Quantcast

അന്തരിച്ചിട്ടും പുരട്ച്ചി തലൈവി തന്നെ ശരണം; ജയലളിതയുടെ എ.ഐ ശബ്ദസന്ദേശമിറക്കി വോട്ട് തേടി എ.ഐ.എ.ഡി.എം.കെ

എടപ്പാടി കെ പളനിസ്വാമി അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ഈ ശബ്ദ സന്ദേശം പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-02-24 14:24:15.0

Published:

24 Feb 2024 1:25 PM GMT

AIDMK releases Jayalalithas artificial intelligence (AI) voice message appealing for support
X

അന്തരിച്ചിട്ടും പാർട്ടിയുടെ മുൻ തലവയും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത തന്നെ എ.ഐ.എ.ഡി.എം.കെക്ക് ശരണം. 2024 ദേശീയ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാർട്ടി ജയലളിതയുടെ ജന്മദിനമായ ഇന്ന് പാർട്ടി മാനിഫെസ്‌റ്റോ പുറത്തിറക്കി. ഒപ്പം എ.ഐ.എ.ഡി.എം.കെയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്ന, ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സിലൂടെ (എ.ഐ) തയ്യാറാക്കിയ ജയലളിതയുടെ ശബ്ദ സന്ദേശവും പുറത്തിറക്കി. ഇ.പി.എസ് എന്നറിയപ്പെടുന്ന എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ഈ ശബ്ദ സന്ദേശം പുറത്തിറക്കിയത്. ജയലളിതക്ക് അവർ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

ശബ്ദ സന്ദേശത്തിലൂടെ പാർട്ടി അണികളെയാണ് ജയലളിത അഭിസംബോധന ചെയ്തത്. 'ഹലോ, ഞാൻ ജെ ജയലളിതയാണ് സംസാരിക്കുന്നത്. നിങ്ങളോട് സംസാരിക്കാൻ എനിക്ക് അവസരം നൽകിയ ഈ സാങ്കേതിക വിദ്യക്ക് ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നമ്മുടെ പാർട്ടി പല ഉയർച്ച താഴ്ചകൾ കണ്ടു കഴിഞ്ഞു. നാം അധികാരത്തിലിരുന്നപ്പോൾ സ്ത്രീകളും വിദ്യാർഥികളുമടക്കമുള്ളവർക്ക് നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കി. ഇപ്പോൾ ഒരുവശത്ത് നമ്മെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാറാണുള്ളത്, മറുവശത്തുള്ളത് അഴിമതി നിറഞ്ഞതും ഗുണമില്ലാത്തതുമായ സംസ്ഥാന സർക്കാറുമാണ്. എ.ഐ.എ.ഡി.എം.കെയുടെ 'ജനകീയ സർക്കാർ' വരുന്നത് ഉറപ്പാക്കണമെന്നാണ് ഞാൻ എന്റെ ജന്മദിനത്തിൽ ആവശ്യപ്പെടുന്നത്' എഐ വഴി തയ്യാറാക്കിയ ജയലളിതയുടെ ശബ്ദസന്ദേശത്തിൽ പറഞ്ഞു.

'നമ്മുടെ അണികൾ എന്റെ വഴിയിൽ ഉറച്ചുനിൽക്കണമെന്നും നമ്മുടെ സഹോദരൻ എടപ്പാടി കെ പളനസ്വാമിയുടെ കൈകൾക്ക് കരുത്ത് പകരണമെന്നും ഞാൻ ആവശ്യപ്പെടുന്നു, ഞങ്ങൾ ജനങ്ങളാലുള്ളവരാണ്, ജനങ്ങൾക്ക് വേണ്ടിയുള്ളവരാണ്' ശബ്ദസന്ദേശത്തിൽ പറഞ്ഞു.

2022ലാണ് ഇ.പി.എസ് പാർട്ടി തലവനായത്. ഒ. പന്നീർസെൽവം (ഒ.പി.എസ്) പുറത്താക്കപ്പെട്ടതോടെയാണ് ഇദ്ദേഹം പദവിയിലെത്തിയത്. ഇതോടെ പാർട്ടിയിലെ ഇരട്ടനേതൃത്വവും അവസാനിക്കുകയായിരുന്നു.

2023 സെപ്തംബറിലാണ് എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചത്. ചെന്നൈയിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മുതിർന്ന നേതാക്കളെ ബി.ജെ.പി സംസ്ഥാന നേതാക്കൾ നിരന്തരം അപമാനിച്ചെന്നാരോപിച്ചാണ് സുപ്രധാനമായ തീരുമാനം എ.ഐ.എ.ഡി.എം.കെ എടുത്തത്.

എ.ഐ.എ.ഡി.എം.കെ നേതാക്കളായ നേതാക്കളായ അണ്ണാ ദുരൈ, അണ്ണാമലൈ, ജയലളിത എന്നിവർക്കെതിരെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നടത്തിയ പരാമർശങ്ങളാണ് ഇത്തരത്തിലൊരു കടുത്ത നടപടിയിലേക്ക് എ.ഐ.എ.ഡി.എം.കെയെ എത്തിച്ചത്.

അണ്ണാമലൈയുടെ പരാമർശങ്ങളെ തുടർന്ന് എ.ഐ.എ.ഡി.എം.കെയുടെ സംസ്ഥാന നേതാക്കൾ ഡൽഹിയിലെത്തുകയും ബി.ജെ.പി നേതാക്കളായ ജെ.പി നഡ്ഡ, പിയൂഷ് ഗോയൽ എന്നിവരുമായി ചർച്ചനടത്തുകയും ചെയ്തിരുന്നു. ഇരു പാർട്ടികളും ഒന്നിച്ച തമിഴ്നാട്ടിൽ മുന്നോട്ട് പോകണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം എ.ഐ.ഡി.എം.കെ നേതൃത്വത്തോട് പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെ എ.ഐ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപാടി പളനി സ്വാമി പാർട്ടി ആസ്ഥാനത്ത് നേതാക്കളുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം വിളിച്ചു ചേർത്തത്. ഈ യോഗത്തിലാണ് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്.

AIDMK releases Jayalalitha's artificial intelligence (AI) voice message appealing for support

TAGS :

Next Story