Quantcast

കാമ്പസുകളിലെ ജാതി വിവേചനത്തിന്റെ ഇര; രോഹിത് വെമുലയില്ലാത്ത പതിറ്റാണ്ട്

രക്തസാക്ഷിത്വത്തിന്റെ പത്താം വർഷത്തിൽ രോഹിത് വെമുല ജനകീയ ആക്ട് അമ്മ രാധിക വെമുലയുടെ സാന്നിധ്യത്തിൽ ഇന്ന് പുറത്തിറക്കും

MediaOne Logo
കാമ്പസുകളിലെ ജാതി വിവേചനത്തിന്റെ ഇര; രോഹിത് വെമുലയില്ലാത്ത പതിറ്റാണ്ട്
X

ഹൈദരാബാദ്: ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങളെ ലോകത്തിന് മുന്നിലെത്തിച്ച രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് പത്താണ്ട്. ഒരു ദളിത് ഗവേഷണ വിദ്യാർത്ഥിക്ക് തന്റെ സ്വപ്നങ്ങളെ ജാതിയുടെ പേരിൽ ബലി നൽകേണ്ടി വന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയുന്നതിനുള്ള നിയമനിർമ്മാണം എന്ന ആവശ്യം പരി​ഗണിക്കാൻ അധികാരവർ​ഗം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രക്തസാക്ഷിത്വത്തിന്റെ പത്താം വർഷത്തിൽ രോഹിത് വെമുല ജനകീയ ആക്ട് അമ്മ രാധിക വെമുലയുടെ സാന്നിധ്യത്തിൽ ഇന്ന് പുറത്തിറക്കുന്നത്.

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ദലിത് ഗവേഷണ വിദ്യാർഥിയും അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ നേതാവുമായിരുന്ന രോഹിത് വെമുല 2016 ജനുവരി 17 നാണ് രോഹിത് വെമുല സർവകലാശാല ഹോസ്റ്റലിൽ ജീവനൊടുക്കിയത്. രോഹിത്തിന്റെ മരണം കേവലം ഒരു ആത്മഹത്യയല്ലെന്നും അത് അധികാര കേന്ദ്രങ്ങളും സർവകലാശാലാ അധികൃതരും ചേർന്ന് നടത്തിയ ഇൻസ്റ്റിറ്റ്യൂഷനൽ മ‍ർഡ‍ർ എന്നാണ് വിശേഷിപ്പിക്കുന്നത്. കാമ്പസിലെ ജാതിവിവേചനത്തിനെതിരെ പൊരുതിയ രോഹിത്തിനെ പുറത്താക്കിയതും ഫെലോഷിപ്പ് തടഞ്ഞതുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. രോഹിത്തിന്റെ മരണം രാജ്യമൊട്ടാകെ വൻ പ്രതിഷേധങ്ങൾക്കും 'ദളിത് ലൈവ്സ് മാറ്റർ' എന്ന മുദ്രാവാക്യമുയർന്ന പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നേരിടുന്ന ജാതി വിവേചനങ്ങൾ തടയുന്നതിനായി ഒരു കേന്ദ്ര നിയമം വേണമെന്ന ആവശ്യം പത്ത് വർഷമായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് കർണാടകയിൽ നിന്നുള്ള ഒരു സംഘം തയ്യാറാക്കിയ 'രോഹിത് ആക്ട്' ജനകീയ കരട് പുറത്തിറക്കുന്നത്.

ഉച്ചയ്ക്ക് രണ്ടിന് നോർത്ത് ഷോപ്‌കോമിലെ 'വെളവാഡ'യിൽ രോഹിത്തിന്റെ അമ്മ രാധികാ വെമുല രോഹിത് സ്തൂപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രോഹിത് ആക്ടിന്റെ കരട് കൈമാറും. വൈകുന്നേരം നാലിന് സാവിത്രിബായ് ഫൂലെ ഓഡിറ്റോറിയത്തിൽ വെച്ച് നിയമരംഗത്തെ പ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ കരട് പ്രകാശനം ചെയ്യും. ഗുജറാത്ത് എംഎൽഎയും കോൺഗ്രസ് നേതാവുമായ ജിഗ്നേഷ് മേവാനി, പ്രമുഖ ചിന്തക വി. ഗീത, പ്രൊഫ. ഭംഗ്യ ഭുക്യ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ക്യാമ്പസുകളിൽ വിവേചനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ഐഐടി ബോംബെയിലെ വിദ്യാർഥിയായിരുന്ന ദർശൻ സോളങ്കിയുടെ പിതാവ് രമേഷ് ഭായ് എൻ. സോളങ്കിയും ഡോ. പായൽ തദ്‌വിയുടെ മാതാവ് ആബിദ സലിം തദ്‌വിയും ചടങ്ങിനെത്തും.

'രോഹിത് വിടവാങ്ങിയിട്ട് ഒരു പതിറ്റാണ്ട് തികയുമ്പോഴും ഇതിന് ഉത്തരവാദികളായവർ സ്വതന്ത്രരായി നടക്കുകയാണ്. നീതി നിഷേധിക്കപ്പെട്ട പത്ത് വർഷങ്ങളാണ് കടന്നുപോയത്. രോഹിത്തിന്റെയും കുടുംബത്തിന്റെയും ഈ രാഷ്ട്രീയ-നിയമ പോരാട്ടത്തിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,' എന്ന് അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

TAGS :

Next Story