ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കാൻ കൃഷി വകുപ്പ്; പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈകോർക്കുന്നു
ഛണ്ഡിഗഢിൽ വെച്ച് പഞ്ചാബ് ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി മൊഹീന്തർ ഭഗത്തുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മന്ത്രി പി.പ്രസാദ് ഇക്കാര്യം അറിയിച്ചത്

തിരുവനന്തപുരം: കേരളത്തിന്റെ പാരിസ്ഥിതിക മേഖലക്ക് അനുയോജ്യമായ ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഛണ്ഡിഗഢിൽ വെച്ച് പഞ്ചാബ് ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി മൊഹീന്തർ ഭഗത്തുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട മേഖലകളിൽ അടക്കം കേരളത്തിൽ വിവിധ ഇടങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് വരുന്നുണ്ട്. മികച്ച രോഗ പ്രതിരോധ ശേഷിയും അത്യുല്പാദന ശേഷിയും പരിസ്ഥിതിക മേഖലക്ക് അനുയോജ്യവുമായ വിത്തിനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള പദ്ധതികൾ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന വിഭാവനം ചെയ്യും. ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.
കേരളത്തിലെ ഉരുളക്കിഴങ്ങ് കൃഷിക്ക് കൂടുതൽ ദിശാബോധം സൃഷ്ടിക്കാൻ ഈ ചുവടുവെപ്പ് കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഞ്ചാബ് ഹൌസിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ പഞ്ചാബ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഡോ.ബസന്ത് ഗാർഗ് ഐഎഎസ്, ഹോർട്ടകൾച്ചർ വകുപ്പ് ഡയറക്ടർ ഷൈലേന്ദർ കൗർ, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.പി.രാജശേഖരൻ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് പഞ്ചാബിലെ വിവിധ കാർഷിക ഗവേഷണ കേന്ദ്രങ്ങളും കൃഷിയിടങ്ങളും സംഘം സന്ദർശിച്ചു.
Adjust Story Font
16

