ഡല്‍ഹിയില്‍ 16കാരിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളിലെ കര്‍ട്ടനുകളെല്ലാം താഴ്ത്തിയായിരുന്നു ക്രൂരത. ഏകദേശം 47 കിലോമീറ്റര്‍ സഞ്ചരിച്ചശേഷം പെണ്‍കുട്ടിയെ കശ്മീര്‍ ഗേറ്റ് ബസ് ടെര്‍മിനലിന് സമീപം പ്രതികള്‍ ഉപേക്ഷിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16കാരിയായ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ബസ് ഡ്രൈവര്‍ കുല്‍ദീപും കണ്ടക്ടര്‍ സന്ദീപും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ 11-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കാതെ നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം വഴിതെറ്റിയ പെണ്‍കുട്ടി അബദ്ധത്തില്‍ പരിചൗക്കില്‍ ഇറങ്ങി.
തുടര്‍ന്ന് നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റിയത്. ബസ് യാത്ര ആരംഭിച്ചതിന് പിന്നാലെ കണ്ടക്ടര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും, തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളിലെ കര്‍ട്ടനുകളെല്ലാം താഴ്ത്തിയായിരുന്നു ക്രൂരത. ഏകദേശം 47 കിലോമീറ്റര്‍ സഞ്ചരിച്ചശേഷം പെണ്‍കുട്ടിയെ കശ്മീര്‍ ഗേറ്റ് ബസ് ടെര്‍മിനലിന് സമീപം പ്രതികള്‍ ഉപേക്ഷിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്. ബസ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.
മെക്കാനിക്കല്‍ തകരാറിനെ തുടര്‍ന്ന് ബസ് സൂരജ്പൂരിലെ ഒരു വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ചിരുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷം ഒഴിഞ്ഞ ബസുമായി ടിമാര്‍പൂരിലേക്ക് പോകുന്നതിനിടെയാണ് പരിചൗക്കില്‍ പെണ്‍കുട്ടിയെ പ്രതികള്‍ കണ്ടത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
Adjust Story Font
16

