ഗസ്സ ആക്രമണത്തിൽ അമേരിക്കക്കും പങ്ക്: മഗ്സസെ പുരസ്‌കാരം തിരിച്ചുനൽകുമെന്ന് സന്ദീപ് പാണ്ഡെ
''ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഇപ്പോഴും അമേരിക്ക തുടരുകയാണ്. അവാർഡ് കൈയിൽ വെക്കുന്നത് അസഹനീയമാണ്''

ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ അമേരിക്കയുടെ പങ്കിൽ പ്രതിഷേധിച്ച് രമൺ മഗ്സസെ പുരസ്‌കാരം തിരിച്ചുനൽകുമെന്ന് സാമൂഹിക പ്രവർത്തകൻ സന്ദീപ് പാണ്ഡെ. 2002ലാണ് സന്ദീപ് പാണ്ഡെക്ക് രമൺ മഗ്സസെ പുരസ്‌കാരം ലഭിച്ചത്. ഇതിന് പുറമെ യുഎസ് സർവകലാശാലകളിൽ നിന്ന് നേടിയ ഇരട്ട മാസ്റ്റേഴ്‌സ് ഓഫ് സയൻസ് ബിരുദങ്ങൾ തിരികെ നൽകാനും തീരുമാനിച്ചതായി സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ കൂടിയായ സന്ദീപ് പാണ്ഡെ വ്യക്തമാക്കി.
മഗ്സസെ അവാർഡിന് റോക്ക്‌ഫെല്ലർ ഫൗണ്ടേഷനാണ് സഹായധനം നൽകാറുള്ളത്.എന്നാൽ തനിക്ക് ലഭിച്ച പുരസ്‌കാരത്തിന് അമേരിക്കൻ ഫൗണ്ടേഷനുകളായ ഫോർഡ് ഫൗണ്ടേഷനാണ് ധനസഹായം നൽകിയതെന്നും അദ്ദേഹം പറയുന്നു.
ഫലസ്തീൻ പൗരന്മാർക്കെതിരായ ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്ക നഗ്‌നമായി പിന്തുണക്കുകയാണ്. 21,500-ലധികം ഫലസ്തീനികൾ യുദ്ധത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടു. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഇപ്പോഴും അമേരിക്ക തുടരുകയാണ്. അതുകൊണ്ട് തന്നെ അവാർഡ് ഇനിയും കൈയിൽ വെക്കുന്നത് അസഹനീയമാണ്. ഇക്കാരണത്താലാണ് അവാർഡ് തിരികെ നൽകാൻ തീരുമാനിച്ചതെന്നും പാണ്ഡെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
Adjust Story Font
16

