Quantcast

ബി.ജെ.പിയുടെ ഹിന്ദി ദേശീയതയുടെ ജിഹ്വയായാണ് അജയ് ദേവ്ഗൺ പുലമ്പിക്കൊണ്ടിരിക്കുന്നത്- വിമർശവുമായി എച്ച്.ഡി കുമാരസ്വാമി

''കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി പോലെയുള്ള ഒരു ഭാഷയാണ് ഹിന്ദിയും. ഒരു വലിയ ജനവിഭാഗം സംസാരിക്കുന്നതുകൊണ്ട് ഹിന്ദി ദേശീയ ഭാഷയാകില്ല.''

MediaOne Logo

Web Desk

  • Updated:

    2022-04-28 09:40:34.0

Published:

28 April 2022 9:38 AM GMT

ബി.ജെ.പിയുടെ ഹിന്ദി ദേശീയതയുടെ ജിഹ്വയായാണ് അജയ് ദേവ്ഗൺ പുലമ്പിക്കൊണ്ടിരിക്കുന്നത്- വിമർശവുമായി എച്ച്.ഡി കുമാരസ്വാമി
X

ബംഗളൂരു: ഹിന്ദി ഭാഷാ വിവാദത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗണിനു മറുപടിയുമായി കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ(എസ്) നേതാവുമായ എച്ച്.ഡി കുമാരസ്വാമി. ഹിന്ദി ദേശീയ ഭാഷയല്ലെന്ന് കന്നഡ നടൻ കിച്ച സുദീപ് പറഞ്ഞതിൽ ഒരു തെറ്റുമില്ല. കൂടുതൽ പേർ സംസാരിക്കുന്നതു കൊണ്ട് ഹിന്ദി ദേശീയ ഭാഷയാകില്ല. ബി.ജെ.പിയുടെ ഹിന്ദി ദേശീയവാദത്തിന്റെ ജിഹ്വയായാണ് ദേവ്ഗൺ സംസാരിക്കുന്നതെന്നും കുമാരസ്വാമി വിമർശിച്ചു. നേരത്തെ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കിച്ച സുദീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് കിച്ച സുദീപ് പറയുന്നത് ശരിയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ തെറ്റ് കാണേണ്ട കാര്യമില്ല. നടൻ അജയ് ദേവ്ഗണിന്റേത് അമിതമായ സ്വഭാവമാണെന്നു മാത്രമല്ല, പരിഹാസ്യമായ പെരുമാറ്റമാണ് അദ്ദേഹം കാണിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി എന്നിവ പോലെയുള്ള ഒരു ഭാഷയാണ് ഹിന്ദിയും. ഇന്ത്യ പല ഭാഷകളുടെ പൂന്തോട്ടമാണ്. ബഹുസ്വര സംസ്‌കാരങ്ങളുടെ നാടാണിത്. അത് തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുത്-കുമാരസ്വാമി ട്വീറ്റ് ചെയ്തു.

''ഒരു വലിയ ജനവിഭാഗം ഹിന്ദി സംസാരിക്കുന്നതുകൊണ്ട് അത് ദേശീയ ഭാഷയാകില്ല. കശ്മീർ മുതൽ കന്യാകുമാരി വരെ ഒൻപതിൽ താഴെ സംസ്ഥാനങ്ങളിൽ ഹിന്ദി രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ ആണ്. അല്ലെങ്കിൽ അതുപോലുമല്ല. സാഹചര്യം അങ്ങനെയായിരിക്കെ അജയ് ദേവ്ഗണിന്റെ പ്രസ്താവനയിലെ വസ്തുതയെന്താണ്? ഡബ് ചെയ്യരുത് എന്നു പറയുന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?''

കേന്ദ്രത്തിലെ 'ഹിന്ദി' അധിഷ്ഠിത രാഷ്ട്രീയ പാർട്ടികൾ തുടക്കം മുതൽ പ്രാദേശിക ഭാഷകളെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കോൺഗ്രസ് പ്രാദേശിക ഭാഷകളെ അടിച്ചമർത്താൻ തുടങ്ങിയത് ഇപ്പോൾ ബി.ജെ.പിയും തുടരുകയാണ്. ഒരു രാഷ്ട്രം, ഒരു നികുതി, ഒരു ഭാഷ, ഒരു സർക്കാർ എന്ന ബി.ജെ.പിയുടെ ഹിന്ദി ദേശീയതയുടെ ജിഹ്വയായാണ് അജയ ദേവ്ഗൺ ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കന്നഡ സിനിമ ഹിന്ദി സിനിമാ വ്യവസായത്തെ മറികടക്കുന്നു മുന്നേറുകയാണെന്ന കാര്യം ദേവ്ഗൺ മനസിലാക്കണം. കന്നഡക്കാരുടെ പ്രോത്സാഹനം കാരണമാണ് ഹിന്ദി സിനിമ വളർന്നത്. തന്റെ ആദ്യ ചിത്രമായ 'ഫൂൽ ഔർ കാന്തേ' ഒരു വർഷം ബെംഗളൂരുവിൽ ഓടിയ കാര്യം ദേവ്ഗൺ മറക്കരുത്. ഒന്നാം സ്ഥാനക്കാരാകാനുള്ള ആസക്തി രാജ്യത്തെ വിഭജിക്കുകയാണ്. ബി.ജെ.പി വിതച്ച ഒരു വിത്ത് രാജ്യത്തെ വിഭജിക്കുന്ന പകർച്ചവ്യാധിയായി മാറിയിരിക്കുന്നു. ഇത് ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണെന്നും എച്ച്.ഡി കുമാരസ്വാമി കൂട്ടിച്ചേർത്തു.

