എന്തിനായിരുന്നു ബിജെപി എംപി മദ്യക്കുപ്പിയുമായി പാർലമെന്റിലെത്തിയത്?
വെസ്റ്റ് ഡൽഹിയിൽനിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പർവേഷ് സാഹിബ് സിങ് വർമയാണ് ഇന്ന് സഭയില്‍ മദ്യക്കുപ്പിയുമായി എത്തിയത്

ശീതകാല സമ്മേളനത്തിനിടെ പാർലമെന്റിൽ മദ്യക്കുപ്പിയുമായി ബിജെപി എംപി. വെസ്റ്റ് ഡൽഹിയിൽനിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പർവേഷ് സാഹിബ് സിങ് വർമയാണ് സഭയില്‍ മദ്യവുമായെത്തിയത്. ഡൽഹി സർക്കാർ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.
കോവിഡ് കാലത്ത് 25,000ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ട ഘട്ടത്തിലും ഡൽഹി സർക്കാർ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്ന തിരക്കിലായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് പർവേഷ് സിങ് പ്രതികരിച്ചു. ഡൽഹിയിൽ മദ്യോപയോഗം കൂട്ടാനുള്ള ആസൂത്രണത്തിലായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''ഇന്ന് പുതുതായി 824 കള്ളുഷാപ്പുകളാണ് തുറന്നത്. ജനവാസമേഖലയിലും കോളനികളിലും ഗ്രാമങ്ങളിലുമെല്ലാം ആളുകൾ കള്ളുഷാപ്പുകൾ തുറക്കുകയാണ്. പുലർച്ചെ മൂന്നുവരെയും ഇവ തുറന്നുകിടക്കുകയാകും. ബാറുകളിൽ പുലർച്ചെ മൂന്നുവരെയും കുടിക്കാൻ തയാറാണെങ്കിൽ സ്ത്രീകൾക്ക് പ്രത്യേക സൗജന്യവും ലഭിക്കും. മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 25 വയസിൽനിന്ന് 21 വയസായി കുറക്കുകയും ചെയ്തു''-പർവേഷ് സിങ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ പണം കണ്ടെത്താനായി പരമാവധി റവന്യു സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് കെജ്രിവാളിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാംപയിനിനു പോയി മദ്യപാന സംസ്‌കാരം അവസാനിപ്പിക്കുമെന്നാണ് പറഞ്ഞത്. നേർവിരുദ്ധമായി ഡൽഹിയിൽ മദ്യപാനം കൂട്ടാനുള്ള പരിപാടികളും നടത്തുന്നുവെന്നും പർവേഷ് സാഹിബ് സിങ് വർമ ആരോപിച്ചു.
Summary: BJP MP Parvesh Sahib Singh Verma today showed up in the Parliament with a pack of liquor and alleged that the Delhi government is encouraging the consumption of liquor in the city.
Adjust Story Font
16

