മാനസിക സമ്മര്‍ദവും പഠനഭാരവും; ഡല്‍ഹി ഐഐടിയില്‍ മൂന്ന് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് എട്ട് വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി ജീവനൊടുക്കുന്നതിന്റെ കാരണം അന്വേഷിക്കാന്‍ രൂപീകരിച്ച സമിതിയുടെ കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതാണ്

ഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. സ്റ്റുഡന്റ് അഫയേഴ്സ് ഓഫീസിലെ ഡീന്‍, അസോസിയേറ്റ് ഡീനുകള്‍, ഫിസിക്സ് വകുപ്പ് മേധാവി എന്നിവരുടെ അടിയന്തര രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എട്ട് വിദ്യാര്‍ഥികളാണ് ഇവിടെ ജീവനൊടുക്കിയത്. അധ്യാപകരില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദവും താങ്ങാനാവാത്ത പഠനഭാരവുമാണ് വിദ്യാര്‍ഥികളെ കടുത്ത തീരുമാനത്തിലേക്ക് എത്തിക്കുന്നതെന്നാണ് പരാതി.
എംഎസ്‌സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഋഷികേശ് കുമാറിന്റെ മരണമാണ് ഏറ്റവും ഒടുവിലത്തേത്. ഓഗസ്റ്റ് 21ന് ക്യാമ്പസിലെ ലക്ചര്‍ ഹാള്‍ കോംപ്ലക്സിന്റെ ആറാം നിലയില്‍ നിന്ന് ചാടിയാണ് ഋഷികേശ് ജീവനൊടുക്കിയത്. കടുത്ത മാനസിക സമ്മര്‍ദത്തിലും വിഷാദരോഗത്തിലുമായിരുന്ന ഋഷികേശിന് അധ്യാപകരില്‍ നിന്ന് അവഗണന നേരിടേണ്ടി വന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയായിരുന്ന അനില്‍ കുമാര്‍, ഇരുപതുകാരി ആയുഷ് ആഷ്‌ന, പ്രണവ് ജെയിന്‍, വരദ് സഞ്ജയ്, കുമാര്‍ യാഷ്, ആയുഷ് സിംഗാള്‍, ഹര്‍ഷിത് സ്വാമി തുടങ്ങിയ വിദ്യാര്‍ഥികളുടെ മരണത്തിലും സമാന ആരോപണങ്ങളാണുള്ളത്. വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി ജീവനൊടുക്കുന്നതിന്റെ കാരണം അന്വേഷിക്കാന്‍ രൂപീകരിച്ച സമിതിയുടെ കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതാണ്. ഗ്രേഡിങ് സംവിധാനം, അക്കാദമിക് സമ്മര്‍ദം, ജാതി-ലിംഗ വിവേചനം തുടങ്ങി നിരവധി കാരണങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്‍ മേല്‍ തുടര്‍നടപടി കൈക്കൊള്ളാന്‍ ഐഐടി തയ്യാറായിട്ടില്ല.
ഇതോടെ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരിക്കുന്നത്. ക്യാമ്പസില്‍ കൗണ്‍സിലിങ്ങിനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മാനസികാരോഗ്യ പ്രോട്ടോക്കോള്‍ പരസ്യമാക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ഥികളെ ക്യാമ്പസില്‍നിന്ന് മാറ്റുന്നതില്‍ സ്റ്റുഡന്റ് അഫയേഴ്സ് ഓഫീസിനുള്ള പങ്ക് വ്യക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Adjust Story Font
16