ഹിന്ദി ദേശീയ ഭാഷയോ? എന്താണ് ദേവ്ഗൺ-കിച്ച സുദീപ് വിവാദം?

കന്നഡ താരം കിച്ച സുദീപിന്റെ ഹിന്ദിയുമായി ബന്ധപ്പെട്ട പോസ്റ്റാണ് പുതിയ വിവാദങ്ങളുടെ തുടക്കം. ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്നായിരുന്നു സുദീപിന്റെ അഭിപ്രായ പ്രകടനം. എന്നാൽ, ഇതിനോട് പരിഹാസസ്വരത്തിലായിരുന്നു അജയ് ദേവ്ഗണിന്റെ പ്രതികരണം.

'താങ്കൾ പറഞ്ഞത് പ്രകാരം ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ താങ്കളുടെ മാതൃഭാഷയിലുള്ള ചിത്രങ്ങൾ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ് ചെയ്യുന്നത്. ഹിന്ദി എല്ലായ്പ്പോഴും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും'-ഇങ്ങനെയായിരുന്നു ദേവ്ഗണിന്റെ മറുപടി. ഇതിനു പിന്നാലെ അജയ് ദേവഗണിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും 23 ഔദ്യോഗിക ഭാഷകളിലൊന്ന് മാത്രമാണെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്തുവന്നത്. ഇതോടെ അജയ് ദേവ്ഗണിന്റെ വിശദീകരണവും എത്തി.

'കിച്ച സുദീപ്, നിങ്ങൾ എന്റെ സുഹൃത്താണ്. തെറ്റിദ്ധാരണ നീക്കിയതിന് നന്ദി. ഞാൻ എപ്പോഴും സിനിമാ വ്യവസായത്തെ ഒന്നായിട്ടാണ് കരുതിയിരുന്നത്. ഞങ്ങൾ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു, എല്ലാവരും നമ്മുടെ ഭാഷയെയും ബഹുമാനിക്കണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, വിവർത്തനത്തിൽ എന്തെങ്കിലും വിട്ടുപോയതായിരിക്കാം' അജയ് ദേവ്ഗൺ കുറിച്ചു. എന്നാൽ, പഴയ ട്വീറ്റ് നീക്കം ചെയ്യാൻ അദ്ദേഹം തയാറായിട്ടില്ല.

കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉടലെടുത്തത്. കെ.ജി.എഫിന്റെ വൻവിജയത്തിന് പിന്നാലെ പാൻ ഇന്ത്യൻ ചിത്രം കന്നഡയിൽ നിർമ്മിച്ചുവെന്ന് അഭിപ്രായം പലരും പങ്കുവച്ചിരുന്നു ഇതിനുള്ള മറുപടി പോസ്റ്റിലാണ് കിച്ച സുദീപ് ഹിന്ദിക്കെതിരെ രംഗത്തെത്തിയത്.

''നിങ്ങൾ പാൻ ഇന്ത്യൻ ഫിലിം കന്നഡയിൽ നിർമ്മിച്ചുവെന്ന് പറഞ്ഞു. അതിൽ ചെറിയൊരു തിരുത്തൽ വരുത്താനുണ്ട്. ഹിന്ദി ഇനി മുതൽ ദേശീയ ഭാഷയല്ല. ബോളിവുഡ് പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ ബുദ്ധിമുട്ടുകയാണ്. തമിഴ്, തെലുങ്ക് സിനിമകൾ ഡബ് ചെയ്ത് വിജയമുണ്ടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ, അതും യാഥാർഥ്യമാവുന്നില്ല. ഇപ്പോൾ ഞങ്ങൾ നിർമ്മിക്കുന്ന സിനിമകൾ എല്ലായിടത്തും എത്തുന്നുണ്ട്. ആർ.ആർ.ആർ, കെ.ജി.എഫ് എന്നിവ ഇതിനുള്ള ഉദാഹരണമാണെണ്.'' കിച്ച സുദീപ് പറഞ്ഞു.

നേരത്തെ ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

Summary: Ajaya Devgan blabbered as a mouth piece of BJP's Hindi Nationalism of one nation, one tax, one language & one government, HD Kumaraswamy slams Ajay Devgn's statement about Hindi as national language

TAGS :

Next Story