ടോയ്‌ലെറ്റ് ക്ലീനിങ്, പാത്രങ്ങൾ കഴുകൽ, ഷൂ വൃത്തിയാക്കൽ; പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിനെതിരെ ശിക്ഷാനടപടികളുമായി 'സിഖ് കോടതി'
പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനു നൽകിയിരുന്ന 'ഫഖ്‌റേ ഖൗം' ബഹുമതി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്

ചണ്ഡിഗഢ്: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിനെതിരെ കൗതുകമുണർത്തുന്ന ശിക്ഷാനടപടിയുമായി സിഖ് പരമോന്നത മതസഭയായ 'അകാൽ തഖ്ത്'. അമൃത്സറിലെ സുവർണക്ഷേത്രത്തിലെ ശുചീകരണപ്രവൃത്തികൾ ഉൾപ്പെടെയുള്ള സന്നദ്ധ സേവനപ്രവർത്തനങ്ങൾ നടത്താനാണ് 'ഉത്തരവ്'. പഞ്ചാബ് മുൻ മുഖ്യമന്ത്രിയും സുഖ്ബീറിന്റെ പിതാവുമായ അന്തരിച്ച പ്രകാശ് സിങ് ബാദലിനെതിരെയും നടപടിയുണ്ട്. പഞ്ചാബ് സർക്കാരിന്റെ ഭാഗമായിരിക്കെ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ശിരോമണി അകാലിദൾ(സാദ്) നേതാക്കൾക്കെതിരെ സിഖ് സഭയുടെ ശിക്ഷാനടപടി.
'അകാൽ തഖ്തി'നു കീഴിൽ നിയമകാര്യ ചുമതല വഹിക്കുന്ന 'ജതേദാർ' ആയ ഗിയാനി രഘ്ബീർ സിങ് ആണ് വിചാരണാനടപടികൾക്കൊടുവിൽ ശിക്ഷാവിധി പുറപ്പെടുവിച്ചത്. പഞ്ചാബിൽ ശിരോമണി അകാലിദൾ സർക്കാർ 2007-2017 കാലയളവിൽ നടത്തിയ രാഷ്ട്രീയ തീരുമാനങ്ങളിലെ വീഴ്ചകളാണു വിചാരണയ്ക്കു വിധേയമായത്. വിവാദ ആൾദൈവവും 'ദേര സച്ചാ സൗദ' തലവനുമായ ഗുർമീത് റാം റഹീമിനെ 2007ലെ മതനിന്ദാ കേസിൽ കുറ്റവിമുക്തനാക്കിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് 'സിഖ് കോടതി' സുഖ്ബീറിനെതിരെ ചുമത്തിയിരുന്നത്. 2015ല്‍ സിഖ് വേദഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് നശിപ്പിച്ച കേസും വിചാരണയുടെ ഭാഗമായിരുന്നു.
അഞ്ച് സിഖ് പണ്ഡിതർ ഉൾപ്പെട്ട ബെഞ്ചാണു 'വിചാരണാ നടപടി'കൾക്കു നേതൃത്വം നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം വീൽചെയറില്‍ 'വിചാരണ'യ്ക്കായി എത്തിയ സുഖ്ബീർ സിങ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. അകാലിദൾ സർക്കാരിന്റെ ഭാഗമായ വേറെയും നേതാക്കളും സിഖ് കോടതിയില്‍ ഹാജരായി. നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്നു മാസങ്ങൾക്കുശേഷമാണ് ഇപ്പോള്‍ ശിക്ഷാവിധി വരുന്നത്.
സുഖ്ബീറിനെ ശിരോമണി അകാലിദൾ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാനും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഒരു സമിതിയെ നിയമിച്ച് ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്താനും നിർദേശമുണ്ട്. ഇതോടൊപ്പം, മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനു നൽകിയിരുന്ന 'ഫഖ്‌റേ ഖൗം'(സമുദായത്തിന്റെ അഭിമാനം) എന്ന ബഹുമതി പിൻവലിക്കുകയും ചെയ്തു.
സുവർണക്ഷേത്രത്തിൽ സാമൂഹികസേവന പ്രവർത്തനങ്ങൾ നടത്താനാണ് സുഖ്ബീറിനും മുൻ രാജ്യസഭാ അംഗമായ സുഖ്‌ദേവ് സിങ് ധിൻഡ്‌സ ഉൾപ്പെടെയുള്ള നേതാക്കൾക്കും നൽകിയ ശിക്ഷ. സന്നദ്ധ സേവകരുടെ 'സേവാദർ' യൂനിഫോം ധരിച്ച് രണ്ടു ദിവസം സുവർണക്ഷേത്രത്തിനു പുറത്ത് ഇരിക്കണം. ഒരു മണിക്കൂർ സുവർണക്ഷേത്രത്തിലെ കമ്യൂണിറ്റി കിച്ചണിൽ തീർഥാടകർ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുകയും ഇവരുടെ ഷൂ വൃത്തിയാക്കുകയും ചെയ്യണം. ഇതിനു പുറമെ ക്ഷേത്രത്തിലെ പൊതുടോയ്‌ലെറ്റ് ശുചീകരിക്കണം. രണ്ടു ദിവസം വീതം രണ്ട് സിഖ് 'തഖ്തു'കളിലും ദർബാർ സാഹിബ്, ഫത്തേപൂർ സാഹിബ് എന്നീ തീർഥാടനകേന്ദ്രങ്ങളിലും സേവനം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
സുഖ്ബീറിനും സുഖ്‌ദേവിനും പുറമെ സിച്ചാ സിങ് ലാംഘ, ഹിറാ സിങ് ഗബ്രിയ, ബൽവീന്ദർ സിങ് ബുന്ദർ ഉൾപ്പെടെ വേറെയും നേതാക്കൾക്കെതിരെ ശിക്ഷ വിധിച്ചിട്ടുണ്ട്. സുവർണക്ഷേത്രത്തിലെ ടോയ്‌ലെറ്റുകൾ വൃത്തിയാക്കലാണ് ഇവര്‍ക്കു നല്‍കിയ ശിക്ഷ. പുറമെ കമ്യൂണിറ്റി കിച്ചണിലെ പാത്രങ്ങൾ കഴുകുകയും വേണം.
2007 മുതൽ 2017 വരെ ശിരോമണി അകാലിദൾ മന്ത്രിസഭയുടെ ഭാഗമായിരുന്ന ജീവിച്ചിരിപ്പുള്ള മുഴുവൻ നേതാക്കളെയും വിചാരണയ്ക്കായി വിളിപ്പിച്ചിരുന്നു. ഈ കാലയളവിൽ പാർട്ടിയുടെ ഉന്നതതല നേതാക്കളും സിഖ് ഗുരുദ്വാരകളുടെ പരിപാലന ചുമതല വഹിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയുടെ 2015ലെ ആഭ്യന്തര കമ്മിറ്റി അംഗങ്ങളും 'സിഖ് കോടതി'ക്കു മുന്നിലെത്തി. കഴിഞ്ഞ ജൂലൈയിലായിരുന്നു വിചാരണാനടപടികൾ നടന്നത്. 'കോടതി'വിധിയോട് ആദരം പ്രകടിപ്പിച്ച് പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശിരോമണി അകാലിദള്‍ പ്രവർത്തക സമിതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Summary: Cleaning utensils, shoes, washrooms in Amritsar's Golden Temple over SAD rule 'mistakes': Akal Takht issues religious punishments to Sukhbir Singh Badal
Adjust Story Font
16