കൊട്ടാരക്കരയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ ജീവനക്കാരൻ്റെ തല അടിച്ചു പൊട്ടിച്ചു
ഹെൽമറ്റ് ധരിച്ച് മദ്യം വാങ്ങുന്നതിനെ ചൊല്ലിയായിരുന്നു തർക്കം

കൊല്ലം: കൊട്ടാരക്കരയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ ജീവനക്കാരൻ്റെ തല അടിച്ചു പൊട്ടിച്ചു. ബിയർ കുപ്പി കൊണ്ടാണ് ആക്രമിച്ചത്. ബില്ലിങ് സ്റ്റാഫായ ബേസിലിനാണ് പരിക്കേറ്റത്. ഞായർ വൈകിട്ടായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് ഔട്ട്ലെറ്റിൽ കയറിയ വ്യക്തിയുമായി മദ്യം വാങ്ങാനെത്തിയ രണ്ടു പേർ തർക്കത്തിൽ ഏർപ്പെട്ടു. ഹെൽമറ്റ് ധരിച്ച് മദ്യം വാങ്ങുന്നതിനെ ചൊല്ലിയായിരുന്നു തർക്കം.
ഔട്ട്ലെറ്റിലെ ജീവനക്കാരനെയും ഹെൽമറ്റ് ധരിച്ചയാളെയും ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തി. ജീവനക്കാരൻ ഫോൺ തട്ടിത്തെറിപ്പിച്ചതോടെ മറ്റൊരാൾ ബിയർ കുപ്പി കൊണ്ട് ബേസിലിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവശേഷം അക്രമികൾ രക്ഷപ്പെട്ടു. ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും കൊട്ടാരക്കര പൊലീസ് വ്യക്തമാക്കി.
Adjust Story Font
16

