Quantcast

എല്ലാം കൈപ്പിടിയിലൊതുക്കാനുള്ള നീക്കം അനുവദിക്കില്ല, നീറ്റും നെക്സ്റ്റും വേണ്ട: സ്റ്റാലിൻ

ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോട് തങ്ങൾ ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-06-15 13:30:42.0

Published:

15 Jun 2023 1:23 PM GMT

Opposition alliance without Congress is not practical: Stalin
X

എം.കെ സ്റ്റാലിൻ

2024 മുതൽ ദേശീയ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) നടത്തുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്രത്തിന്റെ ഈ നീക്കം വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതല്ല മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം ഇല്ലാതാക്കാനും എല്ലാം കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കാനുള്ള നീക്കവുമാണ്. നിലവിലുള്ള സംവിധാനം തുടരണമെന്നും സ്റ്റാലിൻ കത്തില്‍ ആവശ്യപ്പെട്ടു.

മെഡിക്കൽ കോഴ്സുകൾക്കായി എല്ലാ സംസ്ഥാനങ്ങളിലും എൻഎംസി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതി ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ട്, പാഠ്യപദ്ധതിയും പരിശീലനവും പരീക്ഷാ സംവിധാനങ്ങളും അതത് സംസ്ഥാന മെഡിക്കൽ സർവ്വകലാശാലകൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നുമുണ്ട്, അംഗീകൃത കോളേജുകളിലെ എം.ബി.ബി.എസ്. ബിരുദങ്ങൾ, കഠിനമായ പരിശീലനത്തിനും പരീക്ഷകൾക്കും ശേഷം മാത്രം നൽകുന്നതാണ് 'ഈ സാഹചര്യത്തിൽ, ഇത്തരമൊരു പൊതു എക്‌സിറ്റ് ടെസ്റ്റ് ഏർപ്പെടുത്തുന്നത് തീർച്ചയായും വിദ്യാർത്ഥികൾക്ക് അധിക ബാധ്യതയാകും. നമ്മുടെ മെഡിക്കൽ വിദ്യാർത്ഥികൾ നേരിടുന്ന ഉയർന്ന പഠനഭാരവും സമ്മർദ്ദവും കണക്കിലെടുത്ത് ഇത് കർശനമായി ഒഴിവാക്കേണ്ടതുണ്ടെന്നും സ്റ്റാലിന്‍ കത്തിൽ പറയുന്നു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോട് തങ്ങൾ ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

നിർബന്ധിത എക്സിറ്റ് ടെസ്റ്റ് എന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും തടസ്സപ്പെടുത്തും. നിലവിൽ മെഡിക്കൽ ബിരുദധാരികൾ ക്ലിനിക്കൽ വശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാൽ നിർബന്ധിത എക്‌സിറ്റ് പരീക്ഷകള്‍ അവരുടെ കോഴ്സിലും ഇന്റേൺഷിപ്പിലും വൈദ്യശാസ്ത്രത്തിന്റെ സൈദ്ധാന്തിക ഭാഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കും. ഇത് മതിയായ ക്ലിനിക്കൽ കഴിവുകളുടെ വികാസത്തെ തടസ്സപ്പെടുത്തുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാണിക്കുന്നു.

അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക് നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് ബിരുദാനന്തര ബിരുദ (നീറ്റ് - പിജി) പ്രവേശന പരീക്ഷയ്ക്കും പകരമുള്ള ഒറ്റ പരീക്ഷയാണ് നെക്സ്റ്റ്, ഇത് ഡോക്ടർമാർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കഴിഞ്ഞ വർഷം ഡിസംബറിൽ നെക്സ്റ്റുമായി ബന്ധപ്പെട്ട കരട് ചട്ടങ്ങൾ അഭിപ്രായങ്ങൾക്കായി വെച്ചിരുന്നു.

നീറ്റ് പരീക്ഷ പാവപ്പെട്ട വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കുന്നതാണ്, നീറ്റ് ഒഴിവാക്കി പ്ലസ് ടൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്ന പഴയ രീതി കൊണ്ടുവരണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. അടുത്തിടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുമോ എന്നുള്ള ആശങ്ക കാരണം തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

TAGS :

Next Story