Quantcast

ലഖിംപൂര്‍: പ്രതിഷേധം കനക്കുന്നതിനിടെ അജയ് മിശ്ര അമിത് ഷായെ കണ്ടു

ഞായറാഴ്ച വൈകീട്ടാണ് ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-10-06 09:25:32.0

Published:

6 Oct 2021 9:21 AM GMT

ലഖിംപൂര്‍: പ്രതിഷേധം കനക്കുന്നതിനിടെ അജയ് മിശ്ര അമിത് ഷായെ കണ്ടു
X

ലഖിംപൂരില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍. സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ യു.പി പൊലീസ് തയ്യാറായിട്ടില്ല.

സംഭവം നടക്കുമ്പോള്‍ താനോ മകനോ സ്ഥലത്തില്ലായിരുന്നു എന്നാണ് അജയ് മിശ്രയുടെ വാദം. അപകടമുണ്ടാക്കിയ വാഹനം ഞങ്ങളുടേതാണെന്ന് ആദ്യ ദിവസം തന്നെ സമ്മതിച്ചതാണ്. എന്നാല്‍ സംഭവസമയത്ത് മകന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് വരെ അവന്‍ മറ്റൊരു പരിപാടിയിലായിരുന്നു. അതിന്റെ ഫോട്ടോയും വീഡിയോയുമുണ്ട്. ഫോണ്‍ രേഖകളും ലൊക്കേഷനും എല്ലാം നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്-അജയ് മിശ്ര പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനിടെ കര്‍ഷക രോഷം പതച്ചുയരുന്നത് യു.പി സര്‍ക്കാറിന് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അജയ് മിശ്രയേയും മകനേയും അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് അജയ് മിശ്ര അമിത് ഷായെ കണ്ടത്.

ലഖിംപൂര്‍ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ സീതാപൂരില്‍ നിന്ന് യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഇന്ന് വിട്ടയച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് ലഖിംപൂര്‍ സന്ദര്‍ശിക്കും. മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘങ്ങള്‍ക്കാണ് ലഖിംപൂരിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

TAGS :

Next Story