴഞ്ഞു വീഴുകയായിരുന്നു

- Published:
13 March 2026 6:25 PM IST

ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ മിത്തൽ വരിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ബർണാല ജില്ലയിലെ ഷഹേന ഗ്രാമത്തിലെ ഗ്യാസ് ഏജൻസിക്ക് മുന്നിലാണ് സംഭവം. മരിച്ച ഭൂഷൺ കുമാർ മിത്തൽ സിലിണ്ടർ വാങ്ങാനായി രാവിലെ എട്ട് മണിയോടെ തന്നെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ എത്തി. മകൻ ദേവരാജ് മിത്തലും കൂടെ ഉണ്ടായിരുന്നു. ഏജൻസി തുറക്കുന്നതിന് മുമ്പേ എത്തിയിട്ടും 25-ാമത്തെ ടോക്കൺ ആണ് ഭൂഷൺ കുമാറിന് ലഭിച്ചത്. വരിയിൽ എൽപിജി സിലിണ്ടർ വച്ച് അതിന് മുകളിൽ ഇരിക്കുകയായിരുന്നു ഭൂഷൺ കുമാർ. പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജ്യത്തെ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ വലിയ തിരക്കാണ് രൂപപ്പെട്ടിരിക്കുന്നത്. എൽപിജി വിതരണം വരും ദിവസങ്ങളിൽ സാധാരണ നിലയിലായില്ലെങ്കിൽ ജനങ്ങളുടെ ദുരിതം ഇനിയും വർദ്ധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
Adjust Story Font
16
