Quantcast

രാജ്യത്തെ 15,000 ആശുപത്രികളിൽ ഇനി ക്യാഷ്​ലെസ് ട്രീറ്റ്മെന്റ് സൗകര്യം നൽകില്ല;പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെ എഎച്ച്പിഐ

വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾക്ക് അനുസൃതമായി ആശുപത്രി റീഇംബേഴ്‌സ്‌മെന്റ് നിരക്കുകൾ പരിഷ്‌കരിച്ചിട്ടില്ലെന്നും, വർഷങ്ങൾക്ക് മുമ്പ് സമ്മതിച്ച കരാറുകൾ പ്രകാരം താരിഫ് കുറയ്ക്കാൻ ആശുപത്രികളിൽ സമ്മർദ്ദം ചെലുത്തിയെന്നും ചൂണ്ടിക്കാട്ടി വിവിധ ആശുപത്രികൾ പരാതിയുമായി എത്തിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് എഎച്ച്പിഐ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-08-26 06:59:26.0

Published:

26 Aug 2025 10:53 AM IST

രാജ്യത്തെ 15,000 ആശുപത്രികളിൽ ഇനി ക്യാഷ്​ലെസ് ട്രീറ്റ്മെന്റ് സൗകര്യം  നൽകില്ല;പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെ എഎച്ച്പിഐ
X

ന്യൂഡൽഹി: ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി പോളിസി ഉടമകൾക്ക് സെപ്റ്റംബർ ഒന്നുമുതൽ പണരഹിത ചികിത്സാ സൗകര്യങ്ങൾ നൽകുന്നത് നിർത്തണമെന്ന് അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യ (AHPI) ഉത്തരേന്ത്യയിലെ അംഗങ്ങളോട് അഭ്യർഥിച്ചു.

ആശുപത്രി റിഇംബേഴ്‌സ്‌മെന്റ്‌നിരക്കുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ ബജാജ് അലയൻസിന്റെ പരാജയത്തെക്കുറിച്ച് എഎച്ച്പിഐക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ തീരുമാനം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസൃതമായ ഒരു പരിഹാരത്തിലെത്താൻ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നുമാണ് എഎച്ച്പിഐയുടെ തീരുമാനത്തോട് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി പ്രതികരിച്ചത്.

വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾക്ക് അനുസൃതമായി ബജാജ് അലയൻസ് ആശുപത്രി റീഇംബേഴ്‌സ്‌മെന്റ് നിരക്കുകൾ പരിഷ്‌കരിച്ചിട്ടില്ലെന്നും, വർഷങ്ങൾക്ക് മുമ്പ് സമ്മതിച്ച കരാറുകൾ പ്രകാരം താരിഫ് കുറയ്ക്കാൻ ആശുപത്രികളിൽ സമ്മർദ്ദം ചെലുത്തിയെന്നും ചൂണ്ടിക്കാട്ടി വിവിധ ആശുപത്രികൾ പരാതിയുമായി എത്തിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് എഎച്ച്പിഐ പറഞ്ഞു. രാജ്യത്തുടനീളമുള്ള ആശുപത്രികളെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഎച്ച്പിഐ. ഏകദേശം 15,200 ആശുപത്രികൾ ഈ സംഘടനയിൽ അംഗങ്ങളാണ്.

ബജാജ് ഇൻഷുറൻസ് കമ്പനിയുടെ ഏകപക്ഷീയമായി തീരുമാനിച്ച കിഴിവുകൾ, പണമടക്കുന്നതിലെ കാലതാമസം, ഇൻഷുറൻസ് അംഗീകാരങ്ങൾ നൽകുന്നതിനുള്ള കാലതാമസം തുടങ്ങിയവ ഉന്നയിച്ചാണ് ആശുപത്രികൾ ആശങ്ക പ്രകടിപ്പിച്ചതെന്ന് എഎച്ച്പിഐയുടെ പ്രസ്താവനയിൽ പറയുന്നു. ബജാജ് അലയൻസിന് നേരത്തെ കത്തെഴുതിയിരുന്നുവെന്നും എന്നാൽ കമ്പനി ഇതിന് മറുപടിയൊന്നും നൽകിയില്ലെന്നും എഎച്ച്പിഐ വ്യക്തമാക്കുന്നു.

മരുന്നുകൾ, ഉപഭോഗവസ്തുക്കൾ എന്നിവയുടെ വിലയിൽ വലിയ വർധനവാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളത്. മെഡിക്കൽ പണപ്പെരുപ്പം പ്രതിവർഷം ഏഴ് മുതൽ എട്ട് ശതമാനത്തോളം ഉയർന്നത് കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം അനിവാര്യമാണെന്ന് എഎച്ച്പിഐ ഡയറക്ടർ ജനറൽ ഗിർധർ ഗ്യാനി പറഞ്ഞു.

2025 ഓഗസ്റ്റ് 22ന് കെയർ ഹെൽത്ത് ഇൻഷുറൻസിനും സമാനമായ മുന്നറിയിപ്പ് നൽകിയതായി എഎച്ച്പിഐ അറിയിച്ചു. പ്രതികരണമില്ലെങ്കിൽ, അംഗങ്ങളായ ആശുപത്രികൾ കെയർ ഹെൽത്ത് ഇൻഷുറൻസ് ഗുണഭോക്താക്കൾക്കും പണരഹിത സേവനങ്ങൾ നിർത്താൻ നിർബന്ധിതരാകുമെന്നും സംഘടന അറിയിച്ചു.

TAGS :
Next Story