Quantcast

ബോളിവുഡ് താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തില്‍; ഷിൻഡെ ശിവസേനയില്‍ ചേർന്നു

ഗോവിന്ദയെ സേന നോർത്ത്-വെസ്റ്റ് മുംബൈയിൽ മത്സരിപ്പിച്ചേക്കും

MediaOne Logo

Web Desk

  • Published:

    28 March 2024 12:43 PM GMT

ബോളിവുഡ് താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തില്‍; ഷിൻഡെ ശിവസേനയില്‍ ചേർന്നു
X

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും രാഷ്ട്രീയ പരീക്ഷണവുമായി വെറ്ററൻ ബോളിവുഡ് താരം ഗോവിന്ദ. ഇന്ന് മുംബൈയിൽ നടന്ന ചടങ്ങിൽ ശിവസേന ഷിൻഡെ വിഭാഗത്തിൽ അംഗത്വമെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെ തന്നെയാണ് അദ്ദേഹത്തിനു സ്വീകരണം നൽകിയത്.

മുംബൈയിൽ ബാലാസാഹേബ് ഭവനിൽ നടന്ന ചടങ്ങിലായിരുന്നു ശിവസേന പ്രവേശം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗോവിന്ദ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. സേന ശക്തികേന്ദ്രങ്ങളിലൊന്നായ നോർത്ത്-വെസ്റ്റ് മുംബൈയിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനാണു നീക്കം. സിറ്റിങ് എം.പി ഗജാനൻ കീർത്തികറുടെ മകൻ അമോൽ കീർത്തികറാണ് ഇത്തവണ ഇവിടെ ശിവസേന(ഉദ്ദവ് വിഭാഗം) സ്ഥാനാർഥി.

ഷിൻഡെയ്ക്കു മുൻപ് സേന വക്താവ് കൃഷ്ണ ഹെഗ്‌ഡെയും ഗോവിന്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു നടൻ ഔദ്യോഗികമായി ശിവസേനയിൽ അംഗത്വമെടുത്തത്. നേരത്തെ കോൺഗ്രസിൽ അംഗമായിരുന്നു ഗോവിന്ദ. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്തിൽ മത്സരിച്ചു ജയിക്കുകയും ചെയ്തു. മുതിർന്ന ബി.ജെ.പി നേതാവ് രാം നായികിനെയാണ് അന്ന് അദ്ദേഹം തോൽപിച്ചത്. പിന്നീട് കോൺഗ്രസുമായി വഴിപിരിയുകയും 2009ലെ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുകയുമായിരുന്നു.

ഗോവിന്ദയുടെ സേന പ്രവേശത്തെ എൻ.സി.പി(ശരദ് പവാർ) നേതാവ് ജയന്ത് പാട്ടീൽ വിമർശിച്ചു. ഷിൻഡെ സിനിമ കാണാറില്ലെന്നാണു തോന്നുന്നതെന്ന് പാട്ടീൽ പരിഹസിച്ചു. പടമൊക്കെ കാണാറുണ്ടെങ്കിൽ ആരാണു നല്ല നടനെന്ന് അറിയാമായിരുന്നു. ഗോവിന്ദ ജനപ്രിയ നടനൊന്നുമല്ല. ജനകീയനായ, മികച്ച താരങ്ങളെയാണ് ഷിൻഡെ പിടിക്കാൻ നോക്കേണ്ടതെന്നും ജയന്ത് പാട്ടീൽ കുറ്റപ്പെടുത്തി.

Summary: Actor Govinda makes political comeback as he joins Shiv Sena Shinde faction, may contest from Mumbai North-West

TAGS :

Next Story